കൊച്ചി : മദ്യ നയത്തിനെതിരെ സർക്കാരിന് രൂക്ഷ വിമർശവുമായി കെസിബിസി പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. പാലാരിവട്ടം പിഓസിയില്‍ കെസിബിസി മദ്യ വിരുദ്ധ സമിതിയുടെ രജത ജൂബിലിയും സംസ്ഥാന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍.
മനുഷ്യനെ കൊലയ്ക്ക് കൊടുത്തുള്ള വരുമാനം കൊണ്ട് വികസനം നടത്തുന്നത് വികലമായ നയമാണെന്ന് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.
മദ്യം കൊടുത്ത് മനുഷ്യനെ ബോധം കെടുത്തി മനുഷ്യനല്ലാതാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കര്‍ദ്ദിനാള്‍ എടുത്തു പറഞ്ഞു.
പിതാവ് സ്വന്തം കുഞ്ഞിനെ കൊല്ലുന്നു. ഭാര്യയെ വെട്ടി നുറുക്കി ഭര്‍ത്താവ് മൃഗത്തിന് ഭക്ഷണമായി നല്കുന്നു.തുടങ്ങി സുബോധം കേരളീയര്‍ക്ക് നഷ്ടമാകുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. 25,000 കോടിയുടെ ലഹരി മരുന്ന് പിടിച്ചെടുത്ത വാര്‍ത്ത വായിക്കുമ്പോള്‍ അത് നമ്മുടെ മക്കള്‍ക്ക് നല്കാന്‍ കൊണ്ടുവന്നതാണെന്നോര്‍ക്കണമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
ഒരിടത്ത് ലഹരി വിരുദ്ധ ബോധവത്ക്കരണം നടക്കുമ്പോള്‍ മറുവശത്ത് ലഹരിയുടെ വ്യാപകമായ കുത്തൊഴുക്കാണ് നടക്കുന്നതെന്ന് കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി. ഇത് അവസാനിപ്പിക്കാന്‍ കേരളീയര്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും മക്കളെ മരണത്തിലേക്ക് തള്ളിവിടാന്‍ ഞങ്ങളില്ലെന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്നും സമൂഹത്തെ വീണ്ടെടുക്കാന്‍ തയ്യാറാകണമെന്നും കര്‍ദ്ദിനാള്‍ ആഹ്വാനം ചെയ്തു.
മദ്യ വിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തെയഡോഷ്യസ് അധ്യക്ഷനായ യോഗത്തില്‍ മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ മുഖ്യ സന്ദേശം നല്കി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ.ജേക്കബ് ജി.പാലക്കാപ്പിള്ളി, മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ തുടങ്ങിവര്‍ സംസാരിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group