ഒക്ടോബര്‍ 2 ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹം : കെസിബിസി

കൊച്ചി: വിവിധ കാരണങ്ങളുടെ പേരില്‍ ഞായറാഴ്ചകളില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കി നിശ്ചയിക്കുന്ന സംഭവങ്ങള്‍ പതിവായിരിക്കുകയാണെന്നും ഇത് പ്രതിഷേധാർഹമാണെന്നും കെസിബിസി. കഴിഞ്ഞ ജൂണ്‍ മുപ്പത് ഞായറാഴ്ച കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രവൃത്തി ദിനമായി നിശ്ചയിക്കപ്പെടുകയുണ്ടായിരുന്നു. എല്ലാ വര്‍ഷവും ഓണത്തോട് അനുബന്ധിച്ച് രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളി മത്സരം ഇത്തവണ ഒരു ഞായറാഴ്ചയാണ് നടത്തുകയുണ്ടായത്. മാത്രമല്ല, വിവിധ മത്സര പരീക്ഷകള്‍ക്കും മറ്റ് പരിപാടികള്‍ക്കും ഞായറാഴ്ച്ച ദിവസങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്ന രീതിയും വര്‍ദ്ധിച്ചിരിക്കുകയാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി.

ഇത്തവണ ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് നിശ്ചയിച്ചിരിക്കുന്ന വിവിധ പരിപാടികള്‍ രണ്ടാം തിയ്യതി ഞായറാഴ്ച വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പ്രവൃത്തി ദിനമാക്കി മാറ്റിക്കൊണ്ട് നടത്താനും മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. ക്രൈസ്തവര്‍ വളരെ പ്രാധാന്യം കല്‍പ്പിക്കുകയും പ്രത്യേകമായി ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച്ച. അന്നേ ദിവസം ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരുന്ന മുന്‍കാലങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഞായറാഴ്ചകളില്‍ നിര്‍ബ്ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലിയാണ് വര്‍ദ്ധിച്ചു വരുന്നത്. ഇത്തരമൊരു പ്രവണതയോട് കേരള കത്തോലിക്കാ മെത്രാന്‍സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം, ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ ഒക്ടോബര്‍ ഒന്നോ, മൂന്നോ ഡേറ്റുകളിലായി പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി, ഫാ. ജേക്കബ് പാലക്കാപ്പിള്ളി പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group