ദൈവദാസന്‍ ഫോര്‍ത്തുനാത്തൂസ് തന്‍ഹോയ്‌സറിന്റെ നാമകരണ നടപടികളുടെ രൂപതാതല സമാപനം നാളെ

ദൈവദാസന്‍ ഫോര്‍ത്തുനാത്തൂസ് തന്‍ ഹോയ്‌സറിനെ വിശുദ്ധ പദവിലേക്ക് ഉയര്‍ത്തുന്ന നാമകരണ നടപടികളുടെ രൂപതാതല സമാപനം ജനുവരി 31-ാം തീയതി രാവിലെ 9 മണിക്ക് കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും. തുടര്‍ന്ന് പാസ്റ്ററല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ സമാപന നടപടികള്‍ പൂര്‍ത്തിയാകും. നാമകരണ നടപടികള്‍ക്ക് തുടക്കം കുറിച്ച, മുന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. പാസ്റ്ററല്‍ സെന്ററില്‍ നടത്തുന്ന ഔദ്യോഗിക സമാപന കര്‍മ്മം രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ പിതാവിന്റെ നേതൃത്വത്തില്‍ നടത്തപ്പെടും.

ജര്‍മ്മനിയിലെ ബെര്‍ലിനില്‍ 1918-ല്‍ ജനിച്ച ഫോര്‍ത്തുനാത്തൂസ്, ഹോസ്പിറ്റലര്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് 1936 ല്‍ വ്രതം ചെയ്ത് സമര്‍പ്പണ ജീവിതത്തിലേക്ക് പ്രവേശിച്ചു. ചങ്ങനാശ്ശേരി അതിരൂപതാദ്ധ്യക്ഷനായിരുന്ന ദൈവദാസന്‍ അഭിവന്ദ്യ മാര്‍ മാത്യു കാവുകാട്ട് പിതാവിന്റെ പ്രത്യേക ക്ഷണപ്രകാരം 1969 ല്‍ ആതുരശുശ്രൂഷ ഏറ്റവും ആവശ്യമായിരുന്ന ഹൈറേഞ്ചിലെ കട്ടപ്പനയില്‍ സേവനത്തിനായി എത്തി. ചെറിയ ഒരു ഡിസ്‌പെന്‍സറി സ്ഥാപിച്ച് മലയോര പ്രദേശത്തെ ആയിരക്കണക്കിന് കുടിയേറ്റ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും വലിയ ശുശ്രൂഷ ചെയ്തു. പാവപ്പെട്ടവര്‍ക്കും അശരണര്‍ക്കും ആശ്വാസം നല്‍കുവാന്‍ ഹോസ്പിറ്റലര്‍ ഓര്‍ഡര്‍ ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡിന്റെ ഭാരതത്തിലെ ആദ്യ ഭവനം കട്ടപ്പനയില്‍ സ്ഥാപിച്ചു. ഭവനരഹിതര്‍ക്ക് പാര്‍പ്പിടവും കുട്ടികള്‍ക്ക് പഠനസഹായവും രോഗികള്‍ക്ക് ചികിത്സാസഹായവും നല്‍കിയ ഫോര്‍ത്തുനാത്തൂസ് ബ്രദറിനെ ആളുകള്‍ ‘വല്ല്യച്ചന്‍’ എന്ന വിളിപ്പേരു നല്കി. രോഗീശുശ്രൂഷയ്ക്കായി ആരംഭത്തില്‍ സ്ഥാപിച്ച ചെറിയ ഡിസ്‌പെന്‍സറി, സെന്റ് ജോണ്‍സ് ഹോസ്പിറ്റലും നേഴ്‌സിംഗ് കോളേജും ഫാര്‍മസി കോളേജുമായി വികസിച്ച് ഇന്ന് ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക്് ആശ്വാസം നല്‍കുന്നു. ആതുരശ്രുശ്രൂഷ ആത്മാര്‍പ്പണത്തോടുകൂടി നടത്തുവാന്‍ 1977-ല്‍ ദൈവദാസന്‍ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് എന്ന സന്ന്യാസിനി സമൂഹത്തിനു തുടക്കം നല്‍കി.

2005 നവംബര്‍ 21-ാം തീയതി ബ്രദര്‍ ഫോര്‍ത്തൂനാത്തൂസ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. വൈസ് പോസ്റ്റുലേറ്റര്‍ ബ്രദര്‍ ഫ്രാന്‍സിസ് മണ്ണാപറമ്പിലിന്റെ അപേക്ഷപ്രകാരം 2014 നവംബര്‍ 22-ാം തീയതി കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍ വച്ച് ബ്രദര്‍ ഫോര്‍ത്തുനാത്തൂസിനെ ദൈവദാസനായി പ്രഖ്യാപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group