മയക്കുമരുന്ന് – ആയുധ കടത്ത്: കേരളം വലിയ അപകടത്തിലേയ്ക്കോ?‌

25, മാർച്ച് 2021: ഭാരതത്തിൻറെ സമുദ്രാതിർത്തിയിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ചേർന്ന് രവിഹാൻസി എന്ന ചരക്ക് കപ്പൽ പിടികൂടി. നർക്കോട്ടിക്ക് ബ്യൂറോയുടെ ചെന്നൈ സോണൽ യൂണിറ്റ്, കപ്പൽ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം തുറമുഖത്തടുപ്പിച്ച് പരിശോധന നടത്തി. 320.323 കിലോഗ്രാം ഹെറോയ്നും അഞ്ച് എ.കെ 47 തോക്കുകളും 1000 റൗണ്ട് വെടിയുതിർക്കാവുന്ന 9 എംഎം തിരകളും കപ്പലിൽ നിന്ന് കണ്ടെത്തി. കപ്പൽജോലിക്കാരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരമനുസരിച്ച് കേരളത്തിലും, കർണ്ണാടകയിലും, തമിഴ്നാട്ടിലും റെയ്ഡുകളും അറസ്റ്റുകളുമുണ്ടായി. ഇന്ത്യയിൽ പൊതുവെ വൻവിപത്തായി മാറിക്കഴിഞ്ഞിരിക്കുന്ന നർക്കോട്ടിക്സും ഭീകരവാദവും ചേർന്നുള്ള പുതിയ കൂട്ടുകെട്ടിൽനിന്ന് സ്വാഭാവികമായും രൂപപ്പെടാവുന്ന പുതിയ ഭീഷണിയായ ആയുധക്കടത്ത് കേരളത്തിലും വേരുപിടിക്കാനുള്ള സാധ്യതകളിലേക്കാണ് എൻ ഐ എ റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ കാത്തിരിക്കുന്ന ഭീകരമായൊരു പതനത്തിന്റെ സൂചനകളും മുന്നറിയിപ്പുമാണ് ഈ ലേഖനം.

കേരളത്തിൽ ആയുധ ഇടപാടുകളിലേക്ക് വിരൽ ചൂണ്ടുന്ന സംഭവങ്ങൾ

രവിഹാൻസി എന്ന കപ്പലും 2021 മാർച്ച് 25 ന് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവവും മാത്രമല്ല കേരളവുമായി ബന്ധപ്പെട്ട ആയുധങ്ങളുടെ ഇടപാടുകളിലേക്ക് വിരൽ ചൂണ്ടുന്നത്. മറ്റു ചില സംഭവങ്ങളും കേസുകളും ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നുണ്ട്.

– ആംസ് ആക്ട് പ്രകാരം (THE ARMS ACT, 1959) കേരളത്തിൽ 2023ൽ മാത്രം 119 കേസുകൾ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2022 ൽ 122 ഉം 2021 ൽ 121 കേസുകളുമാണുള്ളത്.
– 2018 ഡിസംബർ മാസത്തിൽ രവി പൂജാരി എന്ന അധോലോക നേതാവിൻറെ രണ്ട് വാടകക്കൊലയാളികൾ കൊച്ചി പനമ്പിള്ളി നഗറിൽ ലീന മരിയ പോളിന് നേരെ വെടിയുതിർത്തു.
– 2019 മെയ് മാസത്തിൽ മയക്കുമരുന്നും ആയുധങ്ങളുമായി കാറിൽ സഞ്ചരിക്കുകയായിരുന്ന എറണാകുളം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
– നവംബർ 2020, ഒക്കൽ സ്വദേശി ആദിൽ ഷായ്ക്ക് നേരെ അഞ്ചംഗ സംഘം പിസ്റ്റളിൽ നിന്ന് വെടിയുതിർക്കുന്നു.
– 2021 ജൂലൈ 30 ന് കോതമംഗലത്ത് ഡെൻറൽ വിദ്യാർത്ഥിനിയെ രാഖിൽ എന്ന യുവാവ് വെടിയുതിർത്ത് കൊല ചെയ്യുന്നു. ആയുധം വന്നത് ബീഹാറിൽ നിന്നായിരിക്കണം എന്ന അനുമാനം.
– ഒക്ടോബർ 2022 രാജൻ പോൾ എന്ന വ്യക്തി മരട് ബാറിൽ വെച്ച് ജീവനക്കാർക്ക് നേരെ വെടിയുതിർക്കുന്നു.
– 2023 നവംബർ മട്ടാഞ്ചേരിയിൽ ഒരു യുവാവിന് വാക്കു തർക്കത്തിനൊടുവിൽ വെടിയേൽക്കുന്നു.
– 2023 ജൂൺ മാസത്തിൽ കേരളത്തിലേക്ക് പിസ്റ്റളുകളും മറ്റ് വെടിക്കോപ്പുകളുമായി വരുമ്പോൾ ടിപി ചന്ദ്രശേഖരൻ കേസിലെ ഒരു പ്രതിയെ ബാംഗ്ലൂർ പോലീസ് അറസ്റ്റ് ചെയ്യുന്നു.
– 2023 ജൂലൈ മാസത്തിൽ എൻ ഐ എ മഞ്ചേരിയിലും മറ്റു പലയിടങ്ങളിലുമുള്ള വ്യാപകമായ റെയ്ഡിൽ പിഎഫ്ഐ ആയുധ പരിശീലന കേന്ദ്രങ്ങളും ട്രെയിനിങ് സെൻററുകളും ആയുധങ്ങളും കണ്ടെത്തുന്നു.

വർഷംതോറും കേരളത്തിലെ ആയുധഇടപാടുകളിൽ ആനുപാതികമായ വളർച്ച ഉണ്ടാകുന്നുണ്ടെന്ന് ഈ കണക്കുകളും സംഭവങ്ങളും വ്യക്തമാക്കുന്നുണ്ട്.

ആയുധ വ്യാപാര സാധ്യതകൾ

1. ഭൂമിശാസ്ത്രപരമായ കാരണങ്ങൾ

590 മീറ്ററോളം നീളുന്ന സമുദ്രാതിർത്തി കേരളത്തിൻറെ പ്രത്യേകതയാണ്. ആഗോളതലത്തിൽത്തന്നെ മയക്കുമരുന്നിൻറെ പ്രധാന ഉത്പാദന വിപണന കേന്ദ്രങ്ങളായ ഗോൾഡൻ ക്രസൻറിൽ നിന്നും (അഫ്ഗാനിസ്ഥാൻ, ഇറാൻ, പാകിസ്ഥാൻ) ഗോൾഡൻ ട്രയാങ്കിളിൽ നിന്നും(മ്യാന്മാർ, ലാഓസ്, തായ്ലാൻഡ്) ഉള്ള മയക്കുമരുന്ന് ഉത്പന്നങ്ങളുടെ പ്രധാന ട്രാൻസിറ്റ് പോയിൻറ് അറേബ്യൻ സമുദ്രമാണ്. കേരളത്തിലേക്കുള്ള ദേശീയ പാതകളും മറ്റ് വഴികളും ആയുധക്കടത്തലിന് സഹായകമാകുന്നുണ്ട്.

2. വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപഭോഗം

2020 നവംബർ മാസത്തിൽ പ്രസിദ്ധീകരിച്ച കെസിബിസി ജാഗ്രത ന്യൂസിലാണ് നർക്കോട്ടിക് ഭീകരത കേരളത്തിൽ പിടിമുറുക്കുന്നതായി മറ്റാരും മുന്നറിയിപ്പു നൽകുന്നതിന് മുൻപ് സൂചനകൾ പ്രസിദ്ധീകരിച്ചത്. ആ മുന്നറിയിപ്പുകളെ ശരിവെയ്ക്കുന്ന തരത്തിലാണ് കേരളത്തിൽ മയക്കുമരുന്ന് വ്യാപനം അനേകമടങ്ങ് വർദ്ധിച്ചത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022 ൽ ഇന്ത്യയിൽ ഏറ്റവും അധികം മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനം കേരളമാണ്. 26619 കേസുകളാണ് NDPS ആക്ട് പ്രകാരം ആ വർഷം കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. തൊട്ടു താഴെയുള്ള മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതിന്റെ ഇരട്ടിയോളം വരും അത്.
മയക്കുമരുന്ന് കേസുകളിലെ പതിന്മടങ്ങ് വർദ്ധന കേരളം മയക്കുമരുന്ന് ഭീകരവാദത്തിൻറെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടു കഴിഞ്ഞു എന്നതിൻറെ സൂചനയാണ് നൽകുന്നത്. തുടരെത്തുടരെ മയക്കുമരുന്ന് കടത്തി വിട്ട് സുരക്ഷിതമെന്ന് തെളിയുന്ന പാതകളാണ് മനുഷ്യരെയും ആയുധങ്ങളെയും കടത്താൻ തീവ്രവാദസംഘടനകൾ ഉപയോഗിക്കുന്നതെന്നാണ് യുഎൻ കേന്ദ്രങ്ങൾ മുന്നറിയിപ്പു നൽകുന്നത്. അത്തരത്തിൽ ചിന്തിച്ചാൽ നമ്മുടെ യുവജനങ്ങളുടെ ഞെരമ്പുകൾ മാത്രമല്ല, കേരളത്തിലേക്കുള്ള രക്തധമനികളായ നമ്മുടെ റോഡുകളിലും തീരദേശങ്ങളിലും മയക്കുമരുന്നും ആയുധങ്ങളും നിറയുകയാണെന്ന് വ്യക്തം.

അതിജാഗ്രതാ സൂചനകൾ

സമീപകാലങ്ങളിൽ ലോകരാഷ്ട്രീയത്തിൽ വന്നിട്ടുള്ള വ്യതിയാനങ്ങളും ആഗോളതലത്തിലുള്ള ചില മാറ്റങ്ങളും കേരളത്തെ ആയുധങ്ങൾ ശേഖരിക്കാനും വിൽപനനടത്താനുമുള്ള സുരക്ഷിത കേന്ദ്രമെന്ന നിലയിൽ ഉപയോഗിക്കാനുള്ള സാധ്യതകൾക്ക് ആക്കം വർദ്ധിപ്പിക്കുന്നുണ്ട്.

1. എൽറ്റിറ്റിഇയുടെ രണ്ടാം വരവ്

രവിഹാൻസി എന്ന കപ്പലിലെ റെയ്ഡിനെത്തുടർന്ന് പിടികൂടിയവർക്ക് എൽറ്റിറ്റിഇ ബന്ധം ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. 1990 കളിൽ കംബോഡിയ ആഗോളതലത്തിൽ ആയുധമാർക്കറ്റിൽ നിർണ്ണായകശക്തിയാകുന്നതിന് പ്രവർത്തിച്ച പ്രധാനഘടകം എൽറ്റിറ്റിഇ ആണ്. എകെ സീരീസ് റൈഫിളുകൾ മുതൽ, സ്റ്റെൺ ഗണ്ണുഗളും, മോർട്ടാറുകളും ലാൻഡ്മൈനുകളും സ്ഫോടകവസ്തുക്കളും അടങ്ങിയ കപ്പലുകൾ കമ്പോഡിയയിൽ നിന്ന് ജാഫ്ന തുറമുഖത്തെത്തുകയും അവിടെ നിന്ന് യൂറോപ്യൻ, അമേരിക്കൻ, പശ്ചിമേഷ്യൻ മാർക്കറ്റുകളിലേക്ക് വേർതിരിച്ച് അയയ്ക്കുകയും ചെയ്തിരുന്നു എന്നാണ് ഇൻറലിജൻസ് വൃത്തങ്ങൾ പറയുന്നത്. തെക്കൻ ഏഷ്യയിലെ മയക്കുമരുന്ന് പാതകളെ ആയുധക്കടത്തിൻറെ പാതകളാക്കി ഈ മേഖലയിൽ പുതിയൊരു ചരിത്രം കൂടെയാണ് എൽറ്റിറ്റിഇ അന്ന് സൃഷ്ടിച്ചത്. എൽറ്റിറ്റിഇ യുഗം അവസാനിച്ചെന്ന് ലോകം ഒരിക്കൽ കരുതിയെങ്കിലും, സ്കാൻഡിനേവിയൻ രാജ്യങ്ങൾ, കാനഡ തുടങ്ങിയ ഇടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ചില ഗ്രൂപ്പുകൾ എൽറ്റിറ്റിഇയുടെ തിരിച്ചുവരവിനായുള്ള ശ്രമം നടത്തുന്നതായുള്ള ചില സൂചനകൾ അന്തർദേശീയ മാധ്യമങ്ങൾ പലപ്പോഴായി നൽകിയിട്ടുണ്ട്.

2019 ശ്രീലങ്കൻ സ്ഫോടനക്കേസിലെ അണിയറപ്രവർത്തകരിൽ ഒരാളായ റിയാസ് അബൂബക്കർ എന്ന മലയാളിയെ അറസ്റ്റ് ചെയ്തതും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്. 2016 ൽ അഫ്ഗാനിൽ ഐഎസിലേക്ക് ചേരാൻ പോയ 22 പേരുമായി ബന്ധം ഉള്ളതായി സംശയിക്കപ്പെടുന്ന വ്യക്തിയാണ് റിയാസ് അബൂബക്കർ. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ, ഐസിസ്, എൽറ്റിറ്റിഇ എന്നിവർ ചേർന്ന് ശ്രീലങ്ക അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയേക്കാവുന്ന ഈ നീക്കത്തിൽ കേരളം ഇവർക്ക് ഇന്ത്യയിലേക്ക് ആയുധങ്ങളുടെയും മയക്കുമരുന്നിൻറെയും പാത വളരെ എളുപ്പത്തിൽ തുറന്നെടുക്കാവുന്ന ഏറ്റവും പ്രധാന മേഖലയാണ്.

2. അൽഖ്വയ്ദയുടെ വേഷംമാറൽ

9/11 വേൾഡ് ട്രെയ്ഡ് സെൻറർ ആക്രമണത്തിന് ശേഷം അൽക്വയ്ദ അവരുടെ ഓപ്പറേഷനൽ രീതികളിൽ മാറ്റം വരുത്തുന്നതായാണ് കാണാൻ കഴിയുന്നത്. ആസൂത്രണത്തിലെ പാളിച്ചകളേൽപ്പിച്ച പരാജയങ്ങളും ഇറാഖിലും അഫ്ഗാനിലും ശക്തമായ അമേരിക്കൻ തിരിച്ചടികളിൽ തങ്ങളുടെ നേതൃത്വത്തിലെ ശക്തന്മാരെ നഷ്ടപ്പെട്ടതും, സുരക്ഷിതമായി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ സാധിക്കാത്തവിധം കൂച്ചുവിലങ്ങിട്ടതും അവരെ മാറ്റിച്ചിന്തിപ്പിച്ചിരുന്നു. അതിനാൽത്തന്നെ ആഗോളഭീകരവാദ ഗ്രൂപ്പുകളുടെ പുറകിലെ അദൃശ്യശക്തിയായി മാറുകയാണ് അൽക്വയ്ദ ചെയ്തത്. സാമ്പത്തിക സഹായങ്ങൾ, ആയുധപരിശീലനം, ആയുധങ്ങൾ, ആശയങ്ങൾ ഇവ നൽകുന്ന ആശയബൗദ്ധിക കേന്ദ്രമായി ഈ സംഘടന മാറി.

പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളിൽ ഇടപെട്ട് ചെറുസംഘടനകളെയടക്കം ശക്തമാക്കി ഒന്നിപ്പിക്കാനുള്ള നിർദ്ദേശങ്ങളും സാമ്പത്തിക സഹായങ്ങളും നൽകി നല്ലൊരു സപ്പോർട്ട് ബേസ് തയ്യാറാക്കുകയാണവർ ഇപ്പോൾ ചെയ്യുന്നത്. തുടർ ആക്രമണങ്ങൾക്കുള്ള പോരാളികളെ അഫ്ഗാനിലോ മറ്റേതെങ്കിലും രഹസ്യതാവളങ്ങളിലോ പരിശീലനം നൽകി തയ്യാറാക്കിക്കൊണ്ടിരിക്കുന്നതായാണ് ലഭിക്കുന്ന സൂചനകൾ. കേരളത്തിലാരംഭിച്ച് ഭാരതത്തിൽ വ്യാപിച്ച പല സമരനീക്കങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും പിന്നിൽ ഇത്തരമൊരു രീതി വ്യക്തമായിരുന്നു. മഞ്ചേരിയിലടക്കം പല പിഎഫ്ഐ കേന്ദ്രങ്ങളിലും എൻഐഎ നടത്തിയ റെയ്ഡിൽ സായുധ പരിശീലനകേന്ദ്രങ്ങളും, ആയുധങ്ങളും കണ്ടെത്തുകയും, പരിശീലകരെ പിടികൂടുകയും ചെയ്തിരുന്നു. അൽക്വയ്ദയോ ഇതേ രീതി പിന്തുടരുന്ന മറ്റേതെങ്കിലും ഗ്രൂപ്പുകളോ ഇവിടെ സജീവമായിക്കൊണ്ടിരിക്കുന്നുണ്ടെന്ന് വ്യക്തം.

3. റഷ്യ യുക്രൈൻ യുദ്ധവും ഐഎസും

ആയുധ മാർക്കറ്റുകളെ ചൂടുപിടിപ്പിക്കുന്നത് യുദ്ധങ്ങളാണ്. എല്ലാ ആയുധഫാക്ടറികളും ഉത്പാദനത്തിൻറെ തോതിലും ആയുധങ്ങളുടെ മികവിലും മത്സരത്തിലേർപ്പെടുന്നതും യുദ്ധങ്ങൾ ഉണ്ടാകുമ്പോഴാണ്. യുദ്ധത്തിന് മുമ്പേ തന്നെ ആഗോള മാർക്കറ്റിലെ ചെറു തോക്കുകളുടെ നിർമ്മാണത്തിൽ മുന്നിലായിരുന്നു യുക്രൈൻ. യുദ്ധമാരംഭിച്ചതിന് ശേഷവും അവിടേക്ക് ഒഴുകിയത് ചെറുതും വലുതുമുൾപ്പടെ അനേകം ആയുധങ്ങളാണ്. ഇതേ പോലെ തന്നെയാണ് റഷ്യൻ ചേരിയും. എന്നാൽ റഷ്യ – യുക്രൈൻ യുദ്ധത്തിൽ ഇന്ത്യയ്ക്ക് ജാഗ്രതാ നിർദ്ദേശം അവിടെയുള്ള ഇന്ത്യൻ എംബസിയിൽ നിന്നുണ്ടായിരുന്നു. യുദ്ധമേഖലയിലെത്തുന്നുവെന്നു പറയപ്പെടുന്ന ആയുധങ്ങൾ വൻതോതിൽ കാണാതാവുന്നുണ്ടെന്നും അവ ഇന്ത്യയടക്കം പല സൗത്ത് ഏഷ്യൻ രാജ്യങ്ങളിലും കുമിഞ്ഞുകൂടാനിടയുണ്ടെന്നുമായിരുന്നു ആ മുന്നറിയിപ്പ്.

വർധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗവും കേസുകളും, വലിയ വാർത്തകളല്ലാതായി മാറിക്കൊണ്ടിരിക്കുന്ന ആയുധ ഉപയോഗവും ആയുധക്കടത്ത് കേസുകളും മാറിക്കൊണ്ടിരിക്കുന്ന കേരളത്തെക്കുറിച്ചുള്ള സൂചനകളാണ് നൽകുന്നത്. തീവ്രവാദ സംഘടനകൾക്കും മയക്കുമരുന്ന് മാഫിയകൾക്കും ഇഷ്ടപ്പെട്ട മുനമ്പായി കേരളം മാറിക്കൊണ്ടിരിക്കുന്നത് ശുഭസൂചനയല്ല. ഭരണകൂടവും മാധ്യമങ്ങളും വളരെ ഗൗരവമായി ഈ വിഷയം പരിഗണിക്കുകയും കൂടുതൽ ശ്രദ്ധ ചെലുത്തുകയും വേണം…

കടപ്പാട് : ഫാ. ജസ്റ്റിൻ കാഞ്ഞൂത്തറ MCBS


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m