ഇന്തോനേഷ്യൻ പ്രവിശ്യയായ ഈസ്റ്റ് നുസ തെൻഗാരയിലും, തിമോറിലും, ഉണ്ടായ പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവരെയും മരണപ്പെട്ടവരെയും പ്രാർത്ഥനയിൽ അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ ദിവസത്തെ പൊതുസന്ദർശനത്തിന്റെ സമാപനത്തിലാണ് പ്രളയ ബാധിതരായ ഇന്തോനേഷ്യൻ രാജ്യങ്ങൾക്കു വേണ്ടി പാപ്പ പ്രത്യേകം പ്രാർത്ഥിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ ഇന്തോനേഷ്യയിലും കിഴക്കൻ തിമോറിലും ഉണ്ടായ വെള്ളപ്പൊക്കത്തിൽ മരണമടഞ്ഞവരെ ഞാൻ പ്രാർത്ഥനയിൽ അനുസ്മരിക്കുന്നു. മരണമടഞ്ഞ സഹോദരങ്ങൾക്ക് ദൈവം നിത്യശാന്തി നൽകാനും അവരുടെ കുടുംബങ്ങൾ ആശ്വസിപ്പിക്കപ്പെടാനും വേണ്ടി പ്രാർത്ഥിക്കുന്നു,ഈസ്റ്റർ ദിനത്തിൽ ഉണ്ടായ ‘സെറോജാ’ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ പേമാരിയിലും പ്രളയത്തിലും 160ൽപ്പരം പേരാണ് മരണപ്പെട്ടത്. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുകളുണ്ട്. പേമാരിയും മണ്ണിടിച്ചിലും മൂലം ഗ്രാമങ്ങളെല്ലാം വെള്ളത്തിലും ചെളിയിലും മുങ്ങിയതിനാൽ ഏതാണ്ട് 10,000ൽപ്പരം പേർക്ക് അഭയത്തിനായി മറ്റു പ്രദേശങ്ങളിലേക്ക് പോകേണ്ടി വന്നു. കനത്ത നാശനഷ്ടമാണ് പല പ്രദേശങ്ങളിലും ഉണ്ടായിരിക്കുന്നത്.ദുരിതബാധിതർക്ക് അവശ്യസഹായങ്ങൾ ലഭ്യമാക്കാൻ വൈദികരും സന്യസ്തരും ഉൾപ്പെടെയുള്ള സഭയുടെ സന്നദ്ധ പ്രവർത്തകർ മേഖലയിൽ എത്തിയിട്ടുണ്ട്. തിമോറിലെ ഡിലി അതിരൂപതയിലെ സാമൂഹ്യസേവന വിഭാഗം താമസം, ഭക്ഷണം എന്നിവ ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്.ഏതാണ്ട് 2000 പേർക്ക് കൊമോറയിലെ സലേഷ്യൻ ഭവനത്തിലും ഏതാണ്ട് 7000 പേർക്ക് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ഇടവകയിലും താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ, 12 കേന്ദ്രങ്ങളും താൽക്കാലിക താമസത്തിനായി ക്രമീകരിച്ചിട്ടുണ്ട്.തിമോറിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ പിന്തുണയോടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ഡിലി അതിരൂപതയിലെ സാമൂഹ്യസേവന വിഭാഗം ഡയറക്ടർ ഫാ. ആഞ്ചലോ സൽഷിന അറിയിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group