ഫെബ്രുവരി 11: ലൂര്‍ദ്ദ് മാതാവിന്റെ തിരുനാൾ..

1858-ൽ ഫെബ്രുവരി മാസത്തിലെ തണുപ്പുള്ള ഒരു പ്രഭാതത്തില് വിറകു ശേഖരിക്കാന്‍ രണ്ടു കൂട്ടുകാരോടൊത്ത് ഗേവ് നദിയുടെ തീരത്ത് എത്തിയ ബെര്‍ണാഡെറ്റ് അവിടെയുള്ള ഒരു ഗുഹയില്‍ വിസ്മയിപ്പിക്കുന്ന ഒരു കാഴ്ച കണ്ടു. അതീവ പ്രഭയുള്ള ഒരു സുവര്‍ണവെളിച്ചം ഗുഹയില്‍ നിന്ന് പടര്‍ന്നൊഴുകുന്നു! വെളിച്ചത്തിനുള്ളില്‍ നിന്നും അഴകാര്‍ന്നൊരു സ്ത്രീരൂപം. ശുദ്ധമായ തൂവെള്ള നിറത്തിലുള്ള മേലങ്കിയും, ആകാശ നീല നിറത്തിലുള്ള കച്ചയും ധരിച്ച് ഒരു യുവതി. കരങ്ങളില്‍ ജപമാലയും പാദങ്ങളില്‍ മഞ്ഞ പനിനീര്‍ പുഷ്പങ്ങളും. ജപമാല ചൊല്ലാന്‍ സ്ത്രീ ബെര്‍ണാഡെറ്റിനോട് ആവശ്യപ്പെട്ടു.

ജപമാല ചൊല്ലിക്കഴിഞ്ഞപ്പോഴേക്കും ആ സ്ത്രീ മറഞ്ഞു കഴിഞ്ഞിരുന്നു. അവിടെ നിന്നും മടങ്ങിയിട്ടും ബെര്‍ണാഡെറ്റിനെ ഗ്രോട്ടോയുടെ ഓര്‍മ്മ മാടിവിളിച്ചു കൊണ്ടിരുന്നു. അടുത്ത ഞായറാഴ്ച അവള്‍ വീണ്ടും അവിടെ പോയി. ശിശു സഹജമായ നിഷ്കളങ്കതയോട് കൂടി, സാത്താന്റെ കുടില തന്ത്രമാണോ എന്ന ഭയത്താല്‍ ബെര്‍ണാഡെറ്റെ താന്‍ കണ്ട ദര്‍ശനത്തിലേക്ക്‌ വിശുദ്ധ വെള്ളം തളിച്ചു. എന്നാല്‍ ആ സ്ത്രീ വളരെ പ്രസന്നപൂര്‍വ്വം പുഞ്ചിരിക്കുകയാണ് ചെയ്തത്. അവളുടെ വദനം കൂടുതല്‍ മനോഹരമായി. ഓരോ പതിനഞ്ചു ദിവസം കൂടുമ്പോഴും അവിടെ വരണമെന്ന് ആ രൂപം ആവശ്യപ്പെട്ടു.

മാര്‍ച്ച് 25-ന് മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തിൽ അവൾ തന്റെ നാമം വെളിപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “ഞാൻ അമലോത്ഭവയാണ്”. അങ്ങനെ 1854 ഡിസംബർ 8-ന് ഒൻപതാം പീയൂസ് മാർപാപ്പ ചെയ്ത പ്രഖ്യാപനം ദൈവമാതാവ് അംഗീകരിച്ചു. 1858-ലെ തന്‍റെ ആദ്യ പ്രത്യക്ഷപ്പെടലില്‍ തന്നെ കരങ്ങളില്‍ തൂങ്ങികിടന്നിരുന്ന ജപമാല മാതാവ് ബെര്‍ണാഡെറ്റെയുടെ കൈകളിലേക്കിട്ടു കൊടുത്തു, ഇത് പിന്നീടുള്ള പ്രത്യക്ഷപ്പെടലുകളിലും തുടര്‍ന്നു. തന്റെ മൂന്നാമത്തെ പ്രത്യക്ഷപ്പെടലില്‍ മാതാവ്‌ ബെര്‍ണാഡെറ്റെയെ തന്റെ ഗുഹയിലേക്ക് രണ്ടാഴ്ചകാലത്തോളം ക്ഷണിക്കുകയുണ്ടായി. അങ്ങനെ അവള്‍ പരിശുദ്ധ അമ്മയോട് നിരന്തരം സംഭാഷണത്തിലേര്‍പ്പെടാന്‍ തുടങ്ങി.

സഭാ അധികാരികളോട് ആ സ്ഥലത്ത്‌ ഒരു ദേവാലയം പണിയുവാനും, പ്രദക്ഷിണങ്ങള്‍ സംഘടിപ്പിക്കുവാന്‍ പറയുവാനും ഒരവസരത്തില്‍ മാതാവ്‌ അവളോട് ആവശ്യപ്പെട്ടു. കൂടാതെ അവിടെയുണ്ടായിരുന്നതും മണ്ണിനടിയില്‍ എവിടെയോ മറഞ്ഞ് കിടക്കുന്നതുമായ ഉറവയിലെ ജലം കുടിക്കുവാനും, ആ ജലത്താല്‍ സ്വയം കഴുകി ശുദ്ധി വരുത്തുവാനും ആവശ്യപ്പെടുകയും ചെയ്തു.

ഇതിന് ശേഷം ആ ഗുഹയില്‍ വെച്ചുണ്ടായ രോഗശാന്തികളുടെ വാര്‍ത്തകള്‍ വളരെ പെട്ടെന്ന് തന്നെ പ്രചരിച്ചു തുടങ്ങിയിരിന്നു, കൂടുതല്‍ പ്രചരിക്കുന്തോറും കൂടുതല്‍ ജനങ്ങള്‍ ആ വിശുദ്ധ സ്ഥലം സന്ദര്‍ശിക്കുവാന്‍ കടന്നു വരാന്‍ തുടങ്ങി. ഈ അത്ഭുത സംഭവങ്ങളുടെ അഭൂതപൂര്‍വ്വമായ പ്രസിദ്ധിയും, ആ ബാലികയുടെ നിഷ്കളങ്കതയും, കണക്കിലെടുത്ത് ടാര്‍ബ്സിലെ മെത്രാനെ ഈ സംഭവങ്ങളെപ്പറ്റിയുള്ള ഒരു നീതിയുക്തമായ അന്വേഷണത്തിനു ഉത്തരവിടുവാന്‍ പ്രേരിപ്പിച്ചു.

നാല് വര്‍ഷങ്ങള്‍ക്ക്‌ ശേഷം അദ്ദേഹം ഈ പ്രത്യക്ഷപ്പെടലുകള്‍ അതിമാനുഷികമാണെന്ന് പ്രഖ്യാപിക്കുകയും, മാതാവിന്റെ ജന്മപാപരഹിതമായ ഗര്‍ഭധാരണത്തെ ആ ഗുഹയില്‍ (Grotto) പരസ്യമായി വണങ്ങുവാന്‍ വിശ്വാസികള്‍ക്ക് അനുവാദം കൊടുക്കുകയും ചെയ്തു. ഇതിനിടെ ലൂര്‍ദ്ദിലെ മാതാവിന്റെ മാധ്യസ്ഥതയില്‍ നടന്നിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ മൂലം കന്യകാ മാതാവിന്റെ പ്രത്യക്ഷീകരണത്തിന് (Apparition of the Immaculate Virgin Mary)’ ഓര്‍മ്മതിരുനാള്‍ സ്ഥാപിക്കുവാന്‍ തിരുസഭയെ പ്രേരിപ്പിച്ചു. അധികം താമസിയാതെ അവിടെ ഒരു ചെറിയ ദേവാലയം ഉയര്‍ന്നു. അന്ന് മുതല്‍ ആയിരകണക്കിന് തീര്‍ത്ഥാടകര്‍ എല്ലാ വര്‍ഷവും തങ്ങളുടെ നേര്‍ച്ചകള്‍ നിറവേറ്റുവാനും, പലവിധ നിയോഗങ്ങള്‍ക്കുമായി അവിടം സന്ദര്‍ശിക്കുവാന്‍ തുടങ്ങി.

ഇന്ന് ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന എല്ലാ വ്യക്തികളും പരിശുദ്ധ കന്യകാ മാതാവ്‌ പ്രത്യക്ഷപ്പെട്ട ഈ ഗുഹയില്‍ സന്ദര്‍ശിക്കുന്നു. ഒരമ്മയുടെ മടിത്തട്ടിലേക്കെന്നപോലെ സ്വാഗതമോതുന്ന ഈ മനോഹരമായ സ്ഥലത്ത് ഒരു ജ്ഞാനസ്നാന തൊട്ടിയിലെന്നപോലെ നമുക്ക്‌ നമ്മെ തന്നെ നിമജ്ജനം ചെയ്യുകയും, ദൈവത്തെ നമ്മുടെ പിതാവായും, മാതാവിനെ നമ്മുടെ അമ്മയുമായി സ്വീകരിച്ചുകൊണ്ട് ക്രിസ്തീയതയുടെ മനോഹാരിതയെ വീണ്ടും കണ്ടെത്തുവാനും സാധിക്കും.

തിരുസഭ ഏറെ പ്രാധാന്യം നല്‍കുന്ന മഹത്വമേറിയ സ്ഥലങ്ങളിലൊന്നാണ് ലൂര്‍ദ്ദ്. വിശുദ്ധിയുടെ ഒരു വിശാലമായ സമതലമാണ് അവിടം. അവിടെ നമുക്ക്‌ നമ്മുടെ പാപമാകുന്ന വസ്ത്രങ്ങള്‍ ഉരിഞ്ഞു മാറ്റി വിശുദ്ധിയുടെ തൂവെള്ള വസ്ത്രങ്ങള്‍ ധരിച്ച് വീണ്ടും ആത്മാവില്‍ ജനിക്കുവാന്‍ സാധിക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group