ഇന്ന് പരിശുദ്ധ കന്യക മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍..

ഇന്ന് പരിശുദ്ധ കന്യകാ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളായി ആഗോള സഭ ആചരിക്കുന്നു.കത്തോലിക്കാ സഭയുടെ വിശ്വാസ സിദ്ധാന്തമായി 1950 നവംബര്‍ ഒന്നിന് പിയൂസ് പന്ത്രണ്ടാമന്‍ പാപ്പായാണ് ‘മാതാവിന്റെ സ്വര്‍ഗ്ഗാരോപണ പ്രഖ്യാപിച്ചത്.
പരിശുദ്ധ മറിയത്തിന്റെ ശരീരവും, ആത്മാവും സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്ന വസ്തുതയായിരുന്നു പാപ്പായുടെ വിശദീകരണത്തിന്റെ കാതല്‍.പരിശുദ്ധ അമ്മയുടെ പേരിലുള്ള ഏറ്റവും പഴക്കമേറിയ തിരുനാള്‍ ദിനം സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ആണ്. എന്നാല്‍ ഈ തിരുനാളാഘോഷം ഏറ്റവും ആദ്യമായി നിലവില്‍ വന്നതെങ്ങിനെ എന്ന് അറിവില്ല. ഇത് റോമന്‍ ചക്രവര്‍ത്തിയായ കോണ്‍സ്റ്റന്റൈന്‍ ജെറുസലേം നഗരം വിശുദ്ധ നഗരമായി പുനസ്ഥാപിച്ച കാലങ്ങളില്‍ ആയിരുന്നിരിക്കാമെന്ന് കരുതപ്പെടുന്നു.ഏഴാം നൂറ്റാണ്ടില്‍, ‘ദൈവമാതാവിന്റെ ഗാഢ നിദ്ര’ എന്ന പേരില്‍ ഈ തിരുനാള്‍ റോമില്‍ ആഘോഷിക്കപ്പെട്ടു തുടങ്ങി. മാതാവിന്റെ മരണത്തേക്കാളുപരിയായ പല കാര്യങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് അധികം താമസിയാതെ ഈ ആഘോഷത്തിന്റെ പേര് ‘മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണം’ എന്നായി മാറി. പരിശുദ്ധ മാതാവ് തന്റെ ഉടലോടും ആത്മാവോടും കൂടി സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെട്ടു എന്ന് ഈ തിരുനാള്‍ പ്രഖ്യാപിക്കുന്നു. ഈ വിശ്വാസം അപ്പസ്‌തോലന്‍മാരുടെ കാലത്തോളം പഴക്കമുള്ള ഒന്നാണ്.
പരിശുദ്ധ മറിയത്തിന്റെ തിരുശേഷിപ്പുകള്‍ ഒന്നും തന്നെ ആദരിക്കപ്പെട്ടിരുന്നില്ല എന്ന വസ്തുത ആദ്യം മുതലേ വ്യക്തമാക്കപ്പെട്ടിട്ടുള്ള ഒന്നാണ്. ജെറുസലേമിന്റെ ഒരറ്റത്ത് അവള്‍ മരണപ്പെട്ട സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കല്ലറ മാത്രമാണ് ആകെ ഉള്ളത്. ആ സ്ഥലം അധികം താമസിയാതെ ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറുകയും ചെയ്തു. ഇപ്പോള്‍ ആ സ്ഥലത്ത് ‘ഡോര്‍മീഷന്‍ ഓഫ് മേരി’ എന്ന ബെനഡിക്ട്ന്‍ ആശ്രമമാണ് സ്ഥിതി ചെയ്യുന്നത്.
ലോകത്തിലെ മുഴുവന്‍ മെത്രാന്‍മാരും പങ്കെടുത്ത് കൊണ്ട് 451-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ ചാല്‍സിഡോണ്‍ സുനഹദോസ് കൂടിയപ്പോള്‍, തങ്ങളുടെ തലസ്ഥാനത്ത് സൂക്ഷിക്കുവാനായി പരിശുദ്ധ മറിയത്തിന്റെ തിരുശേഷിപ്പുകള്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് കൊണ്ട് വരാന്‍ മാര്‍സിയന്‍ ചക്രവര്‍ത്തി ജെറുസലേമിലെ പാത്രിയര്‍ക്കീസിനോട് ആവശ്യപ്പെട്ടു. പിന്നീട് മാതാവിന്റെ കല്ലറ തുറന്ന് നോക്കിയെങ്കിലും അത് ശൂന്യമായി കിടക്കുന്നതാണ് കണ്ടതെന്നും അതിനാല്‍ മറിയം ഉടലോടെ സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെട്ടുവെന്ന് അപ്പസ്‌തോലന്‍മാര്‍ അനുമാനിച്ചുവെന്നും പാത്രിയാര്‍ക്കീസ് ചക്രവര്‍ത്തിയെ അറിയിച്ചു.
എട്ടാം നൂറ്റാണ്ടില്‍ ജെറുസലേമിലെ വിശുദ്ധ സ്ഥലങ്ങളില്‍ ദിവ്യ കര്‍മ്മങ്ങള്‍ അര്‍പ്പിക്കുന്നതില്‍ പ്രസിദ്ധനായിരുന്നു വിശുദ്ധ ജോണ്‍ ഡമാസെന്‍സ്. മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളിനെക്കുറിച്ചുള്ള തിരുസഭയുടെ വിശ്വാസം പരിശുദ്ധ മറിയത്തിന്റെ കബറിടത്തില്‍ വെച്ച് വിശുദ്ധന്‍ ഇപ്രകാരം പ്രകടിപ്പിക്കുകയുണ്ടായി.

”മൃതദേഹം യഥാവിധി അടക്കം ചെയ്തുവെങ്കിലും, അത് മരണപ്പെട്ട അതേ അവസ്ഥയില്‍ അവിടെ കണ്ടെത്തുവാന്‍ കഴിയുകയോ, മൃതദേഹം അഴുകുകയോ ചെയ്തിട്ടില്ല. അങ്ങ് അങ്ങയുടെ സ്വര്‍ഗ്ഗീയ ഭവനത്തിലേക്ക് എടുക്കപ്പെട്ടു, ഓ മാതാവേ, രാജ്ഞി, അങ്ങ് സത്യത്തില്‍ ദൈവമാതാവാണ്”. മറിയത്തിന്റെ ജീവിത രഹസ്യവും രക്ഷാകര ദൗത്യത്തിലുള്ള അവളുടെ പങ്കും അടയാളപ്പെടുത്തുന്നവയാണ് മറിയത്തിന്റെ എല്ലാ തിരുനാളുകളും…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group