യേശു പറഞ്ഞു: “പിതാവേ അവരോടു ക്ഷമിക്കണമേ; അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല’’(ലൂക്ക 23,34).
ലൂക്കാ മാത്രം രേഖപ്പെടുത്തിയിരിക്കുന്ന ക്രൂശിതന്റെ മൂന്നു തിരുവചനങ്ങളിൽ ആദ്യത്തേതാണിത്. നോന്പുകാലത്തിന്റെയും പെസഹായുടെയും സന്ദേശം വ്യക്തമായി പഠിപ്പിക്കുന്ന ഒരു മാതൃക. “ശത്രുക്കളെ സ്നേഹിക്കുവിൻ’’എന്ന ഗുരുമൊഴി എപ്രകാരം പ്രാവർത്തികമാക്കണമെന്നു ഗുരുനാഥൻ സ്വന്തം മാതൃകയിലൂടെ പഠിപ്പിക്കുന്നു.
ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച്, ചെയ്യാത്ത തെറ്റുകൾക്കു ശിക്ഷയായി മതകോടതിയും രാഷ്ട്രീയകോടതിയും വധശിക്ഷയ്ക്കു വിധിച്ച് കുരിശിൽ തറച്ചവന്റെ അധരത്തിൽനിന്നാണ് ഈ തിരുമൊഴി ഉതിരുന്നത് എന്നതു പ്രത്യേകം ശ്രദ്ധിക്കണം. ദൈവത്തെ പിതാവേ എന്നു വിളിച്ചുകൊണ്ടാണ് യേശു പ്രാർഥിക്കുന്നത്. എല്ലാം അറിയുന്നവൻ, എല്ലാറ്റിനും കഴിവുള്ളവൻ. ദൈവം തന്റെ പിതാവാണ്. പിതാവിന്റെ ഹിതമാണ് ഇവിടെ നിറവേറുന്നത്. ആ പദ്ധതി പൂർത്തിയാക്കാൻ ദൈവം ഉപകരണമാക്കിയവരാണ് ഇവിടെ യേശുവിന്റെ ശത്രുക്കളായി നിൽക്കുന്നത്. അവർക്കുവേണ്ടിയാണ് പ്രാർഥന. അവരോടു ക്ഷമിക്കണം.
അതിനു കാരണമായി ഒരു കാര്യം എടുത്തുപറയുന്നു. അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. ഇതു സത്യമാണോയെന്നു സംശയം തോന്നാം. യേശു നിരപരാധിയാണെന്നു മനസിലാക്കി കൈ കഴുകിയ പീലാത്തോസിനറിയില്ലേ താൻ ചെയ്യുന്നതു തെറ്റാണെന്ന്? അനേകം സാക്ഷികൾ ശ്രമിച്ചിട്ടും ഒരു കുറ്റവും തെളിയിക്കാൻ കഴിഞ്ഞില്ല എന്നുകണ്ട സാൻഹെദ്രീൻ സംഘത്തിനറിയില്ലേ യേശു നിരപരാധിയാണെന്ന്? അപ്പോൾ അവർ ചെയ്യുന്നതെന്താണെന്നറിയുന്നില്ല എന്നു പറയുന്നതു ശരിയാണോ? അല്ലെന്നു തോന്നാം. എന്നാൽ ഇതിനൊരു മറുവശമുണ്ട്.
മതാത്മക കോടതിയിൽ യേശുവിനെതിരേ ഉന്നയിച്ചത് ആത്യന്തികമായി ദൈവദൂഷണമാണ്. അവൻ സ്വയം ദൈവതുല്യനായി, ദൈവമായി പ്രഖ്യാപിക്കുന്നു. ഇത് എല്ലാവർക്കും ബോധ്യമായി. ഇതിനെ വധശിക്ഷയർഹിക്കുന്ന കുറ്റമായി അവർ കരുതി. പീലാത്തോസിന്റെ മുന്പിൽവച്ച് താൻ രാജാവാണെന്നു സംശയത്തിനു പഴുതില്ലാതെ യേശു പ്രഖ്യാപിച്ചു. അതും മരണശിക്ഷയർഹിക്കുന്ന രാജ്യദ്രോഹക്കുറ്റമാണ്. വധശിക്ഷയ്ക്കു കാരണമായി കുരിശിൻമുകളിൽ എഴുതിവച്ച ‘INRI’ (നസ്രായൻ യേശു, യൂദന്മാരുടെ രാജാവ്) എന്ന കുറ്റപത്രം ഇതു വ്യക്തമാക്കുന്നു. അതിനാൽ ഈ ശിക്ഷ വിധിച്ചവരെ തെറ്റുകാരെന്നു പറയാൻ കഴിയുമോ? ഇതുതന്നെയാണ് പിതാവിന്റെ മുന്പിൽ മാപ്പിരക്കുന്പോൾ യേശു ഉന്നയിക്കുന്ന ന്യായവാദം.
അവർ അറിഞ്ഞില്ല തങ്ങൾ എന്താണു ചെയ്യുന്നതെന്ന്. ദൈവപുത്രനെ ദൈവദൂഷകനായും മിശിഹാരാജാവിനെ രാജദ്രോഹിയായും വിധിക്കുന്നതിലെ വൈരുദ്ധ്യം അവർ ഗ്രഹിച്ചില്ല. തങ്ങൾക്കു ശരിയെന്നു തോന്നിയത് അവർ ചെയ്തു. അത് ഏറ്റവും വലിയ പാപമാണെന്ന് അവർ മനസിലാക്കിയില്ല.
മിക്കവാറും എല്ലാവരുടെയും കാര്യത്തിൽ ഇതുതന്നെയല്ലേ സംഭവിക്കുന്നത്? ചെയ്യുന്ന തെറ്റിന്റെ എല്ലാ വശങ്ങളും അറിഞ്ഞുകൊണ്ടായിരിക്കണമെന്നില്ല നാം പ്രവർത്തിക്കുന്നത്. ഓരോ തെറ്റും ചെയ്യുന്പോൾ അതിലൂടെ ലഭിക്കാവുന്ന നന്മ, ലാഭം മാത്രമായിരിക്കും ചിന്താവിഷയം. ദൈവഹിതത്തിനു വിരുദ്ധമായോ അയൽക്കാരനെതിരായോ പ്രവർത്തിക്കുന്നു എന്നതിന് അത്ര പ്രാധാന്യം കല്പിച്ചെന്നുവരില്ല. ആത്മാവിന്റെ പ്രചോദനങ്ങൾക്കു കാതടയ്ക്കുന്നവർക്ക് ക്രമേണ ആ പ്രചോദനങ്ങൾ കേൾക്കാൻ കഴിയാതെപോകും.
വഴിതെറ്റിയ മതതീക്ഷ്ണതയിലും രാഷ്ട്രീയ ഭീകരതയിലും സ്വാർഥലാഭവും സുഖസൗകര്യങ്ങളും തേടുന്ന വ്യക്തികളുടെയും സമൂഹങ്ങളുടെയും ചിന്താഗതിയിലും അതു രൂപംകൊടുക്കുന്ന ആർത്തിയുടെ സംസ്കാരത്തിലും എല്ലാം ഇതു ബാധകമല്ലേ? കോടിക്കണക്കിനു ഗർഭസ്ഥശിശുക്കളെ വധിക്കുന്ന, ലോകജനസംഖ്യയിൽ പകുതിയോളം പേരെ പട്ടിണിയിലാഴ്ത്തുന്ന ഉപഭോഗ-മരണ സംസ്കാരത്തിലും എല്ലാം യേശുവിന്റെ പ്രാർഥന പ്രസക്തമാകുന്നു-അവർ ചെയ്യുന്നത് എന്തെന്ന് അവർ അറിയുന്നില്ല.
എന്നാൽ ഇത് തിന്മയിൽ തുടരാൻ അനുവദിക്കുന്നതായി കരുതാൻ പാടില്ല. യേശുവിന്റെ പ്രാർഥന നമുക്കു മാതൃകയും പ്രചോദനവുമാകണം. മറ്റുള്ളവരോടു ക്ഷമിക്കാനും ക്ഷമയ്ക്കായി പിതാവിനോട് അപേക്ഷിക്കാനും ഇതു പ്രേരകമാകണം. പിതാവ് പ്രാർഥന കേൾക്കും. അതേസമയം നാമും ക്ഷമിക്കാൻ തയാറാകണം എന്നതും മറക്കാതിരിക്കാം.
കടപ്പാട് : ഫാ. മൈക്കിൾ കാരിമറ്റം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group