“കോർപ്പുസ് ക്രിസ്റ്റി തിരുനാളിനു പിന്നിലെ ദിവ്യകാരുണ്യ അത്ഭുതത്തെ കുറിച്ചറിയാം..

കത്തോലിക്കാ സഭയിൽ ‘കോർപ്പുസ് ക്രിസ്റ്റി’ തിരുനാൾ ആഘോഷിക്കുന്നതിന് കാരണമായത് ഇറ്റലിയിൽ നടന്ന ഒരു ദിവ്യകാരുണ്യ അത്ഭുതമാണ്.

പതിമൂന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, പ്രാഗിൽ നിന്നുള്ള വൈദികൻ ഫാ. പീറ്റർ പരിശുദ്ധ കുർബാനയിൽ ക്രിസ്തുവിന്റെ സാന്നിധ്യത്തെ സംശയിച്ചു. തന്റെ വിശ്വാസം പുനഃസ്ഥാപിക്കാൻ വേണ്ട കൃപക്കായി അദ്ദേഹം റോമിലേക്ക് ഒരു തീർത്ഥാടനം നടത്തി. വി.പത്രോസിന്റെ കബറിടത്തിൽ പ്രാർത്ഥിക്കുകയായിരുന്നു ലക്ഷ്യം. തീർത്ഥാടനത്തിനു ശേഷം മടങ്ങിയെത്തിയ അദ്ദേഹം വി.ക്രിസ്റ്റീനയുടെ കല്ലറയിൽ പരിശുദ്ധ കുർബാന അർപ്പിക്കാനായി ബോൾസെനയിലേക്കു പോയി. എന്നാൽ വിശുദ്ധ കുർബാന മധ്യേ തിരുവോസ്തിയിൽ നിന്ന് രക്തം ഒഴുകാൻ തുടങ്ങി. ബോൾസെനക്കടുത്തുള്ള ഒർവീറ്റോയിൽ അന്നത്തെ മാർപാപ്പയായിരുന്ന ഉർബൻ നാലാമൻ പാപ്പാ ഉണ്ടായിരുന്നു. തിരുവോസ്തിയിൽ നിന്ന് രക്തമൊഴുകിയ വാർത്തയറിഞ്ഞ പാപ്പാ വേഗം തന്നെ ആ തിരുവോസ്തി തന്റെ അടുക്കലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടു. പ്രദക്ഷിണമായി അവർ അത് പാപ്പായുടെ അടുത്തെത്തിച്ചു. ദിവ്യകാരുണ്യ അത്ഭുതം നേരിട്ട് കണ്ട പാപ്പാ, തിരുവോസ്തിയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് ദിവ്യകാരുണ്യ നാഥനെ ആരാധിച്ചു. തുടർന്ന് ആ തിരുവോസ്തി വിശ്വാസികൾക്കു മുന്നിൽ പ്രദർശിപ്പിച്ചു. ഈ തിരുവോസ്തി ഇന്നും ഒർവീറ്റോ കത്തീഡ്രലിൽ സൂക്ഷിച്ചിട്ടുണ്ട്.ഈ ദിവ്യകാരുണ്യ അത്ഭുതമാണ് പരിശുദ്ധ കുർബാനയുടെ തിരുനാൾ സ്ഥാപിക്കാൻ ഉർബൻ നാലാമൻ പാപ്പായെ പ്രേരിപ്പിച്ചത്. അങ്ങനെ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ കഴിഞ്ഞു വരുന്ന വ്യാഴാഴ്ച പരിശുദ്ധ കുർബാനയുടെ തിരുനാളായി ആഗോള കത്തോലിക്കാ സഭയിൽ ആചരിക്കുന്നു. “കോർപ്പുസ് ക്രിസ്റ്റി” എന്നാണ് ഈ തിരുനാൾ അറിയപ്പെടുന്നത്. ഈ തിരുനാൾ ദിനത്തിൽ ഒർവീറ്റോ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്ന തിരുവോസ്തി പ്രദക്ഷിണമായി കൊണ്ടുവരികയും അന്നത്തെ തിരുനാൾ കുർബാനയിൽ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group