“സീയോനിൽ കാഹളം മുഴക്കുവിൻ. ഉപവാസം പ്രഖ്യാപിക്കുവിൻ. മഹാസഭ വിളിച്ചുകൂട്ടുവിൻ. സമൂഹത്തെ വിശുദ്ധീകരിക്കുവിൻ. ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടുവിൻ. കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും ഒന്നിച്ചുകൂട്ടുവിൻ. മണവാളൻ തന്റെ മണവറയും മണവാട്ടി തന്റെ ഉറക്കറയും വിട്ടു പുറത്തുവരട്ടെ. കർത്താവിന്റെ ശുശ്രൂഷകരായ പുരോഹിതന്മാർ പൂമുഖത്തിനും ബലിപീഠത്തിനും മധ്യേ നിന്ന് കരഞ്ഞുകൊണ്ടു പ്രാർഥിക്കട്ടെ: കർത്താവേ, അങ്ങയുടെ ജനത്തെ ശിക്ഷിക്കരുതേ!” (ജോയേൽ 2: 15-17).
നോന്പാചരണത്തിന്റെ ഒരു മുഖ്യഘടകമാണ് ഉപവാസം. അടുത്തു വസിക്കുക, അടുത്തായിരിക്കുക എന്നാണല്ലോ ഉപവാസം എന്ന വാക്കിന്റെ വാച്യാർഥം. നാലു തരത്തിലുള്ള ബന്ധങ്ങൾ സൂചിപ്പിക്കുന്നതാണ് ഈ വാക്ക്. ആരോടൊക്കെ അടുത്തായിരിക്കണം എന്ന് ഓർമിപ്പിക്കുന്ന നാലു കാര്യങ്ങൾ. 1. അയൽക്കാരനോട് 2. പ്രപഞ്ചത്തോട് 3. എന്നോട് 4. ദൈവത്തോട്. ഈ നാലു ബന്ധങ്ങളാണ് എന്നെ ഞാനാക്കുന്നത്. ഈ ബന്ധങ്ങളിൽ വിള്ളൽ വീണിട്ടുണ്ടെങ്കിൽ പരിഹരിക്കണം.
നമ്മൾ ആരും തനിച്ചല്ല. ഒരു മനുഷ്യനും ഏകനായിപ്പോകരുത്. മനുഷ്യസമൂഹത്തിന്റെ ഭാഗമാണ് ഓരോ വ്യക്തിയും. ജാതി-മത-വർണ-വർഗ-പാർട്ടി-തൊഴിൽ വ്യത്യാസങ്ങൾക്കെല്ലാം ഉപരി നാമെല്ലാവരും മനുഷ്യരാണ്. ഓരോ മനുഷ്യപ്രകൃതിയിലും മനുഷ്യസമൂഹത്തിലും പങ്കുകാർ. ഒരേ ദൈവത്തിന്റെ മുഖം വഹിക്കുന്നവർ. അയൽക്കാരനെ ശത്രുവായി കാണുന്ന വഴിതെറ്റിയ തത്വചിന്തകൾ പരിത്യജിച്ച്, എല്ലാവരെയും സ്നേഹിതരും സഹോദരങ്ങളുമായി പരിഗണിച്ച് സ്വീകരിക്കാൻ ഉപവാസം നമ്മെ അനുസ്മരിപ്പിക്കുന്നു.
നാമെല്ലാം ഈ സൃഷ്ടപ്രപഞ്ചത്തിന്റെ ഭാഗമാണ്. നമ്മൾ ആരും ഈ ഭൂമിയുടെ അധിപന്മാരല്ല; ഇവിടത്തെ കൃഷിക്കാരും കാവൽക്കാരുമാണ്. “ഏദൻതോട്ടം കൃഷി ചെയ്യാനും സംരക്ഷിക്കാനും ദൈവമായ കർത്താവ് മനുഷ്യനെ അവിടെയാക്കി’’ (ഉത്പത്തി 2, 16) എന്ന തിരുവചനം ഈ പ്രപഞ്ചത്തിൽ മനുഷ്യനുള്ള സ്ഥാനവും ഉത്തരവാദിത്വവും എന്തെന്നു പഠിപ്പിക്കുന്നു. മനുഷ്യന് ഇഷ്ടംപോലെ ചൂഷണം ചെയ്യാനും നശിപ്പിക്കാനുമായി കിട്ടിയിരിക്കുന്ന ഒരു വസ്തുവല്ല പ്രപഞ്ചം. മനുഷ്യന്റെ നിലനില്പും സുസ്ഥിതിയും ഈ പ്രപഞ്ചത്തിന്റെ തന്നെ സന്തുലിതാവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.
ഞാൻ ആരെന്നും എന്റെ ഇടപെടലും ലക്ഷ്യവും എന്തെന്നും അറിയണം. അംഗീകരിക്കണം. എന്നോടുതന്നെ ഐക്യത്തിൽ കഴിയണം. ദൈവത്തിന്റെ ഛാ യയിൽ സൃഷ്ടിക്കപ്പെട്ട, ദൈവത്തിന്റെ മകൻ/മകൾ ആണു ഞാൻ. എനിക്കൊരു ലക്ഷ്യമുണ്ട്. എന്നേക്കും സന്തോഷമായി ദൈവത്തോടൊന്നിച്ചു വസിക്കുക.
അതിനായി ഞാൻ എന്നെത്തന്നെ ഒരുക്കണം. നാശത്തിലേക്കു നയിക്കുന്ന ആസക്തികളെ തിരിച്ചറിഞ്ഞ് നിയന്ത്രിക്കണം. എന്റെ ഉള്ളിൽ നടക്കുന്ന നന്മയും തിന്മയും തമ്മിലുള്ള സംഘട്ടനത്തിൽ നന്മ തെരഞ്ഞെടുത്ത്, തിന്മയെ കീഴടക്കണം. എന്റെ സത്വം തിരിച്ചറിഞ്ഞ്, അംഗീകരിച്ച്, എന്നോടുതന്നെ സമാധാനത്തിൽ കഴിയണം. ഇതാണ് ഉപവാസത്തിന്റെ മൂന്നാമത്തെ ഘടകം.
ഇതിനേക്കാൾ എല്ലാം പ്രധാനപ്പെട്ടതും ഇവയുടെയെല്ലാം അടിസ്ഥാനവുമാണ് നാലാമത്തെ ഘടകം – ഞാനും ദൈവവുമായുള്ള ബന്ധം. ദൈവമാണ് എല്ലാറ്റിന്റെയും ഉറവിടം; എല്ലാറ്റിന്റെയും ലക്ഷ്യവും ദൈവംതന്നെ. അവിടുത്തെ തിരുഹിതമാണ് എല്ലാവർക്കും എല്ലാറ്റിനും ജീവിതനിയമം. ഈ സത്യം അംഗീകരിക്കുക. ദൈവഹിതം ജീവിതനിയമമായി സ്വീകരിക്കുക- ഇതാണ് യഥാർഥ ഉപവാസം.
ഉപവാസത്തെ ഏതാനും ചടങ്ങുകൾ മാത്രമായി വെട്ടിച്ചുരുക്കരുത്. ഭക്ഷണം ത്യജിക്കുന്നതിനെയാണല്ലോ സാധാരണ “ഉപവാസം’’ എന്ന വാക്കുകൊണ്ട് മനസിലാക്കുക. ഇതെല്ലാം അടയാളങ്ങളാണ്. യഥാർഥ ഉപവാസത്തിനു സഹായകമാകാം. എന്നാൽ ദൈവത്തോടും സഹജീവികളോടും സൃഷ്ടപ്രപഞ്ചത്തോടും എന്നോടുതന്നെയും അടുത്തു വസിക്കുന്നതാണ് ഉപവാസം. അതാണ് യഥാർഥ സന്തോഷത്തിനും സമാധാനത്തിനും നിദാനം എന്നു നോന്പുകാലം നമ്മെഓർമപ്പെടുത്തുന്നു..
കടപ്പാട് : ഫാ. മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group