“കർത്താവിന്റെ ദൂതൻ ഷൂറിലേക്കുള്ള വഴിയിൽ ഒരു നീരുറവയുടെ അടുത്തുവച്ച് അവളെ കണ്ടെത്തി. ദൂതൻ അവളോടു ചോദിച്ചു; സാറായുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എങ്ങോട്ടുപോകുന്നു’’ (ഉല്പത്തി 16: 7-8).
വന്ധ്യയായ സാറാ ദാസിയായ ഹാഗാറിനെ വാടകഗർഭപാത്രമായി ഉപയോഗിച്ചതാണ്. താൻ ഗർഭിണിയായി എന്നറിഞ്ഞ ഹാഗാർ വന്ധ്യയും വൃദ്ധയുമായ സാറായെ അവജ്ഞയോടെ വീക്ഷിച്ചു. ക്രുദ്ധയായ സാറായി ഭർത്താവിന്റെ അനുവാദത്തോടെ അവളെ വീട്ടിൽനിന്ന് ഇറക്കിവിട്ടു.
യജമാനൻ അബ്രാഹത്തിന്റെ സന്തതിയെ ഗർഭത്തിൽ വഹിച്ചിരുന്ന ഹാഗാർ മരുഭൂമിയിൽ അലഞ്ഞു, എങ്ങോട്ടെന്നറിയാതെ നിന്ദിതയും നിരാശ നിറഞ്ഞവളുമായ അവളെ ഉത്കണ്ഠയും ഭയവും വേട്ടയാടി. നീരുറവയുടെ അരികിൽ തളർന്നിരുന്ന ഹാഗാറിന്റെ മുന്പിൽ പ്രത്യക്ഷപ്പെട്ട ദൂതന്റെ ചോദ്യം മരുഭൂമി അനുഭവത്തിന്റെ ഒരു പ്രത്യേകമാനം വ്യക്തമാക്കുന്നു.
ഹാഗാറിനെ ഗാഢമായൊരു ആത്മശോധനയ്ക്കു പ്രേരിപ്പിക്കുന്നതാണ് ചോദ്യവും പേരുവിളിച്ചു കൊണ്ടുള്ള തുടക്കവും. “സാറായിയുടെ ദാസിയായ ഹാഗാർ’’- സ്വത്വം വെളിപ്പെടുത്തുന്നതും നിർവഹിക്കുന്നതുമാണല്ലോ പേര്. താൻ ആരാണ് എന്ന അവബോധമാണ് മരുഭൂമിയനുഭവത്തിൽ നിന്ന് ആദ്യമുണ്ടാകുന്നത്. ഇവിടെ ഹാഗാർ ഒരു ദാസിയാണ്. എങ്ങനെ അവൾ ദാസിയായി, ആരാണവളെ ദാസിയാക്കിയത് എന്നൊന്നും വിശുദ്ധഗ്രന്ഥം പറയുന്നില്ല. ഇപ്പോൾ അവൾ ദാസിയാണ്. അത് തിരിച്ചറിയണം, അംഗീകരിക്കണം.
തുടർന്നുള്ള രണ്ടു ചോദ്യങ്ങളും അതിപ്രധാനം തന്നെ. നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു?. ആദ്യത്തെ ചോദ്യത്തിനുത്തരം അവൾക്കറിയാം. യജമാനത്തിയായ സാറായിൽനിന്ന് ഒളിച്ചോടിയതാണ്. എങ്ങോട്ട് എന്നറിയില്ല. ദൂതൻ അവൾക്കു നൽകുന്ന നിർദേശം-മടങ്ങിപ്പോവുക. ഗർഭിണിയായ അവൾക്കു സംരക്ഷണം ആവശ്യമാണ്. അത് അബ്രാഹത്തിന്റെ ഭവനത്തിൽ ലഭിക്കും.
ഹാഗാറിനോടു ദൂതൻ ചോദിച്ച ചോദ്യം ഇന്നു ഞാൻ എന്നോടുതന്നെ ചോദിക്കണം. നോന്പുകാലത്തിന്റെയും മരൂഭൂമിയനുഭവത്തിന്റെയും ഒരു ലക്ഷ്യമെന്താണെന്നു വ്യക്തവും സൂക്ഷ്മവുമായൊരു ആത്മശോധന. ആരാണ് ഞാൻ? എന്നെക്കുറിച്ച്, എന്റെ തനതാന്മകതയെക്കുറിച്ച്, സ്വത്വത്തെക്കുറിച്ച് വ്യക്തമായ അവബോധം എനിക്കുണ്ടാകണം. ആരെങ്കിലും തന്നതും ഇന്നു ഞാൻ അറിയപ്പെടുന്നതുമായ പേരിനപ്പുറത്ത്, ഞാൻ ആരെന്ന അന്വേഷണം ആവശ്യമാണ്. സ്വയം കണ്ടെത്തലിനു പ്രേരിപ്പിക്കുന്നതാണ് മരുഭൂമിയിലെ ഏകാന്തത.
അതോടൊപ്പം മറ്റു രണ്ടുചോദ്യങ്ങളും പ്രസക്തമാണ്. ആദ്യത്തെ ചോദ്യത്തിന് ഉത്തരം നൽകാൻ അവ സഹായിക്കും. എവിടെയാണ് എന്റെ തുടക്കം? എന്താണെന്റെ ലക്ഷ്യം? ഞാൻ അനാഥനല്ല, ലക്ഷ്യമറിയാതെ ജീവിത പാതയിൽ, തപ്പിത്തടയുന്ന നിഴലുമല്ല. ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട (ഉത്പത്തി 1:26), ദൈവത്തിന്റെ കൈകളിൽ സുരക്ഷിതനായ (ഏശ 43: 1-3;) (49: 15-16), ദൈവത്തിന് പ്രിയങ്കനായ മകനോ മകളോ ആണു ഞാൻ. ഈ ആത്മാവബോധം ശക്തിപ്പെടുത്താൻ നോമ്പ്കാലം സഹായകമാകണം.
കടപ്പാട് : ഫാ. മൈക്കിൾ കാരിമിറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group