വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാൾ

ഇന്ന് തിരുസഭ “വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുന്നാൾ” ആചരിക്കുന്നു.!! “കുരിശാണു രക്ഷ, കുരിശിലാണ് രക്ഷ” എന്ന് ലോകത്തെ ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്ന ദിനം.!! കാലങ്ങൾ ഇത്രയൊക്കെ കഴിഞ്ഞിട്ടും “അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക” എന്നു പറയുന്നവരുടെ സ്വരം ഇനിയും നിലച്ചിട്ടില്ല.!! കുരിശിൽ ഏറുന്നവരുടെ വിലാപവും, കുരിശിൽ ഏറ്റുന്നവരുടെ അട്ടഹാസവും, പല രൂപത്തിലും ഭാവത്തിലും തുടർന്നുകൊണ്ടേയിരിക്കുന്നു.!! അതേ കുരിശിന്റെ വഴികൾ ഇനിയും അവസാനിച്ചിട്ടില്ല.!! എങ്കിലും സധൈര്യം ഓരോ ദൈവവിശ്വാസിക്കും പറയാൻ സാധിക്കണം, “കർത്താവായ യേശുക്രിസ്തുവിനെ കുരിശിലല്ലാതെ മറ്റൊന്നിലും മേന്മ ഭാവിക്കാൻ എനിക്കിടയാവാതിരിക്കട്ടെ” എന്ന്.!!

കുഞ്ഞുനാളിൽ, ദുഃഖവെള്ളിയാഴ്ച പീഡാനുഭവചരിത്രം വായിക്കുന്നതു കേൾക്കുമ്പോൾ, ഞാനെന്റെ ഈശോയോട് ചില ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്.!! യേശുവേ നീ എന്തിനാണ് ഇത്ര പാടുപെട്ട് കുരിശുമരണം ഏറ്റെടുത്തത്? പടയാളികളുടെ കണ്ണുവെട്ടിച്ച് നിനക്ക് ഓടി രക്ഷപ്പെടാമായിരുന്നില്ലേ? പീലാത്തോസിന്റെ മുൻപിൽ അല്പം കരുണയ്ക്കായി യാചിക്കാമായിരുന്നില്ലേ? യൂദാസിനെ തന്റെ ശിഷ്യനാക്കാതിരിക്കാൻ പറ്റില്ലായിരുന്നോ? ആ കുരിശിൽ നിന്ന് ഇറങ്ങി വന്ന്, നിന്നെ കുരിശിലേറ്റിയ എല്ലാവർക്കിട്ടും നാലു പൊട്ടീര് കൊടുക്കത്തില്ലായിരുന്നോ? എത്ര ചോദിച്ചിട്ടും ക്രിസ്തു അന്ന് ഒരു ഉത്തരവും നൽകിയില്ല.!! പിന്നീട് മുതിർന്നപ്പോൾ പല സംശയത്തിനും ഉത്തരം കിട്ടി.!!

“വില കൊടുക്കാതെ ഒന്നും നേടിയെടുക്കാനാവില്ല” എന്ന് തമ്പുരാൻ എന്നോടും മന്ത്രിച്ചു.!! “ആർക്കും എന്നെ ഒരു വിലയില്ലല്ലോ” എന്ന് കരുതിയിരുന്ന എന്നെപോലും നേടിയെടുക്കാനായിട്ടാണ്, ക്രിസ്തു ഇത്രമാത്രം യാതനകളും, സഹനങ്ങളും, കുരിശുമരണവും ഏറ്റെടുത്തതെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ, പിന്നെ അവനെ സ്നേഹിക്കാതിരിക്കാൻ ആയില്ല.!! ഞാനും ഇറങ്ങിപ്പുറപ്പെട്ടു ആ നസ്രായന്റെ ശിഷ്യനാകാൻ.!! അവന്റെ പുരോഹിതനായ്, അൾത്താരയാകുന്ന കാൽവരിയിൽ അനുദിനം ദൈവജനത്തിനുവേണ്ടി ക്രൂശിലേറി, മറ്റൊരു ക്രിസ്തുവാകാൻ.!!!

“കുരിശു എടുക്കാനായി വിളി സ്വീകരിച്ചവർക്ക്, കുരിശിൽ നിന്നും മോചനമില്ല” എന്ന് കർമ്മലസഭയിലെ വിശുദ്ധയായ, വിശുദ്ധ എഡിത്ത് സ്റ്റൈൻ പറയുന്നു.!! സത്യം പറഞ്ഞാൽ, ജീവിതത്തിൽ സഹിച്ചിട്ടില്ലാത്തവർ ആരാണുള്ളത്? തീർച്ചയായും, മരണം വരെയുള്ള കൂടപ്പിറപ്പാണ് സഹനം.!! അതൊരു ജീവിത യാഥാർത്ഥ്യമാണ്.!! എങ്കിലും, ഈ സഹനങ്ങളും കുരിശുകളും മാറി പോകാൻ “എന്തെങ്കിലും പോംവഴിയുണ്ടോ” എന്ന് അന്വേഷിച്ച് നടക്കുന്നവരല്ലേ നമ്മൾ?

പ്രാർത്ഥിക്കുകയും, ചോദിക്കുകയും ചെയ്യുന്നത് എല്ലാം ലഭിക്കുമ്പോൾ ദൈവത്തിൽ വിശ്വസിക്കാൻ എളുപ്പമാണ്. എന്നാൽ വിട്ടുമാറാത്ത രോഗങ്ങളും, കഷ്ടപ്പാടുകളും, ദുരിതങ്ങളും, സാമ്പത്തിക തകർച്ചകളും മൂലം ജീവിതം ഒന്ന് കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോൾ, “എനിക്ക് എന്തിനീ സഹനം? എന്തുകൊണ്ട് ദൈവമേ നീ എന്നെ കൈവിട്ടു? ദൈവമേ നീയെന്താ എന്റെ പ്രാർത്ഥന കേൾക്കാത്തത്? ഇങ്ങനെ നെഞ്ചുരുകി കരയാത്തവർ ആരാണുള്ളത്? എന്നാൽ നാം തിരിച്ചറിയണം, “സഹനത്തിന്റെ ആത്മീയത ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്, സഹനങ്ങൾ നൽകിക്കൊണ്ടാണ്.”!! അതേ, സഹനം ഒരു കൂദാശയാണ്, കാണാൻ പറ്റാത്ത ഒരു പ്രസാദവരം അതിന്റെ പുറകിൽ ഉണ്ട്.!!

ലൂക്ക 9 : 23 – ” അവൻ “എല്ലാവരോടുമായി” പറഞ്ഞു, ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച്, അനുദിനം തന്റെ കുരിശുമെടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ”.!! ഓർക്കണം, കാൽവരിയിൽ മൂന്ന് കുരിശുകൾ ഉണ്ടായിരുന്നു.!! പക്ഷേ ക്രിസ്തുവിന്റെ കുരിശ് മാത്രമേ രക്ഷാകരമായുള്ളൂ.!! കാരണം ക്രിസ്തു കുരിശ് ഏറ്റെടുത്തത്, പരാതിയില്ലാതെ, പിറുപിറുപ്പ് കൂടാതെ, ആരെയും കുറ്റപ്പെടുത്താതെ ആയിരുന്നു.!!

അതേ, ക്രിസ്തു വചനം പ്രഘോഷിച്ചപ്പോഴും, അത്ഭുതം പ്രവർത്തിച്ചപ്പോഴും, ആരും തിരിച്ചറിഞ്ഞില്ല അവൻ ദൈവപുത്രൻ ആയിരുന്നു എന്ന്.!! എന്നാൽ മുറിവേറ്റ്, രക്തം ചിന്തി, പരിഹാസ്യനായി, കാൽവരിയുടെ നെറുകയിൽ കുരിശിൽ ക്രിസ്തുവിനെ കണ്ടപ്പോൾ ശതാധിപൻ വിളിച്ചു പറഞ്ഞു “ഇവൻ സത്യമായും ദൈവപുത്രനായിരുന്നു” എന്ന്.!! അവന്റെ കരങ്ങളിൽ മുറിവുകൾ കണ്ടപ്പോൾ, തോമാശ്ലീഹായും ഇങ്ങനെ വിളിച്ചു പറഞ്ഞു , “എന്റെ കർത്താവേ, എന്റെ ദൈവമേ” എന്ന്.!! സുഹൃത്തേ, ഇന്ന് ക്രിസ്തു നിന്നിൽ രൂപപ്പെടാൻ, നീയും കുരിശുകൾ ഏറ്റെടുക്കുന്നവൻ ആകണം.! ” മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി സ്നേഹത്തിന്റെ, ത്യാഗത്തിന്റെ, പുണ്യത്തിന്റെ, കുരിശുകൾ നീയും വഹിക്കണം.!! മറക്കരുത്, നിന്റെ കണ്ണുനീർവഴി ആരൊക്കെയൊ രക്ഷപെടാൻ ദൈവം ആഗ്രഹിക്കുന്നു.!!

കുരിശിന്റെ മുമ്പിൽ നീ ചങ്കുപൊട്ടി, നിലവിളിച്ചു പ്രാർത്ഥിച്ചാൽ, ചങ്ക് തകർന്നു കുരിശിൽ മരിച്ചവനായ ക്രിസ്തുവിന് കുരിശിൽ നിന്ന് ഇറങ്ങി വന്ന് നിന്നെ രക്ഷിക്കാതിരിക്കാനാവില്ല.!! “ഹൃദയം നുറുങ്ങിയവർക്കു കർത്താവ് സമീപസ്ഥനാണ് മനമുരുകിയവരെ അവിടുന്ന് കടാക്ഷിക്കുന്നു”.!! സ്നേഹമുള്ളവരെ, കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ നാം മറക്കരുത്, ഓരോ കുരിശും ഓർമ്മിപ്പിക്കുന്നത് “ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെയാണ്”.!! അതൊരു പ്രതീക്ഷയാണ്.!!

സുഹൃത്തേ, നീ അനുഭവിക്കുന്ന യാതനകളും, വേദനകളും, നൊമ്പരങ്ങളും, തകർച്ചകളും, നന്മയാക്കി മാറ്റാൻ കഴിയുന്ന ഒരു ദൈവത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുക.!! ദൈവവചനം പറയുന്നു “കുരിശിൽ നോക്കിയവർ പ്രകാശിതരായി”.!! അനുദിന ജീവിത കുരിശുകളിൽ അടിപതറാതെ, കാൽവരിയിൽ ഉയർത്തപ്പെട്ട കുരിശിലേക്ക് നോക്കാം!! “കുരിശാണ് രക്ഷ, കുരിശിലാണ് രക്ഷ”.!!

ഒരിക്കൽ കൂടി, “വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന്റെ മംഗളങ്ങൾ” എല്ലാവർക്കും നേരുന്നു.!! നമ്മുടെ കർത്താവീശോമിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിന്റെ സഹവാസവും നാം എല്ലാവരോടും കൂടെ ഉണ്ടാകട്ടെ.!! ഇപ്പോഴും,+എപ്പോഴും,+എന്നേക്കും+.!! ആമ്മേൻ.!!

✍️ഫാ ഫിലിപ്പ് നടുത്തോട്ടത്തിൽ ഓസിഡി


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group