എറണാകുളം – അങ്കമാലി വിഷയം സിനഡ് അംഗങ്ങള്‍ പരിശുദ്ധ സിംഹാസനവുമായി ചര്‍ച്ച നടത്തും

എറണാകുളം – അങ്കമാലി വിഷയവുമായി ബന്ധപ്പെട്ട് സിറോ മലബാര്‍ സഭയിലെ സ്ഥിരം സിനഡ് അംഗങ്ങള്‍ മെയ് 4ന് പരിശുദ്ധ സിംഹാസനവുമായി ചര്‍ച്ച നടത്തും. ചര്‍ച്ച വിജയകരമാകുന്നതിനും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും വിശ്വാസികളുടെ പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സീറോ മലബാര്‍ സഭയുടെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

എറണാകുളം-അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന ക്രമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമായി തുടരുന്ന സാഹചര്യത്തില്‍ ഒരു ശാശ്വത പരിഹാരം ഉണ്ടാകുന്നതിനായാണ് സീറോ മലബാര്‍ സഭയിലെ സ്ഥിരം സിനഡ് അംഗങ്ങള്‍ ചര്‍ച്ചക്കായി വത്തിക്കാനിലേക്ക് പോകുന്നത്. പൗരസ്ത്യ സഭകള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ പ്രീഫെക്ട് കര്‍ദ്ദിനാള്‍ ക്ലോഡിയോ ഗുഗറോത്തി, വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തും. ഇറ്റാലിയന്‍ സമയം വൈകിട്ട് 5 മണിക്ക് അപ്പപ്പോയിന്റ്‌മെന്റ് ലഭിച്ചതായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവനയിലൂടെ അറിയിച്ചു. അര്‍ച്ചബിഷപ് മാത്യു മൂലക്കാട്ട്, അര്‍ച്ചബിഷപ് ആന്‍ഡ്രൂസ് താഴത്ത്, അര്‍ച്ചബിഷപ് ജോസഫ് പെരുന്തോട്ടം, അര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനി എന്നിവരാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കൊപ്പം വത്തിക്കാനിലേക്ക് പോവുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group