വിഴിഞ്ഞത് ഇപ്പോൾ അരങ്ങേറുന്ന സംഭവവികാസങ്ങൾ
നേരത്തേ തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന്
വിഴിഞ്ഞം സമരസമിതി ജനറൽ കണ്‍വീനർ മോണ്‍. യൂജിൻ എച്ച്. പെരേര.
കേന്ദ്രസേനയെ വിളിക്കണമെന്ന അദാനിയുടെ ആവശ്യത്തെ സംസ്ഥാന സർക്കാർ പിന്തുണച്ചത് ഇതിനു തെളിവാണ്. ഒരുപാടു ബാഹ്യശക്തികൾ വിഴിഞ്ഞത്ത് അക്രമസംഭവത്തിനു തലേദിവസം തന്നെ ഇടപെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളി മേഖലയിൽ ഉണ്ടായ മുഴുവൻ അനിഷ്ട സംഭവങ്ങൾക്കും ഉത്തരവാദികൾ സംസ്ഥാന പോലീസ് ആണ്. വിഴിഞ്ഞത്തു പോലീസ് മുൻകൂട്ടി നിശ്ചയിച്ച തിരക്കഥ അനുസരിച്ച് മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.
വഴിയിലൂടെ നടന്നുപോയ രണ്ടു ചെറുപ്പക്കാരെ ഷാഡോ പോലീസുകാർ എന്നു പറഞ്ഞു പോലീസ് സ്റ്റേഷനിലേക്കു പിടിച്ചുകൊണ്ടു പോയതും ഇവരെ അന്വേഷിച്ചു പോയവരെക്കൂടി പോലീസ് ലോക്കപ്പിലാക്കിയതുമാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമായത്. ഇവരിൽ ഒരാൾ വാർഡ് കൗണ്‍സിലർ ആണെന്നു പിന്നീടാണു മനസിലായത്. തുടർന്ന് ഇയാളെ വിട്ടയച്ചു. ആളെ തിരിച്ചറിയാതെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു എന്ന് ഇതിൽ നിന്നു വ്യക്തമാണ്.
പോലീസ് പിടിച്ചുകൊണ്ടുപോയ ആൾ കുറ്റക്കാരനല്ലെന്നു താൻ പോലീസ് കമ്മീഷണറോടു പറഞ്ഞു. കേസ് എടുത്ത് ജാമ്യത്തിൽ വിട്ടയയ്ക്കാൻ ആവശ്യപ്പെട്ടു. ഇപ്പോൾ വിട്ടയയ്ക്കാം എന്നു പറഞ്ഞുകൊണ്ടിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പോലീസിന്റെമേൽ സമ്മർദ്ദമുണ്ടായി എന്നു വ്യക്തമായിരുന്നു. തനിക്കും ബിഷപ്പുമാർക്കുമെതിരേ 307-ാം വകുപ്പു പ്രകാരമാണു കേസെടുത്തത്.
മുഖ്യമന്ത്രിയും, തുറമുഖ, ഫിഷറീസ്, വിദ്യാഭ്യാസ വകുപ്പു മന്ത്രിമാരുമൊക്കെ മത്സ്യത്തൊഴിലാളികൾക്കു രാജ്യദ്രോഹി, തീവ്രവാദി തുടങ്ങിയ വിശേഷണങ്ങളാണു ചാർത്തിക്കൊടുത്തിരിക്കുന്നത്. മാനത്തു നോക്കിയാണോ രാജ്യദ്രോഹിയെ കണ്ടുപിടിക്കുന്നത്.
പാർശ്വവത്കരിക്കപ്പെട്ട ജനതയായ മത്സ്യത്തൊഴിലാളികൾ പെട്ടെന്നു പ്രതികരിക്കുന്നവരാണ്. അവരെ കേൾക്കാതെ വരുമ്പോഴുള്ള പ്രതികരണമാണുണ്ടായത്. അക്രമത്തെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ല.
ടിയർ ഗ്യാസ് ആദ്യം അടിക്കുന്നതു എന്റെ നേർക്കാണ്. തുടരെത്തുടരെ നൂറുകണക്കിനു ഷെല്ലുകളാണു പ്രയോഗിച്ചത്. പോലീസ് സ്റ്റേഷന്റെ ചുറ്റുപാടും കൽക്കൂനകളായിരുന്നു. ഷെൽവർഷത്തിനു ശേഷം സ്ത്രീകൾക്കും മുതിർന്ന പൗരന്മാർക്കും നേരേ പോലും ക്രൂരമായ ആക്രമണമാണ് പോലീസ് അഴിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group