‘മുഴുവൻ വി.വി പാറ്റ് സ്ലിപ്പും എണ്ണണം’; തെര. കമ്മിഷന് സുപ്രിം കോടതിയുടെ നോട്ടീസ്

തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസ് അയച്ച്‌ സുപ്രിംകോടതി. വി.വി പാറ്റ് സ്ലിപ്പുകള്‍ പൂർണമായും എണ്ണണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹർജിയിലാണ് നടപടി.

വി.വി പാറ്റ് സ്ലിപ്പുകള്‍ ബാലറ്റ് ബോക്‌സില്‍ നിക്ഷേപിക്കാനും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനായ അരുണ്‍ കുമാർ അഗർവാളാണു കോടതിയെ സമീപിച്ചത്.

ഇ.വി.എം വോട്ടിങ് മെഷീനില്‍ പ്രതിപക്ഷം ആരോപണങ്ങളുമായി സജീവമായി രംഗത്തുള്ള ഘട്ടത്തിലാണ് സുപ്രിം കോടതിയുടെ ഇടപെടല്‍. വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്നു സമ്മതിദായകർക്ക് ഉറപ്പാക്കാനായി തെരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ രസീത് സംവിധാനമാണ് വോട്ടർ വെരിഫയബിള്‍ പേപ്പർ ഓഡിറ്റ് ട്രയല്‍ അഥവാ വി.വി പാറ്റ്. നിലവിലെ സംവിധാനത്തില്‍ ഒരു നിയോജക മണ്ഡലത്തിലെ അഞ്ച് വോട്ടിങ് മെഷിനിലെ വി.വി പാറ്റ് മാത്രമാണ് എണ്ണുന്നത്. ഈ രീതി മാറ്റി മുഴുവൻ സ്ലിപ്പുകളും എണ്ണണമെന്നാണു ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്ത്.

മുഴുവൻ സ്ലിപ്പുകളും എണ്ണണമെന്ന് ആവശ്യപ്പെട്ട് നേരത്തെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനിരുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. എന്നാല്‍, ഇൻഡ്യ സഖ്യത്തിന്റെ പ്രതിനിധി സംഘത്തെ കാണാൻ കമ്മിഷൻ കൂട്ടാക്കിയിരുന്നില്ല. ഈ വിഷയത്തില്‍ കോടതിയുടെ ആദ്യത്തെ ഇടപെടലാണ്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇക്കാര്യത്തില്‍ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m