തികച്ചും അപക്വവും അപലപനീയവുമായ പ്രസ്താവന നടത്തുക വഴി വി.ടി. ബൽറാം മതേതര കേരള സമൂഹത്തിനുതന്നെ അപമാനമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
മതേതര പ്രസ്ഥാനം എന്നു നാഴികയ്ക്ക് നാൽപ്പതു തവണ വിളിച്ചു പറയുന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി നേതാവായ വി.ടി. ബൽറാമിന്റെ ക്രൈസ്തവ വിരുദ്ധ നിലപാടുകൾ അംഗീകരിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. ഇത്തരക്കാർക്കു താക്കീത് നൽകുവാനും അവരെ തിരുത്താനുമുള്ള ആർജവം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കാണിക്കണമെന്ന് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
കുറച്ചു നാളുകളായി ലോകമെമ്പാടും, പ്രത്യേകിച്ച് കേരളത്തിലും ശക്തിപ്പെട്ടു വരുന്നു എന്നു പൊതുസമൂഹം തിരിച്ചറിയുകയും ആഴത്തിൽ വിലയിരുത്തുന്നതുമായ ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ഒരു രൂപതാധ്യക്ഷൻ തന്റെ വിശ്വാസ സമൂഹത്തിന് നൽകിയ മുന്നറിയിപ്പിനെ തെറ്റായി വ്യാഖ്യാനിക്കാൻ ശ്രമം നടത്തിയ കേരളത്തിലെ ചില തീവ്ര സംഘടനകളെയും അവരെ പിന്തുണയ്ക്കുന്ന ചില രാഷ്ട്രീയക്കാരെയും വെള്ളപൂശാൻ ബോധപൂർവം നടത്തുന്ന ശ്രമം തികച്ചും അപഹാസ്യമാണ്. ഇത്തരം അപക്വമായ പ്രസ്താവനകൾ നടത്തുന്നതിനു മുമ്പ് കേരളത്തിൽ ഇതര മതവിദ്വേഷം മൈക്ക് കെട്ടി പ്രസംഗിച്ചത് ഏത് മതവിഭാഗത്തിലെ പണ്ഡിതരാണെന്ന് വി.ടി. ബൽറാം വിലയിരുത്തുന്നത് നല്ലതാണ്.
ലവ് ജിഹാദ് ഒരു യാഥാർഥ്യമാണെന്നറിഞ്ഞിട്ടും അതിനെ നിസാരവൽകരിക്കാനും ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകളെ അവഗണിക്കാനും കാണിക്കുന്ന ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വ്യഗ്രത ആശങ്കാജനകമാണ്.
സഹിഷ്ണുതയുള്ള സമൂഹമാണെന്നു കരുതി, എന്തിനും ഏതിനും ബിഷപ്പുമാർക്കെതിരേയും ക്രൈസ്തവ സമുദായത്തിനെതിരേയും എന്തും പറയാം എന്നു ബൽറാമിനെപ്പോലുള്ളവർ വിചാരിക്കേണ്ട. നൂറുകണക്കിന് ക്രിസ്ത്യാനികൾ ഇസ് ലാമിക തീവ്രവാദ സംഘടനകളാൽ കൊല്ലപ്പെട്ടാലും അതാരും കാണില്ല. ക്രിസ്ത്യാനിയെ രണ്ടു പറഞ്ഞാലാണു മതേതരത്വം എന്നു വിശ്വസിക്കുന്ന ബൽറാമിനെപ്പോലുള്ളവരെ നിലയ്ക്ക് നിർത്താൻ കോൺഗ്രസ് നേതൃത്വം തയാറാവണം.
ബൽറാം വിവാദ പോസ്റ്റ് പിൻവലിക്കണം. നാണംകെട്ട പ്രീണന രാഷ്ട്രീയത്തിന്റെ ചുവട് പിടിച്ചാലെ രക്ഷയുള്ളു എന്നു വിചാരിക്കുന്നവരാണ് മതവിദ്വേഷം ഉണ്ടാക്കുന്നത്. ഇതുതന്നെയാണോ കോൺഗ്രസ് നിലപാട് എന്നും വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group