ബാംഗ്ളൂർ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോയുടെയും രണ്ടു സംഘടനകളുടെയും ഹർജിയിൽ സുപ്രീം കോടതി നടത്തിയ പരാമർശം ഏറെ ആശ്വാസപ്രദമാണ്. ഇന്ത്യയിൽ ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ ദൗർഭാഗ്യകരം എന്നാണ് പരമോന്നത നീതിപീഠം അഭിപ്രായപ്പെട്ടത്. ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കും എതിരെ സമർപ്പിക്കപ്പെട്ടിരിക്കുന്ന ഹർജി കാലികപ്രസക്തിയുളളതാണെന്ന് നിരീക്ഷിച്ച കോടതി, അവധിക്ക് ശേഷമുള്ള ആദ്യ ദിവസം തന്നെ വാദം കേൾക്കാമെന്ന് പറയുകയും ചെയ്തു.
സമീപകാലങ്ങളിലായി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവ പീഡനങ്ങൾ വളരെ പരിമിതമായ രീതിയിലാണ് മാധ്യമ ശ്രദ്ധ നേടിയിട്ടുള്ളതും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും. ബിജെപി – സംഘപരിവാർ സ്വാധീനം ഓരോ സംസ്ഥാനങ്ങളിലും വളരുന്നതിന് ആനുപാതികമായി ഇത്തരം പീഡനങ്ങളും അതിക്രമങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്നത് സുവ്യക്തമാണ്. വാസ്തവത്തിൽ ക്രൈസ്തവർ പീഡനങ്ങൾ നേരിടുന്നു എന്നതിനേക്കാൾ, ഭാരതത്തിന്റെ മതേതരത്വ മൂല്യങ്ങൾ ബലികഴിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നുള്ളതാണ് കൂടുതൽ ആശങ്കാജനകമായ വസ്തുത. മതത്തിനും വർഗ്ഗീയതയ്ക്കും രാഷ്ട്രീയ മനം കൈവരികയും മാനവികത അസ്തമിക്കുകയും ചെയ്യുന്ന കാഴ്ച മതേതര ഭാരതത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ല. അതിനാൽ, ഈ കോടതി പരാമർശം ആശ്വാസകരമാകുന്നത് മതേതര മൂല്യങ്ങൾ ഇവിടെ പുലരണമെന്ന് ആഗ്രഹിക്കുന്ന സകലർക്കുമാണ്.
കഴിഞ്ഞ മൂന്ന് വർഷങ്ങൾക്കിടെ 1112 അക്രമ സംഭവങ്ങൾ ഈ രാജ്യത്ത് ക്രൈസ്തവർക്ക് എതിരെ നടന്നു എന്നുള്ളത് വളരെ ഗൗരവമുള്ള കാര്യമാണ്. ക്രൈസ്തവ പീഡനങ്ങളെ ആഗോളതലത്തിൽ നിരീക്ഷണവിധേയമാക്കുന്ന വേൾഡ് വാച്ച് ലിസ്റ്റ് പോലുള്ള ജേർണലുകളിൽ ക്രൈസ്തവ പീഡനങ്ങൾ നടക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് ഇന്ത്യയെ ഉൾപ്പടുത്തിയിരിക്കുന്നത്. ആഗോളതലത്തിൽ ഇന്ത്യയ്ക്ക് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന മതേതരത്വ – വിശ്വസാഹോദര്യ – മത സഹിഷ്ണുത പ്രതിച്ഛായ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നുളളത് അപമാനകരമാണ്. മതേതരത്വ നിലപാടുകളെ ബലികൊടുത്തുകൊണ്ട് പ്രാകൃതമായ മതരാഷ്ട്ര പ്രത്യയശാസ്ത്രത്തിലേയ്ക്ക് തിരിച്ചു നടക്കുന്ന ഇന്നത്തെ ശൈലി അത്യന്തം അപകടകരമാണ്. ഏത് തരത്തിലുള്ള ഭീഷണികളെയും നേരിടാൻ അത്തരമൊരു മാറ്റം ഉപകരിക്കുമെന്ന് ആരു കരുതിയാലും അത് മിഥ്യാധാരണയാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിലെത്തി എട്ടു വർഷം പിന്നിടുമ്പോൾ തിരിഞ്ഞു നോക്കിയാൽ ഓരോ വർഷം കഴിയും തോറും മത – വർഗീയ വിഷയങ്ങളിലുണ്ടാകുന്ന അക്രമ സംഭവങ്ങളും ആൾക്കൂട്ട ആക്രമണങ്ങളും വർദ്ധിക്കുകയാണ് ഉണ്ടായിട്ടുള്ളത് എന്നു കാണാം. അത്തരം സംഭവങ്ങളിൽ അക്രമിക്കപ്പെട്ടവർക്ക് നീതി ലഭിച്ചിട്ടുള്ളതിനേക്കാൾ വളരെയേറെയാണ് അധികാരികളാൽ അവഗണിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ. മതംമാറ്റ നിരോധന നിയമങ്ങൾ നടപ്പാക്കപ്പെട്ടിട്ടുള്ള സംസ്ഥാനങ്ങളിൽ ആ നിയമം ദുരുപയോഗിച്ചുള്ള അക്രമസംഭവങ്ങൾ വളരെയേറെ നടന്നിട്ടുളളതായി കാണാം. ഇത്തരത്തിൽ ഭരണത്തിന്റെയും നീതിനിർവ്വഹണത്തിന്റെയും നിറവും സ്വഭാവവും മാറിവരികയും ന്യൂനപക്ഷ – ദുർബ്ബല വിഭാഗങ്ങൾക്ക് ജീവിതം ദുഷ്കരമാവുകയും ചെയ്യുന്നത് വളരെ ദൗർഭാഗ്യകരമാണ്. ഈ ഗൗരവമുള്ള വിഷയത്തിൽ നീതിപൂർവ്വമായ ഇടപെടൽ സുപ്രീം കോടതിയിൽ നിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
വർദ്ധിക്കുന്ന തീവ്രവാദ – ഭീകര പ്രവർത്തനങ്ങളും അനുബന്ധ ആക്രമണങ്ങളും
മതനിന്ദാ പരാമർശം നടത്തി എന്ന് ആരോപിക്കപ്പെട്ട ബിജെപി നേതാവ് നുപൂർ ശർമയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു എന്ന കുറ്റത്തിനാണ് കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ഉദയ്പൂരിൽ കനയ്യലാൽ എന്ന തയ്യൽക്കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. വസ്ത്രത്തിന്റെ അളവെടുക്കാൻ എന്ന വ്യാജേന തയ്യൽകടയിൽ എത്തിയ കൊലപാതകി പെട്ടെന്ന് ആയുധമെടുത്ത് ആക്രമിച്ചപ്പോൾ, ഒപ്പമുണ്ടായിരുന്നയാൾ അതിന്റെ വീഡിയോ എടുക്കുകയായിരുന്നു. ആ ദൃശ്യങ്ങൾ അക്രമികൾ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. അത്യന്തം നിഷ്ടൂരമായ ഈ കൃത്യം ചെയ്ത് ഇസ്ലാമിക തീവ്രവാദികൾ ശക്തിപ്രകടനം നടത്തിയത് ഒരു ഉത്തരേന്ത്യൻ സംസ്ഥാനത്തിലാണ്. പ്രൊഫ. ടിജെ ജോസഫിന്റെ കരം ഛേദിച്ച് സമാനമായ പ്രതികാര പ്രവൃത്തി ചെയ്ത കേരളത്തിലുൾപ്പെടെ ഇത്തരം ഭീഷണികൾ കൂടുതൽ ശക്തമായി നിലനിൽക്കുന്നുണ്ട് എന്നുള്ളത് ഒരു വാസ്തവമാണ്.
ഈ നാളുകളിൽ, കൈവെട്ടിയും കഴുത്തറുത്തും തങ്ങളുടെ പ്രത്യയശാസ്ത്രത്തിന് അടിവരയിടാമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം വർദ്ധിച്ചു വരുന്നത് മറ്റൊരു പ്രത്യയശാസ്ത്രത്തിൽ അടിത്തറയുറപ്പിച്ച് പുതിയൊരു രാഷ്ട്ര സങ്കല്പം രൂപപ്പെടുത്തിയിരിക്കുന്നവരുടെ ഇടയിലാണ് എന്നുളളതാണ് വസ്തുത. സാമൂഹികവും സാമുദായികവുമായ വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഫ്രിക്ഷൻ, അരക്ഷിതബോധവും മൗലികചിന്തകളും വിദ്വേഷ പ്രവണതകളും വർദ്ധിപ്പിക്കും എന്നുള്ളത് ഒരു വാസ്തവം തന്നെയാണ്. ഇന്ത്യയിൽ തീവ്ര ഇസ്ലാമിക ചിന്തകരുടെ സ്വാധീനവും തീവ്രവാദ പ്രവർത്തനങ്ങളും വർദ്ധിച്ചു കൊണ്ടിരിക്കുന്നത് അക്കാരണത്താലാണ് എന്ന് പറയാനാവില്ല. രണ്ടു പ്രത്യയശാസ്ത്രങ്ങളുടെ പ്രവർത്തനങ്ങളെയും വളർച്ചയെയും തുല്യ ഗൗരവത്തിൽ സമീപിക്കേണ്ടതുണ്ട്.
മത സഹിഷ്ണുതയും, മതേതര ചിന്തകളും, സാഹോദര്യ മനോഭാവവും നിലർത്തി മാനവികതയിൽ ഉറച്ചു നിന്നുകൊണ്ട് മുന്നോട്ടു പോകുവാൻ വിവിധ സമുദായങ്ങൾ നിലപാടെടുക്കാത്തപക്ഷം ഭാരതത്തിന്റെ ഭാവി കൂടുതൽ ആശങ്കകജനകമാണ്. മതവും മതവിശ്വാസവും പരസ്പരം സ്നേഹിക്കാനും ഉൾക്കൊള്ളാനുമാണ് ഒരു വ്യക്തിയെയും സമൂഹത്തെയും പര്യാപ്തരാക്കേണ്ടത്. പരസ്പരം ഭീഷണിയാകാനും ഭീതിവളർത്താനും കാരണമാകുന്നതിനെയെല്ലാം ഉപേക്ഷിക്കാൻ എല്ലാവരും തയ്യാറാകണം. ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വേദികൾ ഒരുങ്ങുകയും ഭരണകൂടങ്ങൾ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ പരിശ്രമിക്കുകയും വേണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group