അവൻ ദേവാലയത്തിൽ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാൻ തുടങ്ങി. നാണയമാറ്റക്കാരുടെ മേശയും പ്രാവു വില്പനക്കാരുടെ ഇരിപ്പിടങ്ങളും അവൻ തട്ടിമറിച്ചു… അവൻ അവരെ പഠിപ്പിച്ചു: എന്റെ ഭവനം എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങൾ അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിത്തീർത്തിരിക്കുന്നു”(മർക്കോ11,15-17).
ജറൂസലെമിലേക്ക് രാജകീയമായി പ്രവേശിച്ച യേശുവിന്റെ ആദ്യത്തെ പ്രവൃത്തിയായി സമാന്തര സുവിശേഷങ്ങൾ അവതരിപ്പിക്കുന്നതാണ് ദേവാലയ ശുദ്ധീകരണം. യോഹന്നാനും ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. അതു പരസ്യജീവിതത്തിന്റെ ആരംഭത്തിൽ ഒരു പെസഹാത്തിരുനാളിനോടനുബന്ധിച്ചാണ് (യോഹ 2,13-22).
സിനഗോഗ് എന്നപേരിൽ അറിയപ്പെടുന്ന അനേകം പ്രാർത്ഥനാലയങ്ങൾ യഹൂദർക്ക് ഉണ്ടായിരുന്നെങ്കിലും ബലിയർപ്പണം നടത്തുന്ന ദേവാലയം ജറൂസലെമിൽ മാത്രമായിരുന്നു. ദൈവത്തിന്റെ പാദപീഠവും ഭവനവുമായി കരുതിയിരുന്ന ജറൂസലേം ദേവാലയത്തിലേക്ക് തീർഥാടകരായി വരിക എല്ലാ യഹൂദരുടെയും വലിയൊരു ആഗ്രഹവും സ്വപ്നവുമായിരുന്നു. അവിടേക്കാണ് യേശു ചാട്ടവാറുമായി കടന്നുവന്നത്.
ഇതു വലിയ അനാചാരവും ദൈവദൂഷണവുമായേ യഹൂദ നേതൃത്വത്തിനു കാണാൻ കഴിയുമായിരുന്നുള്ളൂ. യേശുവിനെതിരേ അവരുടെ ശത്രുതാ മനോഭാവം വർധിക്കുന്നതിനും വധിക്കാൻ തീരുമാനിക്കുന്നതിനും ഇതു കാരണമായി. എന്താണ് ഇപ്രകാരം ഒരു പ്രവർത്തനത്തിന് യേശുവിനെ പ്രേരിപ്പിച്ചത്? എന്തു സന്ദേശമാണ് നമുക്ക് ഇതിൽനിന്നു ലഭിക്കുന്നത്?
ദേവാലയം യേശു തന്റെ പിതാവിന്റെ ഭവനമാണെന്നു പറയുന്നു. യേശുവിന്റെ ദൈവികതയിലേക്കുള്ള ഒരു സൂചന ഇതിൽ കാണാം. എല്ലാ ജനങ്ങൾക്കും പ്രാർത്ഥിക്കാനുള്ള ഇടമാണ് ദേവാലയം. അതിനെ കവർച്ചക്കാരുടെ ഗുഹയാക്കിത്തീർത്തിരിക്കുന്നു. ഇതാണ് മുഖ്യ ആരോപണം. ഇവിടെ നടന്ന വിലപേശലുകൾ ദേവാലയത്തെ ചന്തയാക്കി, കച്ചവടത്തിൽ നേടിയ കൊള്ളലാഭം അതിനെ കൊള്ളക്കാരുടെ താവളമാക്കി. ഇതാണ് യേശുവിന്റെ പ്രവൃത്തിയുടെ പശ്ചാത്തലം. ഇതിൽനിന്ന് സുപ്രധാനമായ ചില പാഠം നമുക്കു പഠിക്കാനുണ്ട്.
1. ദൈവാരാധനയ്ക്കും പ്രാർത്ഥനയ്ക്കുമായി പ്രത്യേകം മാറ്റിവച്ചിരിക്കുന്ന സ്ഥലമാണ് ദേവാലയം. അതിനെ കച്ചവടകേന്ദ്രമാക്കരുത്.
2. എല്ലാവർക്കും ദൈവികസാന്നിധ്യം അനുഭവിക്കാൻ സഹായിക്കുന്ന ഇടമായിരിക്കണം ദേവാലയം. മനുഷ്യരെ പല തട്ടുകളായി തിരിക്കുന്ന വേർതിരിവുകൾ അവിടെയുണ്ടാകരുത്. ദൈവവചനം മാംസം ധരിച്ച്, മനുഷ്യനായി നമ്മുടെ ഇടയിൽ വസിച്ചതോടെ യേശുവിന്റെ ശരീരമായി യഥാർത്ഥ ദൈവാലയം. “ഈ ആലയം നശിപ്പിക്കുവിൻ, മൂന്നു ദിവസത്തിനകം ഞാനതു പുനരുദ്ധരിക്കും”(യോഹ 2,20). മനുഷ്യനിർമിതമായ ആലയങ്ങൾ ദൈവത്തിന്റെ വാസസ്ഥലമല്ല, വിശ്വാസികൾക്ക് ഒരുമിച്ചു പ്രാർത്ഥിക്കാനും ദൈവസാന്നിധ്യം അനുഭവിക്കാനും സഹായിക്കുന്ന ഇടം മാത്രം. യഥാർത്ഥ ദൈവാലയം യേശുവാണ്.
3.ഉത്ഥിതനായ യേശു സ്ഥലകാലങ്ങൾക്ക് അതീതനാണ്. അതിനാൽ ദൈവികസാന്നിധ്യം തേടിയുള്ള പ്രയാണങ്ങൾ ഏതെങ്കിലും ഇടത്തിലേക്കല്ല യേശു വസിക്കുന്ന ഹൃദയത്തിലേക്കാണു നടത്തേണ്ടത്. ഹൃദയത്തിൽ വസിക്കുന്ന യേശുവിനെ കാണാതെ തീർഥാടന കേന്ദ്രങ്ങൾ തേടിയാൽ ദൈവിക സാന്നിധ്യം അനുഭവിക്കാൻ കഴിഞ്ഞെന്നു വരില്ല
4.മനുഷ്യശരീരം ദേവാലയമാണ് “നിങ്ങളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ആലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടേ?”(1 കോറി 6,19). ശരീരങ്ങളെ പവിത്രമായി സൂക്ഷിക്കണം. മനുഷ്യശരീരത്തെ അശുദ്ധമാക്കുന്ന പ്രവൃത്തികൾ ദേവാലയത്തെ അശുദ്ധമാക്കുന്നതിനു തുല്യമാണ്.
5.എല്ലാ മനുഷ്യരിലും പ്രത്യേകിച്ച് ദരിദ്രരും രോഗികളും പീഡിതരുമായ മനുഷ്യരിൽ ദൈവത്തെക്കണ്ട് ശുശ്രൂഷിക്കണം. മറിച്ചായാൽ അത് ദേവാലയം അശുദ്ധമാക്കുന്നതിനു തുല്യമായിരിക്കും
6,യേശുവിന്റെ ശരീരമായ സഭയും ദൈവത്തിന്റെ ആലയമാണ് (1 കോറി 12,27), ഓരോ വിശ്വാസിയും അതിലെ അവയവങ്ങളും. ജീവിക്കുന്ന ദേവാലയങ്ങളായ മനുഷ്യശരീരങ്ങളെ അവഗണിച്ച്, അതിമനോഹരമായ ദേവാലയങ്ങൾ പടുത്തുയർത്തുന്പോൾ യേശു ഉയർത്തിയ ചാട്ടവാറിന്റെ ശിൽക്കാരം കാതിൽ മുഴങ്ങണം. ഉണങ്ങിനിൽക്കുന്ന അത്തിമരത്തിന്റെ ചിത്രം മനസിൽ തെളിയണം. യഥാർത്ഥ ദേവാലയങ്ങളെ തിരിച്ചറിയാനും ആദരിക്കാനും അവിടെ യഥാർഥ ദൈവശുശ്രൂഷ നടത്താനും നാഥൻ തന്നെ ഉൾക്കണ്ണുകൾ തുറന്നുതരട്ടെ!
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group