ഡിജിറ്റല്‍ സര്‍വേ; കര്‍ഷകരുടെ ആശങ്ക വര്‍ദ്ധിക്കുന്നു

ഇടുക്കി: ഇടുക്കിയില്‍ നടക്കുന്ന ഡിജിറ്റല്‍ സര്‍വേയില്‍ പട്ടയം ഇല്ലാത്ത ഭൂമിയില്‍ കര്‍ഷകന്‍റെ പേര് രേഖപ്പെടുത്താത്തത് കര്‍ഷകരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്ന കര്‍ഷകരുടെ ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് രേഖപ്പെടുത്തുന്നതാണ് കര്‍ഷകരെ ആശങ്കപ്പെടുത്തുന്നത്.

തലമുറകളായി കൈവശം വച്ചും, കൃഷി ചെയ്തും, വീടുവെച്ച് താമസിച്ചും, അനുഭവിച്ചു വരുന്ന ഭൂമിയിലുള്ള തങ്ങളുടെ അവകാശം നഷ്ടമാകുമോ എന്നാണ് കര്‍ഷകര്‍ ഭയപ്പെടുന്നത്.

1977 ന് മുന്‍പ് കുടിയേറിയ മുഴുവന്‍ ഭൂമികളിലും ഫോറസ്റ്റ് – റവന്യൂ സംയുക്ത സര്‍വ്വേ നടത്തി പട്ടയങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതാണ് സര്‍ക്കാരുകള്‍ അംഗീകരിച്ച നിലപാടും. ഇതിനെ അടിസ്ഥാനമാക്കിയാണ് ജില്ലയില്‍ പട്ടയങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

ജനങ്ങളുടെ ആശങ്ക ബോധ്യപ്പെട്ട് ജില്ലാ കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ റിമാര്‍ക്സ് കോളത്തില്‍ കര്‍ഷകരുടെ പേരും, ഭൂമിയുടെ തരവും, കൃഷിയും വ്യക്തമായി രേഖപ്പെടുത്തണമെന്ന് തീരുമാനം ഉണ്ടായിട്ടുള്ളതാണ്. എന്നാല്‍ ഇതൊരു ഉത്തരവായി ഇറങ്ങാത്തതിനാല്‍ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുവാന്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ മടിക്കുകയാണ്.

വാത്തിക്കുടി, തോപ്രാംകുടി, ഇരട്ടയാര്‍ മേഖലകളില്‍ ദശാബ്ദങ്ങളായി കൈവശം വെച്ചിരിക്കുന്ന കാലാവധി കഴിഞ്ഞ കുത്തകപാട്ടഭൂമിയിലെ നാലാം തലമുറയിലെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ സര്‍വേയില്‍ തങ്ങളുടെ പേര്‍ രേഖപ്പെടുത്താത്തത് പട്ടയ നടപടികളെ പ്രതികൂലമായി ബാധിക്കുമോ എന്ന സംശയവും വര്‍ദ്ധിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group