ജപമാല ചൊല്ലുവാൻ പലർക്കും ആഗ്രഹമുണ്ട്; എന്നാൽ സാധിക്കാറില്ല അങ്ങനെ ഉള്ളവരാണോ നിങ്ങൾ..
എങ്കിൽ വിഷമിക്കേണ്ട. അനുദിന ജപമാലയെ സഹായിക്കുന്ന ചില പോംവഴികൾ ഇതാ ഇവിടെ കുറിക്കുന്നു …
രാവിലെ മുതൽ ജപമാല ചൊല്ലുവാൻ ആരംഭിക്കുക. ഇടയ്ക്ക് ജോലിത്തിരക്ക് കാരണം ചൊല്ലുവാൻ സാധിക്കുന്നില്ലെങ്കിലും സാരമില്ല. സമയം കിട്ടുമ്പോൾ തുടരുക. വലിയ ജപമാല ഭക്തർ ഒക്കെ ഇങ്ങനെ ആരംഭിച്ചവരാണ്. മാത്രമല്ല, തുടക്കത്തിൽ ഒരു ജപമാല പോലും ഒരു ദിവസം കൊണ്ട് പൂർത്തീകരിക്കാൻ സാധിക്കാത്തവരും ആണ്.എന്നാൽ പതുക്കെ പതുക്കെ നിങ്ങൾ മുന്നേറും തീർച്ച.
ആദ്യമായി ചെയ്യേണ്ടത് ഒരു ജപമാല കയ്യിൽ കരുതുക എന്നതാണ്. ഒരു ജപമാല പോക്കറ്റിലോ പേഴ്സിലോ വയ്ക്കുക. അല്ലെങ്കിൽ കഴുത്തിലിടുക.എപ്പോഴാണോ സമയം കിട്ടുന്നത് അപ്പോൾ ചൊല്ലുക.
ജപമാല ഭക്തിയിൽ വളരാനുള്ള മറ്റൊരു കാര്യമാണ് രഹസ്യങ്ങൾ ധ്യാനിച്ചു ചൊല്ലുക എന്നത്. മറിയത്തിന്റേയും യേശുവിന്റെയും ജീവിതത്തിലെ സംഭവങ്ങളുടെ യോഗ്യതകളാൽ നിങ്ങളുടെ ജപമാല ഭക്തിയും തീക്ഷ്ണതയും ദൈവം ഉയർത്തും എന്നത് തീർച്ചയാണ്.
അടുത്ത മാർഗമാണ് വിശുദ്ധ വസ്തുക്കൾ സ്ഥാപിക്കുക എന്നത്. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്തോ ഭവനത്തിലോ മാതാവിന്റെ ചെറുരൂപങ്ങളോ ഫോട്ടോകളോ സ്റ്റിക്കറുകളോ വയ്ക്കുക. നിങ്ങളുടെ നോട്ടം അവയിൽ പതിയുമ്പോൾ ജപമാല ചൊല്ലുവാൻ ഉള്ള പ്രേരണ അവ നിങ്ങൾക്ക് നൽകും.
സ്ഥിരമായി ചില പ്രത്യേക സമയം വെറുതെയിരിക്കുവാൻ കിട്ടുന്നുണ്ടോ? ഈ സമയം ജപമാലയ്ക്കായി മാറ്റിവയ്ക്കാം. അങ്ങനെ ആ സമയം നിങ്ങളുടെ ജപമാല ചൊല്ലുന്ന സമയം ആയി മാറുകയും ജപമാല ചൊല്ലൽ നിങ്ങളുടെ ദൈനംദിന പ്രവർത്തിയുടെ ഭാഗമാകുകയും ചെയ്യും.
പക്ഷേ, ഒരു കാര്യം മറക്കരുത്. യാന്ത്രികമായി ഒരിക്കലും ജപമാല ചൊല്ലരുത്. പരിശുദ്ധ അമ്മയെ സ്നേഹിക്കുക. സ്നേഹോപഹാരം ആയി അമ്മയ്ക്ക് ജപമാലയർപ്പിക്കുക. അമ്മയോടുള്ള സ്നേഹത്തെപ്രതി, ആത്മാക്കളുടെ രക്ഷയ്ക്കും പാപികളുടെ മാനസാന്തരത്തിനും ലോക സമാധാനത്തിനും തിരുസ്സഭയ്ക്കും വേണ്ടിയാണ് ഞാൻ ജപമാല ചൊല്ലുന്നത് എന്ന് സ്വയം ബോധ്യപ്പെടുക. മാതാവിനോടുള്ള ഈ സ്നേഹം മാത്രം മതി നിങ്ങളുടെ ജപമാലഭക്തി വളരാൻ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group