കേരളത്തിൽ വൈദ്യുതി പ്രതിസന്ധിയും വൈദ്യുതിനിരക്കു വർധനയ്ക്കായി ഒരുക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്യാൻ ഇന്നു മന്ത്രിതല യോഗം ചേരും.
ഓഗസ്റ്റ് മാസമായിട്ടും മഴ ലഭിക്കാത്ത സാഹചര്യത്തിൽ അണക്കെട്ടുകളിലെ വെള്ളം മൂന്നിലൊന്നായി കുറഞ്ഞു. പ്രതിദിനം 10 കോടി രൂപയുടെ വൈദ്യുതിയാണു പുറത്തുനിന്ന് അധികമായി വാങ്ങേണ്ടി വരുന്നത്.
ഇന്നു വൈകുന്നേരം നാലിനു മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിലാണു യോഗം ചേരുക. സംസ്ഥാനത്തു വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതര സാഹചര്യമാണു സൃഷ്ടിച്ചിട്ടുള്ളതെന്നു മന്ത്രി പറഞ്ഞു. വൈദ്യുതി മേഖല നേരിടുന്ന എല്ലാ പ്രശ്നങ്ങളും യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. കനത്ത മഴ ലഭിച്ച കഴിഞ്ഞ വർഷങ്ങളിൽ ഇതേ സമയത്തു വൈദ്യുതി പുറത്തു കൊടുത്ത് ബോർഡ് ലാഭം ഉണ്ടാക്കിയിരുന്ന സ്ഥാനത്താണ് ഇപ്പോൾ ദിവസവും 10 കോടി രൂപ അധികം ചെലവഴിക്കേണ്ടി വരുന്നത്.
വൈദ്യുതി നിരക്കു വർധിപ്പിക്കുന്നതിനെതിരേ ഹൈക്കോടതിയിലുള്ള കേസ് ഇന്നു പരിഗണിക്കുന്നുണ്ട്. നിരക്കുവർധന കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. സ്റ്റേ പിൻവലിക്കാൻ ആവശ്യമായ നിയമനടപടികളും ഉന്നതതലയോഗം ചർച്ച ചെയ്യും.
അടുത്ത നാലു വർഷത്തേക്കുള്ള നിരക്ക് തീരുമാനിക്കാനുള്ള ഹിയറിംഗ്, കമ്മീഷൻ നേരത്തേ പൂർത്തിയാക്കി ഉത്തരവ് ഇറക്കാനിരിക്കേയാണ് സ്റ്റേ വന്നത്. ഈ സാഹചര്യത്തിൽ നിലവിലുള്ള വൈദ്യുതി നിരക്ക് സെപ്റ്റംബർ 30 വരെയോ കേസ് തീർപ്പാക്കുന്നതിന്റെ അടിസ്ഥാനത്തിൽ റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് വരുന്നതു വരെയോ തുടരാനാണു തീരുമാനം.
കേന്ദ്ര വൈദ്യുതിയും ദീർഘകാല കരാർ അനുസരിച്ചുള്ള വൈദ്യുതിയും ലഭ്യമായതിനാൽ ഇതിലൂടെ ലാഭം ഉണ്ടാക്കാൻ ബോർഡിനു സാധിച്ചു. എന്നാൽ, ഇത്തവണ കാര്യങ്ങൾ മാറി. ജൂണിൽ മഴ കുറവായിരുന്നതിനാൽ പുറത്തുനിന്നു ദിവസം 7 മുതൽ 8 കോടി രൂപയുടെ വരെ വൈദ്യുതി വാങ്ങേണ്ടി വന്നു. ജൂലൈയിൽ മഴ ലഭിച്ചതിനാൽ ഇത് അഞ്ചു മുതൽ ആറു കോടി വരെയായി കുറഞ്ഞു.
മഴ കുറയുമ്പോൾ വൈദ്യുതി ഉപയോഗം വർധിക്കും. വില കുറഞ്ഞ ജലവൈദ്യുതിയുടെ ഉത്പാദനം കുറയുമ്പോൾ പകരം വില കൂടിയ വൈദ്യുതി പുറത്തുനിന്നു വാങ്ങേണ്ടി വരും. ഈ അധിക തുക ഉപയോക്താക്കളിൽനിന്നു സർചാർജ് ആയി ഈടാക്കുകയാണു ചെയ്യുന്നത്. എന്നാൽ, ഇപ്പോൾത്തന്നെ യൂണിറ്റിന് 19 പൈസ സർചാർജ് വാങ്ങുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group