മാര്‍തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ഏഴുദിന ഒരുക്കം അഞ്ചാം ദിവസം

ഉത്തമ പ്രേഷിത മാത്രുക
“പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്ക് ആകാശമുണ്ട്, മനുഷ്യപുത്രന് തലചായ്ക്കാന്‍ ഇടമില്ല.” ഗുരുവിനെ പോലെ തന്നെ ദൌത്യ നിര്‍വ്വഹണത്തിനായി വിശ്രമമില്ലാതെ എന്നും യാത്രാ നിരതനായിരുന്ന മിഷനറി അപ്പസ്തോലനായിരുന്നു തോമാശ്ലീഹാ. എവിടെയും സ്ഥിരമായ വാസസ്ഥലം അദ്ദേഹം ആഗ്രഹിച്ചില്ല. തോമാശ്ലീഹായെ കുറിച്ചുള്ള പാരമ്പര്യ അറിവുകളും ചരിത്ര വസ്തുതകളൂം വെളിവാക്കുന്നത് എന്നും വ്യഗ്രചിത്തനും പ്രവര്‍ത്തനോന്മുഖനുമായ, പുതിയ പ്രേഷിത മേഖലകള്‍ അന്വേഷിക്കുന്ന ഒരപ്പസ്തോലനെയാണ്. ജെറുസലമില്‍ ആരംഭിച്ച ആ പ്രേഷിത യാത്ര മൈലാപ്പൂരില്‍ അവസാനിക്കുന്നതു വരെ അദ്ദേഹം നിരന്തരമായ, അക്ഷീണമായ യാത്രയിലായിരുന്നു. മരണശേഷവും അവസാനിക്കാത്ത യാത്രയായിരുന്നു ശ്ലീഹായുടേത്. അദ്ദേഹത്തിന്‍റെ ഭൌതികാവവിശഷ്ടങ്ങള്‍ ആദ്യം എദേസ്സയിലേക്കും പിന്നെ കിയോസിലേക്കും അവിടെനിന്ന് വീണ്ടും ഒര്‍ത്തോണയിലേക്കും സംവഹിക്കപ്പെട്ടു. ആ ദിവ്യശേഷിപ്പിന്‍റെ ഒരംശം 1958 -ല്‍ നമ്മുടെ കൊടുങ്ങല്ലൂരിലും എത്തി.അത്ഭുതാവഹമായ ഒരു പ്രേഷിത ചരിത്രമാണ് തോമാശ്ലീഹായുടേത്. ഏകദേശം മുപ്പത്തിരണ്ട് വര്‍ഷക്കാലത്തിനുള്ളില്‍ അദ്ദേഹം പൌരസ്ത്യ ദേശം മുഴുവന്‍ യാത്ര ചെയ്തു എന്നാണ് മനസ്സിലാകുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ കിഴക്കിന്‍റെ അപ്പസ്തോലന്‍ എന്ന് വിളിക്കുന്നത്. തന്‍റെ ആദ്യ പ്രേഷിത യാത്രയില്‍ ഇന്നത്തെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍‍ എന്നിവ ഉള്‍പ്പെടുന്ന ഇന്തോ‍-പാര്‍ത്തിയന്‍ രാജ്യത്തില്‍ എത്തിയ തോമാശ്ലീഹാ തക്ഷശില ആസ്ഥാനമാക്കി സഭാസമൂഹങ്ങള്‍ സ്ഥാപിച്ച് പട്ടുനൂല്‍ മാര്‍ഗ്ഗത്തിലൂടെ ജെറുസലെമില്‍ തിരികെ എത്തി. അവിടെ നിന്നും രണ്ടാമതൊരു യാത്രയില്‍ അദ്ദേഹം കേരളത്തില്‍ എത്തുകയും വിവിധ സ്ഥലങ്ങളില്‍ സഭാ സമൂഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് കൊറമാണ്ടല്‍ തീരങ്ങളിലേക്ക് കടന്ന ശ്ലീഹാ അവിടെയും സഭ സ്ഥാപിച്ചു. അവിടെ നിന്ന് ചൈന വരെയും പോയി എന്ന് നമ്മുടെ പാരമ്പര്യങ്ങളില്‍ ഉണ്ട്.ഇപ്രകാരം ഒരിക്കലും തളരാത്ത, വിശ്രമം ആഗ്രഹിക്കാത്ത, സ്ഥായിയായ വാസസ്ഥലങ്ങള്‍ കാംക്ഷിക്കാത്ത ഒരു പ്രേഷിതന്‍റെ മാത്രുകയാണ് തോമാശ്ലീഹാ നമ്മുടെ മുമ്പില്‍‍‍ വെക്കുന്നത്. എപ്പോഴും ആത്മാവിന്‍റെ പ്രചോദനങ്ങള്‍ക്ക് കാതോര്‍ക്കുകയും അവയനുസരിച്ച് ജീവിതയാത്രയെ ക്രമീകരിക്കുകയും ചെയ്യുന്ന പ്രേഷിതരായി തീരുവാന്‍ നമുക്ക് സാധിക്കട്ടെ. തോമാശ്ലീഹാ അതിനായുള്ള ഉത്തമ മാത്രുകയാകട്ടെ.
ഫാ. ജെയിംസ് കുരുകിലാംകാട്ട്
തോമസയിന്‍ റിസര്‍ച്ച് സെന്‍റര്‍, തുമ്പൂര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group