തന്നെക്കാൾ കഷ്ടപ്പാടിൽ കഴിഞ്ഞിരുന്നവർക്ക് സാന്ത്വനത്തിന്റെ തൂവൽ സ്പർശം സമ്മാനിച്ച സിഡ്‌നിയിലെ എലീൻ ഒ’കോണർ ഓസ്ട്രേലിയയിൽ നിന്നുള്ള രണ്ടാമത്തെ വിശുദ്ധയാകുന്നത് കാത്തിരിക്കുകയാണ് രാജ്യത്തെ കത്തോലിക്ക സമൂഹം.
സിഡ്‌നി ആർച്ച് ബിഷപ്പ് ആൻ്റണി ഫിഷറിന്റെ നേതൃത്വത്തിൽ എലീന്റെ വിശുദ്ധ പദവിക്കായുള്ള രൂപതാ തലത്തിലെ നടപടി ക്രമങ്ങൾ പൂർത്തിയായിരിക്കുകയാണ്. ഇനി വത്തിക്കാൻ അനുകൂല തീരുമാനമെടുക്കുന്നത് കാത്തിരിക്കുകയാണ് വിശ്വാസികളും എലീൻ സ്ഥാപിച്ച സന്യാസിനീ സമൂഹത്തിലെ അംഗങ്ങളും.
വിശുദ്ധ പദവിക്ക് തെളിവായി കഴിഞ്ഞ നാല് വർഷങ്ങളിലായി എലീൻ ഒ’കോണർ ട്രൈബ്യൂണലും ഹിസ്റ്റോറിക് കമ്മീഷനും സമാഹരിച്ച രേഖകൾ കഴിഞ്ഞ ദിവസം റോമിലെ വിശുദ്ധരുടെ നാമകരണത്തിനായുള്ള കാര്യാലയത്തിലേക്ക് അയച്ചു.
രൂപതാ പോസ്റ്റുലേറ്റർ ഫാ. ആൻ്റണി റോബിയാണ് തുടക്കം മുതൽ അവസാനം വരെ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കുകയും റോമിലേക്ക് അയയ്ക്കുന്നതിന് ആവശ്യമായ രേഖകൾ സമാഹരിക്കുകയും ചെയ്തത്. സ്വർഗത്തിൽ നിന്നുള്ള പ്രതിനിധിയാണ് എലീൻ ഒ’കോണറെന്ന് ഫാ. ആന്റണി റോബി പറഞ്ഞു.
ഡോക്യുമെന്റേഷൻ ഔപചാരികമായി സഭയിൽ അവതരിപ്പിക്കുന്നതിനായി ഒക്ടോബറിൽ ആർച്ച് ബിഷപ്പ് ഫിഷറിനൊപ്പം ഫാ. റോബിയും റോമിലേക്ക് പോകും.
1892-ൽ ജനിച്ച എലീൻ റോസലിൻ ഒ’കോണർ വെറും 28 വയസു വരെ മാത്രമാണ് തന്റെ സാർത്ഥകമായ ജീവിതം നയിച്ചത്. ചെറു പ്രായത്തിലുണ്ടായ അപകടത്തിൽ നട്ടെല്ല് തകർന്ന എലീന് പിന്നീട് ഒരിക്കലും നടക്കാൻ കഴിഞ്ഞില്ല. ജീവിതകാലം മുഴുവൻ അവൾ വേദന അനുഭവിച്ചു. 20 വയസ് മാത്രം പ്രായമുള്ളപ്പോൾ എലീൻ രോഗികൾക്കും അശരണർക്കുമായി സൊസൈറ്റി ഓഫ് ഔർ ലേഡി നഴ്സസ് ഫോർ ദ പൂവർ എന്ന സ്ഥാപനം ആരംഭിച്ചു. രോഗികളായ പാവങ്ങൾക്ക് അവരുടെ വീടുകളിൽ തന്നെ ശുശ്രൂഷകൾ നൽകുകയായിരുന്നു ഇതിന്റെ ലക്ഷ്യം.
ശാരീരിക വൈകല്യങ്ങൾ ജീവിതത്തിൽ പ്രതിസന്ധികൾ തീർത്തപ്പോഴും അനിതരസാധാരണമായ മനോധൈര്യമാണ് എലീൻ പ്രകടിപ്പിച്ചത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group