നാൾക്കുനാൾ വർദ്ധിച്ചു വരുന്ന കര്‍ഷകരുടെ ആശങ്കകൾ ഇന്‍ഫാം ദേശീയ രക്ഷാധികാരിയായ താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയുമായി ചര്‍ച്ച ചെയ്തു.
ഇന്നലെ വൈകുന്നേരം നാലോടെ കോഴിക്കോട് കടവ് റിസോര്‍ട്ടിലായിരുന്നു കേന്ദ്രസഹമന്ത്രി വി. മുരളീധരനും ബിജെപി സംസ്ഥാന നേതാക്കളും ഉള്‍പ്പെടെ പങ്കെടുത്ത കൂടിക്കാഴ്ച നടന്നത്.
വന്യജീവി ശല്യവും ബഫര്‍ സോണ്‍ നിശ്ചയിച്ചതിലെ അപാകതയും മൂലം പൊറുതി മുട്ടുന്ന കര്‍ഷകരുടെ ആശങ്കകള്‍ ഉടന്‍ പരിഹരിക്കണമെന്നു കൂടിക്കാഴ്ചയില്‍ ബിഷപ് ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് നഡ്ഡ ബിഷപ്പിന് ഉറപ്പു നല്കി. ബഫര്‍സോണുമായി ബന്ധപ്പെട്ട വിജ്ഞാപനം ജൂണില്‍ വരുന്നതിനു മുന്‍പ് വില്ലേജുകള്‍ നിശ്ചയിച്ചതിലെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിഹരിക്കണം. വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നതു പതിവായിരിക്കുകയാണ്. ഇതുമൂലം കര്‍ഷകര്‍ ആകെ ദുരിതത്തിലാണ്.കാട്ടില്‍നിന്നു നാട്ടിലിറങ്ങുന്ന വന്യ ജീവികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊല്ലാനുള്ള അനുവാദം നല്‍കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സമീപകാലത്തായി എടുത്ത നിലപാടിൽ ആശങ്കയുണ്ടെന്നും ബിഷപ് ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ അധ്യക്ഷപദവിയിലേക്ക് ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളവരെയും പരിഗണിക്കണമെന്ന ആവശ്യവും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു.
കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചുകൊണ്ടുള്ള നിവേദനം നഡ്ഡയ്ക്കും കേന്ദ്രമന്ത്രി വി. മുരളീധരനും ബിഷപ് കൈമാറി. ബന്ധപ്പെട്ട മന്ത്രാലയവുമായി ചര്‍ച്ചചെയ്ത് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഇവര്‍ ഉറപ്പ് നല്കി. കൂടിക്കാഴ്ച പത്തുമിനിട്ടോളം നീണ്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group