എല്ലാം കടൽ തന്നു കടലുതന്നെ തിരിച്ചെടുത്തു… കൊച്ചിക്കാരുടെ സങ്കടത്തിന് ആര് പരിഹാരം കാണും!!

വന്‍തിരമാലകളുടെ കുത്തൊഴുക്കില്‍ തകര്‍ന്നടിയുകയാണ് കൊച്ചിയുടെ തീരദേശ മേഖലകള്‍.

കടല്‍ക്ഷോഭം തടയുന്നതിനായുള്ള ടെട്രാപോഡ് പദ്ധതിയെല്ലാം പാതിവഴിയില്‍ സ്തംഭിച്ചപ്പോള്‍ കണ്ണമാലി-മാനാശ്ശേരി നിവാസികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കൈയ്യും കണ്ണക്കുമില്ലാതായി.

ജീവിതം തിരയെടുത്തുകൊണ്ടിരിക്കുകയാണെന്ന് അറിഞ്ഞിട്ടും തീരത്തെ വിട്ടുപിരിയാന്‍ അല്പംപോലും താല്പ്പര്യമില്ലാത്തവര്‍. ‘എല്ലാം കടല് തന്നു കടലുതന്നെ തിരിച്ചെടുത്തു’ എന്ന പതിവ് ചൊല്ലിലൂടെ സങ്കടമെല്ലാം ഉള്ളിലൊതുക്കുമ്പോഴും അധികാരികളുടെ മൗനമാണ് തീരദേശത്തെ കുട്ടികളെയടക്കം വേദനിപ്പിക്കുന്നത്. വന്‍തിരകളുടെ കുത്തൊഴുക്കില്‍ പകച്ചുപോയ ബാല്യങ്ങളാണിതെല്ലാം. മഴക്കാലമെത്തിയാല്‍ കൊടുംദുരിതം എപ്പോള്‍ വേണമെങ്കിലും ആഞ്ഞടിക്കാം. പിന്നെ-ഭക്ഷണവും, വീടും, പഠപുസ്തകങ്ങളുമെല്ലാം തിരകള്‍ കൊണ്ടുപോകും. മനസില്‍ ഒരുപാട് നൊമ്പരങ്ങള്‍ തളംകെട്ടുമ്പോഴും ഈ ബാല്യങ്ങള്‍ക്ക് വരാനിരിക്കുന്ന ദിനരാത്രങ്ങള്‍ പേടിസ്വപ്‌നമാണ്. പാഞ്ഞടുക്കുന്ന തിരക്കൊപ്പെം ആടി ഉലയുകയാണ് ഇവിടുത്തെ ഓരേ ജീവിതങ്ങള്‍. അതിനാല്‍തന്നെ തീരദേശത്ത് എക്കാലവും ബാക്കിപത്രമാകുന്നത് കണ്ണീര്‍ക്കഥകള്‍ മാത്രമാണ്. ദുരിതങ്ങള്‍ ഒന്നുമറിയാതെ കളിച്ചുനടക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ അനര്‍ഥങ്ങള്‍ ഒഴിവാകാന്‍ ജപമാല ചെല്ലുന്ന അമ്മച്ചിമാരെവരെ ഇവിടെ കാണാം.

ജലംകൊണ്ട് മുറിവേറ്റ ഒരുസമൂഹമാണിത്. ഇവരുടെ കണ്ണീര്‍, കെടുകാര്യസ്ഥതയുടെ ഏറ്റകുറച്ചലില്‍ ഒഴുക്കാനുള്ളതല്ലെന്ന തിരിച്ചറിവുണ്ടാകണം അധികാരികള്‍ക്ക്. ന്യായമായ ആവശ്യങ്ങള്‍ക്കുള്ള നിലവിളി ഇനിയെങ്കിലും കേള്‍ക്കാതെ പോകരുത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m