കര്‍ഷക സമരത്തിലെ മലയാളി വൈദികന്‍…

    മോദി സർക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തിവന്ന സമര വിജയം കര്‍ഷകരുടെ ഇച്ഛാശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഫലമായിരുന്നു. ഒപ്പം തന്നെ ഈ സമരത്തെ നയിച്ച വിവിധ സംഘടനാ നേതാക്കളുടെയും പ്രവര്‍ത്തകരുടെയുമെല്ലാം അടുക്കും ചിട്ടയുമാര്‍ന്ന ത്യാഗോജ്വലമായ പ്രവര്‍ത്തന മികവുമായിരുന്നു.
    ഈ സമര മുഖത്ത് മുന്‍നിരയിലായി മലയാളികളായ നിരവധി പേരാണ് ഉണ്ടായിരുന്നത്. അതില്‍ വ്യത്യസ്ഥമായ ശൈലിയും ശബ്ദവുമായിരുന്നു കപ്പൂച്ചിന്‍ വൈദികനായ ഫാ. തോമസ് കക്കുഴിയില്‍. ഗാസിപ്പൂരിലെ സമര കേന്ദ്രത്തില്‍ കേരളത്തില്‍ നിന്നെത്തുന്ന സമരക്കാര്‍ക്ക് തുണയായി, യുണൈറ്റഡ് ഫാര്‍മേഴ്‌സ് ഓഫ് കേരള എന്ന പേരില്‍ ടെന്റ് സ്ഥാപിച്ച് അച്ചന്‍ കര്‍ഷക സമര വേദിയെ വ്യത്യസ്ഥമാക്കുകയായിരുന്നു. ഇതുവഴി കേരളത്തില്‍ നിന്നെത്തുന്ന കര്‍ഷകര്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിനും കേരളത്തിന്റേതായ ഒരു ഐഡന്റിറ്റി സമരമുഖത്ത് രൂപപ്പെടുത്തുന്നതിനും കഴിഞ്ഞു.

    അച്ചന്റെ ഈ പ്രവര്‍ത്തനത്തിന് മനുഷ്യാവകാശ പ്രവര്‍ത്തകരായ അഡ്വ. ദീപ, സോണി, അജീഷ്, സജി എന്നിവരുടെ പിന്തുണയും ഉണ്ടായിരുന്നു. യൂണൈറ്റഡ് ഫാര്‍മേഴ്‌സ് ഓഫ് കേരളയുടെ കണ്‍വീനറായിരുന്നു ഫാ. തോമസ് കക്കുഴിയില്‍. സാമൂഹിക രാഷ്ട്രീയ സന്നദ്ധ പ്രവര്‍ത്തകനായ വിന്‍സന്റ് ഫിലിപ്പായിരുന്നു കോ-ഓര്‍ഡിനേറ്റര്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ സമരവേദിയിലായിരുന്ന അച്ചന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവുകയും ആശുപത്രിയിലേക്ക് മാറുകയും ചെയ്തിരുന്നു. എന്നാല്‍ അതിന് ശേഷമുള്ള വിശ്രമവേളകളിലും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കൊപ്പം കര്‍ഷക ശബ്ദമായി മാറാന്‍ അച്ചന് കഴിഞ്ഞു.

    വയനാട് ജില്ലയിലെ മരകാവ് ഇടവകയിലെ കക്കുഴിയില്‍ മാണി-അന്നക്കുട്ടി ദമ്പതികളുടെ ഏഴു മക്കളില്‍ ഏറ്റവും ഇളയ മകനായി 1967 മാര്‍ച്ച് 14-നാണ് തോമസ് ജനിച്ചത്. ഹിന്ദി വിദ്ധ്വാന്‍ പഠിച്ച ശേഷം 1990-ല്‍ പുല്‍പ്പള്ളി പഴശിരാജ കോളജില്‍ പിഡിസിക്ക് പഠിച്ചു. ആ സമയം കോളജിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു.
    തോമസ് ഭരണങ്ങാനം, കട്ടപ്പന, ആന്ധ്രാ, പഞ്ചാബ്, ജലന്തര്‍ തുടങ്ങിയ സ്ഥലങ്ങളിലായി സെമിനാരി പഠനം പൂര്‍ത്തീകരിച്ചു. നോര്‍ത്ത് ഇന്ത്യയിലെ ക്രിസ്തു ജ്യോതി പ്രൊവിന്‍സായിരുന്നു പ്രവര്‍ത്തന മേഖല.

    പഞ്ചാബ് ബട്ടാല ഇടവകയില്‍ വികാരിയായും ധ്യാന കേന്ദ്രം ഡയറക്ടറായും 11 വര്‍ഷം സേവനം ചെയ്തു. പിന്നീട് രണ്ട് വര്‍ഷം രാജസ്ഥാനിലും പ്രവര്‍ത്തിച്ചു. ഡല്‍ഹിക്ക് സമീപം ഗാസിയബാദില്‍ സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരുന്നു. ഇപ്പോള്‍ പ്രായം ചെന്ന വൈദികരെ ശുശ്രൂഷിക്കുന്ന ജ്യോതി ഭവനെന്ന കപ്പൂച്ചിന്‍ ഭവനത്തില്‍ സേവനം ചെയ്യുന്നു. ധ്യാന പ്രസംഗങ്ങളും ഫാ. തോമസ് കക്കുഴിയില്‍ നടത്താറുണ്ട്.

    വടക്കേന്ത്യ കേന്ദ്രീകരിച്ച് നിരവധി സാമൂഹ്യ സേവന മേഖലകളിലും ഈ വൈദികന്‍ സജീവമാണ്. ‘ഒരാള്‍ ഒരാളെ പഠിപ്പിക്കു, ഒരാള്‍ ഒരാളെ രക്ഷിക്കൂ’ ((Each one Teach One, Each One Save One)) എന്ന മൂവ്‌മെന്റിലൂടെ ദരിദ്രരായ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം കൊടുക്കുന്നതിനും മദ്യത്തിനും മയക്ക് മരുന്നിനും അടിമകളായവരെ അതില്‍ നിന്ന് മോചിപ്പിക്കുന്നതിനുമൊപ്പം രോഗികളായവര്‍ക്ക് ചികിത്സാ സഹായങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
    നാനാ മതസ്ഥരായ യുവാക്കളെ സംഘടിപ്പിച്ചുകൊണ്ട് ഐ ആം വിത്ത് യു (ഞാന്‍ നിങ്ങളോട് കൂടെ) എന്ന മൂവ്‌മെന്റിന്റെ പ്രവര്‍ത്തനവും സജീവമാണ്. ഇതിലൂടെ ചേരിയിലെ കുട്ടികളെ പഠിപ്പിക്കുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുന്നു. മദ്യവിപത്തിനെക്കുറിച്ച് അച്ചന്‍ ചെയ്ത ഡോക്യുമെന്ററി ഫിലിമായ ‘നശ’ (Nasha) പഞ്ചാബി, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായിരുന്നു. ആത്മഹത്യക്ക് എതിരെ നിരവധി ക്ലാസുകള്‍ അച്ചന്‍ നടത്തിയിട്ടുണ്ട്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group