മാർതോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ഏഴുദിന ഒരുക്കം നാലാം ദിവസം മുറിവുകളിലെ യേശുദർശനം

എൻറെ കർത്താവേ, എൻറെ ദൈവമേ”! തോമാശ്ലീഹായുടെ ഈ ഏറ്റുപറച്ചിൽ ഒരു വിശ്വാസ പ്രഘോഷണമായിരുന്നു. ഈശോ സത്യമായി ദൈവവും മനുഷ്യനുമാണെന്നുള്ള പ്രഘോഷണം. ആ പ്രഘോഷണം ശ്ലീഹായ്ക്ക് ഒരനുഭവസാക്ഷ്യമായിരുന്നു. തൊടാതെ തന്നെ അറിഞ്ഞ സത്യം. സ്പർശനത്തിനായി വാശി പിടിച്ചെങ്കിലും ദർശനം മാത്രം മതിയായിരുന്നു ബോദ്ധ്യപ്പെടാൻ.
തോമാശ്ലീഹാ ശരിക്കും അവിശ്വാസിയായിരുന്നോ? ഈശോയുടെ ഉത്ഥാനത്തിലുള്ള അവിശ്വാസം അദ്ദേഹം രേഖപ്പെടുത്തിയോ? സത്യത്തിൽ, അദ്ദേഹം അവിശ്വസിച്ചത് ഉത്ഥാനത്തെയല്ല, ഗുരുവിനെ ഞങ്ങൾ കണ്ടു എന്ന സഹശിഷ്യന്മാരുടെ വാക്കുകളെയാണ്. ഞാൻ വിശ്വസിക്കത്തില്ല എന്നുള്ളത് ഒരു വാശിയായിരുന്നു. നിറഞ്ഞ സ്നേഹത്തിൽ നിന്നും ഉളവായ വാശി. ഞാൻ ഗുരുവിന് പ്രിയപ്പെട്ടവനായിട്ടും എന്തുകൊണ്ട് എനിക്ക് മാത്രം ദർശന ഭാഗ്യം ലഭിച്ചില്ല. നീ എന്നെ സ്നേഹിക്കുന്നു എന്നത് സത്യമെങ്കിൽ എനിക്കും ദർശനം നൽകണം. സഹശിഷ്യൻമാർ‍ ദർശിച്ച ആ തിരുമുറിവുകൾ എനിക്കും കാണണം. സ്നേഹപൂർവ്വമായ ആ നിർബ്ബന്ധത്തിനു ഈശോ വഴങ്ങി. തോമസിന് മാത്രമായി വീണ്ടും പ്രത്യക്ഷപ്പെട്ടു. മുറിവുകളിലേക്ക് ഈശോ ക്ഷണിച്ചു, “വരുക, തൊടുക”. തോമസിന് അതു മാത്രം മതിയായിരുന്നു, ആ ദർശന ഭാഗ്യം. അവൻ ഗുരുവിനു മുൻപിൽ‍ മുട്ടിന്മേൽ വീണു. ഈശോയിൽ ദൈവത്തെയും മനുഷ്യനെയും അവൻ ആദ്യമായി തിരിച്ചറിഞ്ഞു. അവൻ ഉദ്ഘോഷിച്ചു, “എൻറെ കർത്താവേ, എൻറെ ദൈവമേ”. മരണത്തെ വിജയിച്ചതിനാൽ അവിടുന്ന് ദൈവമാണ്. മനുഷ്യസഹജം മാത്രമായ മുറിവുകൾ ഈശോ അപ്പോഴും സ്വശരീരത്തിൽ വഹിക്കുന്നതിനാൽ അവിടുന്ന് മനുഷ്യനാണ്. നമ്മുടെ മുറിവുകൾ അവിടുന്ന് ഏറ്റെടുത്തു. അവയെ അവിടുന്ന് മഹത്വവത്കരിച്ചു. ഈശോയെ കുറിച്ചുള്ള ഈ സത്യമാണ് തോമാശ്ലീഹാ നമുക്ക് വെളിപ്പെടുത്തിയത്.
മനുഷ്യ മുറിവുകളിലെ യേശുദർശനം നമുക്ക് സാധ്യമാകട്ടെ. സോദര ക്ഷതങ്ങളിൽ ചെയ്യുന്ന ഓരോ സ്നേഹലേപനവും ദൈവശുശ്രൂഷയാണെന്ന തിരിച്ചറിവ് തോമാശ്ലീഹാ നമുക്ക് പ്രദാനം ചെയ്യുന്നു. ആ തിരിച്ചറിവിൽ നിലനിൽക്കാൻ നമുക്ക് സാധിക്കട്ടെ.

ഫാ. ജെയിംസ് കുരുകിലാംകാട്ട്
തോമസയിൻ റിസർച്ച് സെൻറർ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group