കൊച്ചി : അതിജീവനത്തിനായി കടലോരങ്ങളിലും മലയോരത്തും ജനങ്ങൾ നടത്തുന്ന പോരാട്ടങ്ങളെ ഭരണനേതൃത്വങ്ങൾ നിസാരവത്കരിച്ചു മുഖംതിരിഞ്ഞു നിൽക്കുന്നതും അടിച്ചമർത്താൻ ശ്രമിക്കുന്നതും ജനാധിപത്യ ധ്വംസനമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
വിഴിഞ്ഞത്ത് കടലോരജനത സമരമുഖം തുറന്നത് പിറന്ന മണ്ണിൽ ജീവിക്കാൻ വേണ്ടിയാണ്. കടലോര ജനതയുടെ പ്രക്ഷോഭത്തെ എതിർത്ത് തോൽപ്പിക്കുവാൻ നിരന്തരം മത്സരിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഒരുമിച്ചു കൂടുന്നതിന്റെ പിന്നാമ്പുറം കോർപറേറ്റ് സംരക്ഷണമാണെന്ന് വ്യക്തമാണ്.
തുറമുഖ നിർമാണത്തിന്റെ ഭാഗമായി നഷ്ടപരിഹാരം നൽകുവാൻ സർക്കാരിനെ ഏൽപ്പിച്ചുവെന്നു തുടർച്ചയായി ചർച്ച ചെയ്യപ്പെടുന്ന 475 കോടി രൂപ എവിടെപ്പോയെന്നു സർക്കാർ വ്യക്തമാക്കണം.
മത്സ്യത്തൊഴിലാളികൾ മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങൾക്കും വെറുംവാക്കും ഉത്തരവുകളുമല്ല നടപടികളാണ് വേണ്ടത്. ബഫർസോണ്‍, വന്യമൃഗശല്യം, കൃഷിഭൂമി കൈയേറി കാർബണ്‍ ഫണ്ടിനായുള്ള വനവത്കരണ പ്രക്രിയ എന്നിവയിലൂടെ വികസനം ഇല്ലാതാക്കി മലയോര ജനവാസം പ്രതിസന്ധിയിലായിരിക്കുമ്പോൾ വികസനമുയർത്തിക്കാട്ടി സാമ്പത്തിക നേട്ടത്തിനായി കടലോര മക്കളെ ബലിയാടാക്കുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളുടെ ഇരട്ടമുഖം പൊതുസമൂഹം തിരിച്ചറിയണമെന്നും ജീവിത പോരാട്ടത്തിൽ മലയോര കടലോര ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group