സാധാരണക്കാരായ ജനങ്ങൾ അധിവസിക്കുന്ന പ്രദേശത്തിന്റെ അജപാലന ദൗത്യം ഏറ്റെടുക്കുമ്പോൾ റവ.ഡോ. തോമസ് ജെ. നെറ്റോയ്ക്ക് ഇതൊരു പ്രത്യേക നിയോഗമാണ്. ഭാവിയിലെ വെല്ലുവിളികൾ തെളിഞ്ഞു കാണുമ്പോഴും ഈ നിയോഗത്തിൽ ദൈവത്തിന്റെ പ്രത്യേക കരുതലിന്റെ അടയാളം കാണുകയാണ് നിയുക്ത ആർച്ച് ബിഷപ്.
തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആർച്ച്ബിഷപ്പായി ഡോ. തോമസ് ജെ. നെറ്റോ നാളെ കടലോര ഗ്രാമമായ ചെറുവെട്ടുകാടുവച്ച് അഭിഷിക്തനാകുമ്പോൾ തിരുവനന്തപുരം അതിരൂപതയുടെ ചരിത്രത്തിലെ നിർണായക മുഹൂർത്തമാണു പിറന്നു വീഴുന്നത്. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട അജപാലദൗത്യം പൂർത്തിയാക്കി ആർച്ച് ബിഷപ് ഡോ. സൂസ പാക്യം പിൻവാങ്ങുന്ന സ്ഥാനത്തേക്കാണ് ഡോ. തോമസ് ജെ. നെറ്റോ അവരോധിതനാകുന്നത്. ഡോ. സൂസ പാക്യം തെളിച്ചുതന്ന പാതയിലൂടെ കൂടുതൽ തീക്ഷ്ണതയോടെ മുന്നോട്ടുപോകുക എന്നതാണു തന്റെ നിയോഗമെന്ന് നിയുക്ത ആർച്ച്ബിഷപ് തിരിച്ചറിയുന്നു.
തീരദേശ ഗ്രാമമായ പുതിയതുറയിൽ മത്സ്യത്തൊഴിലാളി കുടുംബത്തിൽ പിറന്ന ഡോ. തോമസ് ജെ. നെറ്റോയ്ക്ക് മത്സ്യത്തൊഴിലാളികളുടെ കഷ്ടപ്പാടുകളും ദുരിതങ്ങളും നന്നായി അറിയാം. അതുകൊണ്ടുതന്നെ തീരദേശജനത നേരിടുന്ന വെല്ലുവിളികളും അവരുടെ പ്രതീക്ഷകളുമെല്ലാം നിയുക്ത മെത്രാന്റെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഇന്നും പിന്നോക്കാവസ്ഥയിൽ കഴിയുന്ന ജനവിഭാഗമാണ് മത്സ്യത്തൊഴിലാളികൾ. ഡോ. തോമസ് ജെ. നെറ്റോയുടെ ബാല്യകാലത്ത് തീരദേശത്തെ ഭൗതിക ജീവിത സാഹചര്യങ്ങൾ ഇപ്പോഴുള്ളതിനേക്കാൾ മോശമായിരുന്നു. ദാരിദ്ര്യവും അനിശ്ചിതത്വവുമെല്ലാം നിറഞ്ഞ ജീവിതസാഹചര്യം. അപ്പോഴും വിശ്വാസത്തിനും ആധ്യാത്മിക ജീവിതത്തിനും വലിയ പ്രാധാന്യം കൊടുത്തിരുന്ന ഈ ജനത സഭയോട് ഒത്തു ചേർന്നാണു പൊയ്ക്കൊണ്ടിരുന്നത്. വെല്ലു വിളികളെ ദൈവ കൃപയിൽ മറികടക്കാം എന്ന പാഠം പഠിച്ചത് ഈയൊരു പശ്ചാത്തലത്തിൽനിന്നാണ്.
തീരദേശത്താണു ജനിച്ചു വളർന്നതെങ്കിലും തോമസ് നെറ്റോയുടെ അയൽവാസികൾ താരതമ്യേന ഭേദപ്പെട്ട സാമ്പ ത്തിക സ്ഥിതിയുള്ളവരായിരുന്നു. മികച്ച വിദ്യാഭ്യാസം നേടിയിരുന്ന ഇവർ മറ്റു തൊഴിൽ മേഖലകളിലായിരുന്നു പ്രവർത്തിച്ചിരുന്നത്. തൊട്ടടുത്തു താമസിച്ചിരുന്ന തലതൊട്ടമ്മയായ സ്ത്രീയും മറ്റുള്ളവരും പാവപ്പെട്ടവരോട് ഏറെ കരുണയുള്ളവരായിരുന്നു. ഇതിന്റെ ആനുകൂല്യം അനുഭവിച്ചത് ബാലനായ തോമസ് ആയിരുന്നു. ഇവരുടെ കാരുണ്യമനോഭാവവും ഇവർ പുലർത്തിയിരുന്ന ജീവിതമൂല്യങ്ങളും ബാല്യകാലത്തു തോമസ് നെറ്റോയുടെ സ്വഭാവ രൂപീകരണത്തെയും സ്വാധീനിച്ചു.
മുപ്പത്തിരണ്ടു വർഷത്തെ പ്രവർത്തനത്തിലൂടെ ഡോ. സൂസ പാക്യം തിരുവനന്തപുരം അതിരൂപതയിൽ വിശ്വാസ ജീവിതത്തിന് ശക്തമായ അടിത്തറയിട്ടിട്ടുണ്ട്. ഇടവകതലം മുതലുള്ള വിവിധ ശുശ്രൂഷകളുടെയും അടിസ്ഥാന പ്രാർഥനാ സമൂഹങ്ങളുടെയും പ്രവർത്തനം വിശ്വാസ സമൂഹത്തെ നിരന്തരമായി നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രവർത്തനങ്ങളെ കൂടുതൽ ദൃഢപ്പെടുത്തുകയാണു ലക്ഷ്യം.
രൂപതയിലെ എല്ലാ ആളുകളും പ്രധാനപ്പെട്ടവർ എന്ന കാഴ്ചപ്പാടാണു പുതിയ ഇടയനുള്ളത്. അൽമായരും സന്യസ്തരും വൈദികരും എല്ലാം കൂട്ടായി പ്രവർത്തിക്കുന്ന സംവിധാനമാണ് ഒരുക്കേണ്ടത്. വൈദികരുടെ കൂട്ടായ്മയിലൂടെ അവരുടെ ശുശ്രൂഷ കൂടുതൽ മെച്ചമാക്കാം. സന്യസ്തരോടും അൽമായരോടും ചേർന്ന് ഇടവക ജീവിതത്തെ കൂടുതൽ മെച്ചപ്പെടുത്താം. എല്ലാവരെയും സഹകരിപ്പിച്ചും ഉള്ക്കൊള്ളിച്ചും സഭയുടെ പ്രേഷിതദൗത്യനിർവഹണം ത്വരിതപ്പെടുത്തുക എന്നതാണു ലക്ഷ്യം.
കുടുംബ യൂണിറ്റുകളെയും വിവിധ ശുശ്രൂഷകളെയും ഇടവക – ഫൊറോന തലത്തിൽ ബന്ധിപ്പിക്കുന്ന ദൃഢമായ സംവിധാനങ്ങൾ രൂപതയ്ക്കുണ്ട്. സംഘർഷമോ ഏറ്റുമുട്ടലോ അല്ല, മറിച്ച് ഇടവകയുടെ ഗുണത്തിനാണെങ്കിൽ പോലും എല്ലാവരെയും ബോധ്യപ്പെടുത്തി കാര്യങ്ങൾ നടപ്പിലാക്കുക എന്ന രീതിയാണ് ഇടവക ഭരണത്തിൽ ഡോ. തോമസ് നെറ്റോയുടേത്. ബോധ്യപ്പെടും വരെ കാത്തിരിക്കുക എന്നതാണു ശൈലി.
വർത്തമാന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്തു കൊണ്ട് വിശ്വാസസമൂഹത്തെ അർഥവത്തായ ഭാവിയിലേക്കു നയിക്കാനുള്ള നിയോഗമാണ് പുതിയ ഇടയനെ കാത്തിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group