ദുരിതാശ്വാസ പ്രവർത്തങ്ങളിൽ ശ്രദ്ധേയമായി ഷംഷാബാദ് രൂപത

ഹൈദരാബാദ്: ഷംഷാബാദ് രൂപതയുടെ സോഷ്യൽ ആക്ഷൻ ഡിപ്പാർട്മെന്റിന്റെ  പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധേയമാകുന്നു. നിരവധിയായ സാമൂഹിക സേവനങ്ങളിലൂടെ ശ്രദ്ധേയമായിട്ടുള്ള ഷംഷാബാദ് രൂപത, കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സർവ്വതും നഷ്ട്ടപ്പെട്ട ജനങ്ങൾക്ക് റേഷൻ കിറ്റ് വിതരണവും മറ്റ് ദുരിതാശ്വാസ പ്രവർത്തങ്ങളും ചെയ്യുകയുണ്ടായി. കഴിഞ്ഞ മാസം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി പെയ്ത ശക്തമായ മഴയിലും വെള്ളപ്പെക്കത്തിലും നിരവധിയായ നാശനഷ്ടങ്ങൾ ഹൈദരാബാദിൽ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിക്കാൻ സാധിക്കാത്തതിൽ ശക്തമായ പ്രതിക്ഷേധം ഉണ്ടായിരുന്നു. ഷംഷാബാദ് രൂപതയുടെ സോഷ്യൽ ആക്ഷൻ ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച ദുരിതാശ്വാസ പ്രവർത്തങ്ങളുടെ ഭാഗമായി ഏകദേശം 800  ഓളം കുടുംബങ്ങളിൽ റേഷൻ കിറ്റും മറ്റ് ആവശ്യവസ്തുക്കളും വിതരണം ചെയ്തു.

 ഒക്ടോബർ 23 ആം തിയതി ‘സമരിറ്റൻ’ എന്ന് നാമകരണം ചെയ്ത ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ഹൈദരാബാദിലെ ബോവെൻപള്ളിയിലെ താരാ അനാഥ മന്ദിരത്തിൽ വെച്ചാണ് സംഘടിപ്പിച്ചത്. ഷംഷാബാദ് രൂപതയുടെ സോഷ്യൽ ആക്ഷൻ ഡിപ്പാർട്ട്മെന്റായ പ്രേംമാർഗും , യുവജന സംഘടനയായ എസ്.വൈ.എമ്മും (S.Y.M ) ആണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃതം നൽകിയത്.ഹൈദരാബാദ് കാത്തലിക് റിലീജിയസ് ഇൻസ്റ്റിസ്റ്റ്യൂഷൻസ്  (C.R.I ) , ഹൈദരാബാദ് ആക്ഷൻ എയ്ഡ്,പ്രേംമാർഗ് കുക്കട്ട്പ്പള്ളി യൂണിറ്റ് ,പ്രേം മാർഗ്ഗ്  വെങ്കിട്ടാപുരം യൂണിറ്റ്, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മുതലായ സംഘടനകളിൽ നിന്നും ലഭിച്ച സഹായ സഹകരങ്ങൾക്ക് പ്രേംമാർഗ് ഡയറക്ടർ ഫാ. ജിബി നെച്ചിമിയാലിൽ നന്ദി അറിയിച്ചിരുന്നു. കത്തീഡ്രൽ പള്ളി വികാരി ഫാ.ആന്റണി മുഞ്ഞനാട്ട് , CRI റെപ്രെസെന്റേറ്റീവ്   ഫാ.അമൽ ഡോൺ ബോസ്കോ, യുവജന സംഘടന റീജിണൽ ഡയറക്ടർ ഫാ. ബിറ്റോ കൊച്ചീറ്റത്തോട്ട്,പ്രേംമാർഗ് ഡയറക്ടർ ഫാ. ജിബി നെച്ചിമിയാലിൽ, എന്നിവരുടെ നേത്യത്വത്തിൽ യുവജനങ്ങളെ അണിനിരത്തിയായിരുന്നു പ്രവർത്തനങ്ങൾ നടത്തിയത്.  


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group