മാര്‍തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍

ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുകളും
ദുക്റാനാ എന്നാല്‍ അനുസ്മരണം, ഓര്‍മ്മ. അതുകൊണ്ട് ജൂലൈ 3 നമുക്ക് ഓര്‍മ്മകളുടെ ആഘോഷമാണ്. ഒരു വിശ്വാസ സമൂഹത്തിന്‍റെ പൊതുവായ ഓര്‍മ്മകള്‍ ആണ് ആഘോഷിക്കപ്പെടുന്നത്. ആ ഓര്‍മ്മകള്‍ക്ക് ചരിത്രത്തിന്‍റെ ശക്തമായ പിന്‍ബലമുള്ളതുകൊണ്ടാണ് അവ ഒരു തരത്തിലുമുള്ള മായംകലര്‍ത്തലുകള്‍ക്കും വിധേയമാകാതെ നൂറ്റാണ്ടുകള്‍ക്ക് ശേഷവും അവയുടെ പ്രാക് രൂപത്തില്‍ തന്നെ നിലകൊള്ളുന്നത്. തോമാശ്ലീഹാ കേരളത്തില്‍ വന്നതും ക്രൈസ്തവ സഭാ സമൂഹങ്ങള്‍ സ്ഥാപിച്ചതും മൈലാപ്പൂരില്‍ വെച്ച് രക്തസാക്ഷിയായതും തലമുറകള്‍ സാക്ഷ്യപ്പെടുത്തുന്ന ചരിത്ര വസ്തുതയാണ്. സുബോധത്തിന്‍റെയും സ്ഥിര ബുദ്ധിയുടെയും തെളിവാണ് ഓര്‍മ്മകള്‍ ഉണ്ടാവുക എന്നത്. അത് വ്യക്തിക്കും സമൂഹത്തിനും ഒരു പോലെയാണ്. സ്വത്വബോധം നഷ്ടപ്പെടുന്നവന് ഭൂതകാലം വിസ്മ്രുതമാകും. കേരളത്തിലെ മാര്‍തോമ്മാനസ്രാണി സമൂഹത്തിന് ഈ സ്വത്വബോധം നഷ്ടമാവുക എന്ന അപചയം സംഭവിക്കാതിരിക്കാനാണ് ഓര്‍മ്മകള്‍ നിരന്തരം ആഘോഷിക്കപ്പെടുന്നതും ആഘോഷിക്കപ്പെടേണ്ടതും.
കേരളത്തിലെ മാര്‍തോമ്മാക്രിസ്ത്യാനികള്‍ക്ക് തോമാശ്ലിഹാ എന്നത് വിവിധ വികാരങ്ങള്‍ ഉണര്‍ത്തുന്ന ഒരു നാമമാണ്. രണ്ടു സഹസ്രാബ്ദങ്ങളുടെ ചരിത്രവും പാരമ്പര്യവും പേറുന്ന, സമൂഹ മനസ്സില്‍ അലിഞ്ഞു ചേര്‍ന്ന, ഒരു നാമം. ഗ്രുഹാതുരത്വം പേറുന്ന ആ നാമമാണ് ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ ജീവിക്കുന്ന മാര്‍തോമ്മാനസ്രാണി മക്കളെ ഒന്നിപ്പിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന ഘടകം. വിരുന്നു വന്നവര്‍ക്കും കുടിയേറാന്‍ വന്നവര്‍ക്കും ആ നാമത്തിനു പുറകിലുള്ള ചരിത്രവും പാരമ്പര്യവും തള്ളിക്കളയാന്‍ സാധിച്ചില്ല എന്ന് മാത്രമല്ല അതിനെ സ്വന്തമായി സ്വീകരിക്കേണ്ടിയും വന്നു. അതുകൊണ്ട് കേരളത്തിലെ മാര്‍തോമ്മാ നസ്രാണി സ്വത്വം തോമാശ്ലീഹായുടെ വിശ്വാസ പരമ്പര്യത്തിന്‍റെ സജീവ സാക്ഷ്യമാണ്. ആ സാക്ഷ്യം പലവുരു ഏറ്റുപറയുമ്പോള്‍ ഈശോയിലുള്ള നമ്മുടെ വിശ്വാസമാണ് നാം പ്രഘോഷിക്കുന്നത്.
ദുക്റാനാ തിരുനാള്‍ നമ്മുടെ വിശ്വാസത്തിന്‍റെ ആഘോഷമാകട്ടെ. നമ്മൂടെ ക്രൈസ്തവ അസ്തിത്വത്തിന്‍റെ ആഘോഷമാകട്ടെ. തോമാശ്ലീഹായിലൂടെ ലഭിച്ച ക്രൈസ്തവ വിശ്വാസം തനിമ നഷ്ടപ്പെടാതെ പിന്‍തലമുറകളിലേക്ക് കൈമാറ്റം ചെയ്ത നമ്മുടെ പൂര്വ്വികരെയും നമുക്ക് ഓര്‍ക്കാം. അപ്പോള്‍ മാത്രമേ ഈ ദുക്റാന തിരുനാള്‍ അര്‍ത്ഥപൂര്‍ണമാവുകയുള്ളൂ. കാരണം ദുക്റാന എന്നാല്‍ ഓര്‍മ്മിക്കുക മാത്രമല്ല, ഓര്‍മ്മപ്പെടുത്തലുകള്‍ കൂടിയാകണം.
എല്ലാവര്‍ക്കും ദുക്റാന തിരുനാളിന്‍റെ മംഗളങ്ങള്‍!

ഫാ. ജെയിംസ് കുരുകിലാംകാട്ട്
തോമസയിന്‍ റിസര്‍ച്ച് സെന്‍റര്‍, തുമ്പൂര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group