എറണാകുളം – അങ്കമാലി അതിരൂപതയിൽ വി. കുർബ്ബാനയർപ്പണത്തിന്റെ ഏകീകൃതരീതി : മെത്രാന്മാരുടെ കമ്മിറ്റിയെ പെർമനെന്റ് സിനഡ് ചുമതലപ്പെടുത്തി

കാക്കനാട്: 24.11.2022ന് രാവിലെ ഓൺലൈനിൽ ചേർന്ന സീറോ മലബാർ സഭയുടെ പെർമനന്റ് സിനഡ് എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബ്ബാനയർപ്പണത്തിന്റെ ഏകീകൃത രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലുള്ള സാഹചര്യം വിലയിരുത്തി. അതിരൂപതയിലെ വൈദിക-അല്മായ പ്രതിനിധികളുമായി നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനു മെത്രാന്മാരുടെ ഒരു കമ്മിറ്റിയെ പെർമനെന്റ് സിനഡ് ചുമതലപ്പെടുത്തി. ആർച്ചുബിഷപ്പ് മാത്യു മൂലക്കാട്ട്, ആർച്ചുബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റൂപ്പറമ്പിൽ സി.എം.ഐ. എന്നീ പിതാക്കന്മാരാണ് കമ്മിറ്റിയിൽ ഉള്ളത്. നവംബർ 25ന് ഉച്ച കഴിഞ്ഞാണ്‌ ചർച്ച ക്രമീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ മംഗളവാർത്തക്കാലം ആരംഭിക്കുന്നതിനു മുൻപുള്ള വെള്ളി, ശനി, ഞായർ (നവംബർ 25,26,27) ദിവസങ്ങളിൽ പ്രത്യേകമായി പ്രാർത്ഥിക്കണമെന്നു സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഏവരെയും ആഹ്വാനം ചെയ്തിട്ടുണ്ട്. സാധിക്കുന്നിടത്തോളം പള്ളികളിലും സമർപ്പിത ഭവനങ്ങളിലും ഈ നിയോഗത്തിൽ ഒരു മണിക്കൂർ ആരാധന നടത്തണമെന്നും മേജർ ആർച്ചുബിഷപ് അറിയിച്ചതായി പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ ഫാ. ആന്റണി വടക്കേകര വി. സി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group