പതിമൂന്നാം നൂറ്റാണ്ടിലെ സംഘര്‍ഷങ്ങള്‍ നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടക്ക് ദൈവം ഫ്ലോറെന്‍സിലുള്ള ഏഴ് കുലീന കുലജാതരായ വ്യക്തികളെ വിളിക്കുകയും 1233-ല്‍ അവര്‍ തമ്മില്‍ ഒരു കൂടിക്കാഴ്ച നടത്തുകയും വളരെ ഭക്തിപൂര്‍വ്വം ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്തു. പരിശുദ്ധ കന്യകാ മറിയം അവര്‍ക്കോരോരുത്തര്‍ക്കും പ്രത്യേകമായി പ്രത്യക്ഷപ്പെടുകയും വിശുദ്ധിയാല്‍ പൂര്‍ണ്ണമായൊരു ജീവിതം നയിക്കുവാന്‍ അവരോടു ആവശ്യപ്പെടുകയും ചെയ്തു.
തുടര്‍ന്ന്‍ തങ്ങളുടെ കുടുംബ മഹിമയും, സമ്പത്തും പരിഗണിക്കാതെ, ആഡംബര വസ്ത്രങ്ങള്‍ക്ക് പകരം ചണംകൊണ്ടുള്ള വസ്ത്രങ്ങളും ധരിച്ചു അവര്‍ ഒരു കൊച്ചു കെട്ടിടത്തിലേക്കവര്‍ താമസം മാറുവാന്‍ ഇടയായി. ഈ സഭയിലെ അംഗങ്ങളുടെ കഠിനമായ എളിമയിലൂന്നിയ ജീവിതരീതികള്‍ മൂലം ഇവരുടെ നേട്ടങ്ങള്‍ അധികമായി പുറത്ത് അറിയപ്പെട്ടില്ല. എന്നിരുന്നാലും തുടര്‍ച്ചയായ ദൗത്യങ്ങള്‍ വഴി പല മഹത്തായ നേട്ടങ്ങളും കൈവരുത്തുവാന്‍ ഇവര്‍ക്ക് സാധിച്ചിട്ടുണ്ട്. സങ്കടപ്പെടുന്നവരുടെ മാതാവായ പരിശുദ്ധ മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും, അനേകരെ വിശ്വാസത്തിലേക്ക് ആനയിക്കാനും ഈ സന്യസ്ഥര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. പരിശുദ്ധ അമ്മ അവളുടെ വിശുദ്ധ ജീവിതം ആരംഭിച്ച സെപ്റ്റംബര്‍ 8ന് തന്നെയായിരുന്നു ഈ സന്യസ്ഥ സമൂഹത്തിനും തുടക്കം കുറിച്ചത്.
അധികം താമസിയാതെ അവര്‍ ഫ്ലോറെന്‍സിലെ തെരുവുകള്‍ തോറും അലഞ്ഞു ഭവനങ്ങളില്‍ ഭിക്ഷയാചിക്കുന്നതായി കാണപ്പെട്ടു. ‘പരിശുദ്ധ മറിയത്തിന്റെ ദാസന്‍മാര്‍’ എന്ന് ആ പ്രദേശത്തെ ബാലിക-ബാലന്മാര്‍ തങ്ങളെ വിളിക്കുന്നതായി അവര്‍ കേട്ടു. ഈ കുട്ടികളില്‍ അപ്പോള്‍ 5 മാസം മാത്രം പ്രായമുണ്ടായിരുന്ന വിശുദ്ധ ഫിലിപ്പ് ബെനീസിയുമുണ്ടായിരുന്നു. കാലം കടന്നു പോയപ്പോള്‍ അവര്‍ മോണ്ടെ സെനാരിയോവില്‍ പ്രാര്‍ത്ഥനയും, അനുതാപവും ധ്യാനവുമായി ഏകാന്ത വാസം നയിച്ചുപോന്നു. 1888-ല്‍ ലിയോ പതിമൂന്നാമന്‍ പാപ്പാ ഈ ഏഴ് ദൈവീക മനുഷ്യരേയും വിശുദ്ധരായി പ്രഖ്യാപിക്കുകയും, ഫെബ്രുവരി 17 നു അവരുടെ തിരുനാള്‍ ആയി അംഗീകരിക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group