മാര്‍തോമാശ്ലീഹായുടെ ദുക്റാന തിരുനാള്‍ ഏഴുദിന ഒരുക്കം രണ്ടാം ദിവസം

ശിഷ്യത്വത്തിന്‍റെ വില ദിയേത്രിച്ച് ബൊനോഫര്‍ എഴുതുന്നു, “ശിഷ്യത്വത്തിന്‍റെ വില മരണമാണ്”. അത് പൂര്‍ണമായും മനസ്സിലാക്കുന്നവനാണ് യഥാര്‍ത്ഥ ശിഷ്യന്‍. അപ്പസ്തോലന്മാരുടെ ഇടയില്‍ ഈ സത്യം ആദ്യം മനസ്സിലാക്കിയത് തോമാശ്ലീഹായായിരുന്നു. “അവനോടൊപ്പം മരിക്കേണ്ടതിന് നമുക്കും പോകാം” (യോഹ 11:16) എന്ന വാക്കുകള്‍ ആ ബോദ്ധ്യത്തില്‍ നിന്നും വന്നതാണ്. അപക്വമായ മനസ്സിന്‍റെ അനിശ്ചാപൂര്വ്വമായ എടുത്തുചാട്ടം അല്ലായിരുന്നു അത്. ഗുരുവിന്‍റെ ദൌര്‍ഭാഗ്യം പങ്കിടുക ശിഷ്യന്‍റെ വിധിയാണ് എന്നുള്ള നൈരാശ്യ ചിന്തയും അതിലില്ലയിരുന്നു. ഈശോയോടൊത്തുള്ള മരണം ഈശോ കൂടെയില്ലാത്ത ജീവിതത്തെക്കാള്‍ നല്ലത് എന്ന് തോമസ് ചിന്തിച്ചു. ഗുരുവിനെ മരണത്തിലും അനുഗമിക്കാം, സഹശിഷ്യന്മാരോടുള്ള തോമസിന്‍റെ ആഹ്വാനം അതായിരുന്നു. മനുഷ്യവിശ്വസ്തതയുടെയും സ്നേഹത്തിന്‍റെയും പരമോത്ക്രുഷ്ടമായ ഭാവം!
ഈശോക്കു വേണ്ടി മരിക്കുവാനല്ല തോമസ് ആവശ്യപ്പെടുന്നത്, ഈശോയോടുകൂടി, ഈശോയോടൊപ്പം മരിക്കുവാനാണ്. അവിടെയാണ് തോമസിലെ യഥാര്‍ത്ഥ ശിഷ്യനെ നാം കാണുന്നത്. വ്യവസ്ഥയില്ലാത്ത,സമ്പൂര്‍ണമായ സമര്‍പ്പണം, അതാകണം യഥാര്‍ത്ഥ ശിഷ്യന്‍റെ മുഖമുദ്ര. ഈ സമര്‍പ്പണം വിളിച്ചവനോടും ലഭിച്ച ദൌത്യത്തോടും ഉണ്ടാകണം. ഈശോയോടൊപ്പം യൂദയായിലേക്ക് പോവുക എന്നത് ശിഷ്യന്മാരെ സംബന്ധിച്ചിടത്തോളം വെറും ഒരനുധാവനം മാത്രമല്ലായിരുന്നു, അത് അവര്‍ക്ക് ഒരു ജീവിത സമര്‍പ്പണമായിരുന്നു. ഈ അര്‍ത്ഥം ഏറ്റവും നല്ലതു പോലെ മനസ്സിലാക്കിയത് തോമാശ്ലീഹായായിരുന്നു.
തോമാശ്ലീഹാ മനസ്സിലാക്കുകയും ജീവിക്കുകയും ചെയ്ത ശിഷ്യത്വമാവണം നാമും സ്വീകരിക്കുന്നതും ജീവിക്കുന്നതും. ഈശോയുടെ മരണം അനേകര്‍ക്ക് ജീവന് കാരണമായി. അതുപോലെ തന്നെ നമ്മുടെ സ്വയശൂന്യവല്‍ക്കരണ ശിഷ്യത്വ മാര്‍ഗ്ഗം അനേകര്‍ക്ക് പുതു ജീവിതത്തിന് കാരണമാകട്ടെ.

ഫാ. ജെയിംസ് കുരുകിലാംകാട്ട്
തോമസയിന്‍ റിസര്‍ച്ച് സെന്‍റര്‍, തുമ്പൂര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group