ആറ് പള്ളികൾ കൈമാറാൻ യാക്കോബായ സഭയോട് സുപ്രീംകോടതി

ആറ് പള്ളികൾ കൈമാറാൻ യാക്കോബായ സഭയോട് സുപ്രീംകോടതി

d28

ന്യൂ ഡല്‍ഹി: എറണാകുളം, പാലക്കാട് ജില്ലകളിലായി തർക്കം നിലനില്‍ക്കുന്ന ആറു പള്ളികളുടെ ഭരണം ഓർത്തഡോക്‌സ് വിഭാഗത്തിനു കൈമാറിക്കൊണ്ട് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ യാക്കോബായ വിഭാഗത്തോട് സുപ്രീംകോടതി.

അല്ലാത്തപക്ഷം കോടതിയലക്ഷ്യനടപടി നേരിടേണ്ടിവരുമെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാൻ എന്നിവരുടെ ബെഞ്ച് യാക്കോബായ വിഭാഗത്തിന് മുന്നറിയിപ്പുനല്‍കി.

പള്ളിസമുച്ചയവും അതിനുകീഴിലെ സെമിത്തേരി, സ്‌കൂള്‍, ആശുപത്രി തുടങ്ങിയവയും എല്ലാ വിഭാഗക്കാർക്കും ഉപയോഗിക്കാമെന്ന് ഓർത്തഡോക്‌സ് സഭ എഴുതിനല്‍കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. 

മലങ്കരസഭയ്ക്കു കീഴിലെ പള്ളികള്‍ 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന 2017-ലെ വിധിയുടെ ലംഘനമാണ് യാക്കോബായ വിഭാഗം നടത്തുന്നതെന്ന് സുപ്രീംകോടതി വിലയിരുത്തി. പള്ളികള്‍ യാന്ത്രികമായി ഏറ്റെടുത്ത് കൈമാറുന്നത് ശാശ്വതപരിഹാരമാവില്ലെന്ന് സംസ്ഥാനസർക്കാർ അറിയിച്ചതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ സുപ്രധാനനീക്കം. 

തങ്ങള്‍ നടത്തുന്ന പള്ളിയിലേക്ക് മറുഭാഗത്തിന് നേരേ നടന്നുകയറിവരാനാവില്ലെന്ന് യാക്കോബായ വിഭാഗം വാദിച്ചതിനെ കോടതി എതിർത്തു. കോടതിയലക്ഷ്യം ചെയ്തുകൊണ്ടിരിക്കുന്ന നിങ്ങള്‍ക്ക് ഇത്തരം വാദങ്ങള്‍ നടത്താനാകുമോയെന്ന് ജസ്റ്റിസ് ഭുയാൻ ചോദിച്ചു. 1934-ലെ ഭരണഘടനപ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്ന് 2017-ല്‍ സുപ്രീംകോടതി വ്യക്തമാക്കിയതാണ്. ഇനി അതിന്റെ നടത്തിപ്പ് മാത്രമേ നോക്കുന്നുള്ളൂവെന്നും ബെഞ്ച് വ്യക്തമാക്കി. 

ആരാധനക്രമം 1934-ലെ ഭരണഘടനപ്രകാരമായിരിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കണമെന്നും അല്ലാത്തപക്ഷം മറുഭാഗം അവരുടെ പുരോഹിതർ ശുശ്രൂഷ നടത്തണമെന്ന് പറയുമെന്നും ഓർത്തഡോക്‌സ് പക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍, അക്കാര്യം 2017-ലെ വിധിയില്‍ വ്യക്തമാക്കിയതാണെന്ന് ബെഞ്ച് പറഞ്ഞു. 

പള്ളികള്‍ ഏറ്റെടുത്ത് കൈമാറുന്നതില്‍ വീഴ്ചവരുത്തിയതിന് ഉന്നത ഉദ്യോഗസ്ഥർക്കെതിരേ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികളുമായി ബന്ധപ്പെട്ട വിഷയമാണ് സുപ്രീംകോടതി പരിഗണിച്ചത്. നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ മുൻ ചീഫ് സെക്രട്ടറി വി. വേണു, ഡി.ജി.പി. ഷെയ്ഖ് ദർവേഷ് സാഹിബ്, എറണാകുളം ഐ.ജി. നീരജ് കുമാർ ഗുപ്ത തുടങ്ങിയവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹാജരാകുന്നതില്‍നിന്ന് ഇവർക്ക് നല്‍കിയ സംരക്ഷണം തുടരുമെന്ന് വ്യക്തമാക്കിയ കോടതി കേസ് ഡിസംബർ 17-ലേക്ക് മാറ്റി. 

കൈമാറേണ്ട പള്ളികള്‍

എറണാകുളം ജില്ലയിലെ ഓടക്കാലി സെയ്ന്റ് മേരീസ് പള്ളി, പുളിന്താനം സെയ്ന്റ് ജോണ്‍സ് ബെസ്ഫാഗെ പള്ളി, മഴുവന്നൂർ സെയ്ന്റ് തോമസ് പള്ളി, പാലക്കാട്ടെ മംഗലം ഡാം സെയ്ന്റ് മേരീസ് പള്ളി, എരിക്കിൻച്ചിറ സെയ്ന്റ് മേരീസ് പള്ളി, ചെറുകുന്നം സെയ്ന്റ് തോമസ് പള്ളി എന്നിവയുടെ ഭരണമാണ് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ ആവശ്യപ്പെട്ടത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....

????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m

 


Comment As:

Comment (0)