”ദേവാലയത്തിനു വലിയ പ്രാധാന്യമൊന്നുമില്ല… അവിടെ സ്ഥാപിച്ചിരിക്കുന്ന ദിവ്യകാരുണ്യം വെറും അപ്പം മാത്രമാണ്. ദൈവം, സാന്നിദ്ധ്യമെന്നൊക്കെ വെറുതെ പറയുന്നതാണ്… റിമിനിയിലെ നവീകരണക്കാരുടെ പ്രധാന വാദം ഇതായിരുന്നു…
ദിവ്യകാരുണ്യത്തിൽ സത്യമായും ഈശോ സന്നിഹിതനാണെന്ന സത്യം അന്തോനി ഉറക്കെ പ്രഖ്യാപിച്ചു… പ്രഘോഷിച്ചു….ഇതിനെ നവീകരണ മേലങ്കിയിട്ട അവിശ്വാസികൾ ചോദ്യം ചെയ്തു…അന്തോണിയാകട്ടെ തന്റെ വിശ്വാസസത്യത്തിൽ ഉറച്ചുനില്ക്കുക മാത്രമല്ല ”ഈ പരമമായ സത്യത്തിൽ വിശ്വസിക്കാത്ത നിങ്ങൾ ഈ നിൽക്കുന്ന കഴുതകളേക്കാൾ നികൃഷ്ടരാണെന്ന് ”
വിളിച്ചു പറയുക കൂടി ചെയ്തു….”താങ്കൾ ഞങ്ങളെ അവഹേളിക്കുകയാണോ? ”
”അല്ല, ഒരിക്കലുമല്ല… ഞാൻ സത്യമാണ് പറയുന്നത്… ”
അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിൽ ദിവ്യനാഥൻ വി. കുർബാനയിൽ എഴുന്നള്ളുന്നു എന്ന സത്യം വിശ്വസിക്കാത്ത ഒരുവൻ
വി. അന്തോനീസിനെ അധിക്ഷേപിക്കുകയും ഈ സത്യം തെളിയിക്കാൻ വിശുദ്ധനെ വെല്ലുവിളിക്കുകയും ചെയ്തു…. അന്തോനീസ് ധൈര്യപൂർവ്വം അവരുടെ വെല്ലുവിളി ഏറെ വിനീതനായി സ്വീകരിച്ചു….
”ഈ കഴുതകളെ ഇപ്പോൾ മുതൽ പട്ടിണിക്കിട്ടിട്ട് രാവിലെ ദേവാലയമുറ്റത്തു കൊണ്ടു വരൂ…. ആഹാരവും തിരുവോസ്തിയും ഒരേസമയം കഴുതകൾക്കുമുന്നിൽ പ്രദർശിപ്പിക്കാം
ആഹാരത്തെ മറികടന്ന് കഴുതകൾ തിരുവോസ്തിയ്ക്കുമുന്നിൽ മുട്ടുമടക്കി ആരാധിക്കുന്ന പക്ഷം വി. കുർബാനയിൽ വിശ്വസിക്കാമോ” എന്നായിരുന്നു അന്തോനീസിന്റെ ചോദ്യം…അങ്ങനെയൊരത്ഭുതം സംഭവിക്കില്ലെന്നും നടന്നാൽ താൻ വിശ്വസിക്കാമെന്നും അയാൾ അവസാനം സമ്മതിച്ചു…
”ഈ ദരിദ്രവൈദികൻ, ഏതോ പുറംനാട്ടുകാരൻ ഇവിടെ വന്ന് നമ്മെ ഭരിക്കുന്നോ? ഇയാളെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ കാര്യം…. “
അവർക്ക് വാശിയായി…. ഇങ്ങനെയൊരു തീരുമാനം എടുത്തെങ്കിലും ദൈവകരുണയ്ക്കായി അന്തോനീസ് ഹൃദയം തുറന്ന് പ്രാർത്ഥിച്ചു… പന്തയം വിജയിച്ചാൽ അതുമൂലം അനേകായിരങ്ങൾ സത്യവിശ്വാസത്തിലേയ്ക്ക് തിരിയുമെന്നത് തീർച്ചയാണ്… പരാജയപ്പെട്ടാൽ ഒരവിശ്വാസിയല്ല പല ചഞ്ചലചിത്തരും അല്പമാത്ര വിശ്വാസികളും സത്യമാർഗ്ഗമുപേക്ഷിക്കുമെന്നും
വി. അന്തോണീസല്ല…സഭ തന്നെ അവഹേളനപാത്രമാകുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു… അതുകൊണ്ട് തന്നെ മനമുരുകി പ്രാർത്ഥിക്കുവാൻ അന്തോനീസ് തീരുമാനിച്ചു… സർവ്വശക്തനായ ദൈവം അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ സംപ്രീതനായി… പിറ്റേന്ന് നിശ്ചിത സമയത്തു തന്നെ വാതുകെട്ടിയ അവിശ്വാസി വിശന്നു പരാക്രാന്തരായ തന്റെ കഴുതകളെ വഴിയിലെങ്ങും ഒരില പോലും കടിക്കാൻ അനുവദിക്കാതെ പള്ളിമുറ്റത്തെത്തിച്ചു….
അയാളോടൊപ്പം അവിശ്വാസികളായ കുറേ മനുഷ്യരും പരിഹാസച്ചിരിയുമായി നിലയുറപ്പിച്ചു…. ഈ സമയത്ത് സമീപത്തുള്ള ചാപ്പലിൽ ദിവ്യബലി അർപ്പിച്ചശേഷം ഫാദർ അന്തോനി പീലാസയിൽ തിരുവോസ്തിയെടുത്ത് തിരുവസ്ത്രങ്ങൾകൊണ്ട് മൂടി ഏതാനും ദൈവവിശ്വാസികളുമൊത്ത് ഭക്തിബഹുമാനങ്ങളോടെ പള്ളിമുറ്റത്തേയ്ക്കു വന്നു….
സമയമായി…. എതിരാളികൾ കഴുതകൾക്ക് മുന്നിലേയ്ക്ക് കുറേ വയ്ക്കോൽ കൂട്ടിയിട്ടുകൊടുത്തു….
വിശന്നു പൊരിഞ്ഞ കഴുതകൾ വൈക്കോലിനടുത്തേയ്ക്ക് ഓടിവരും അവർ കരുതി…
പക്ഷേ കഴുതകൾ വയ്ക്കോൽ കണ്ടെങ്കിലും അത് ഗൗനിക്കാതെ വളരെ ശാന്തതയോടെ അന്തോനിയുടെ മുന്നിലെത്തി… മുൻകാലുകൾ മടക്കി തലതാഴ്ത്തി മുട്ടിന്മേൽ നിന്നുകൊണ്ട് പരിശുദ്ധ കുർബാനയെ വണങ്ങി…. അവിടെ കൂടിയിരുന്ന വിശ്വാസികളും അവിശ്വാസികളും ശ്വാസമടക്കി ഈ അത്ഭുതം കണ്ടു നിന്നു.
ഏതാനും മിനിട്ടുകൾക്ക് ശേഷം വി. അന്തോനി അനുവാദം കൊടുത്തപ്പോൾ മാത്രമാണ് ആ നാൽക്കാലികൾ തിരുവോസ്തിയുടെ മുന്നിൽ നിന്നും പിന്തിരിഞ്ഞത്…. അന്തോനിയെ വെല്ലുവിളിക്കുകയും പരാജയം ഏറ്റുവാങ്ങുകയും ഈ അത്ഭുതം നേരിൽ കാണുകയും ഗ്രഹിക്കുകയും ചെയ്ത ഗില്ലാർഡ് എന്ന ഈ അവിശ്വാസി പിന്നീട് മനസാന്തരപ്പെടുകയും അനുചരന്മാരെ സത്യവിശ്വാസത്തിലേയ്ക്ക് കൊണ്ട് വരാനും ഉത്തമകത്തോലിക്കാ ജീവിതം നയിക്കാനും ഈ അത്ഭുതം നടന്ന ചാപ്പലിന്റെ സ്ഥാനത്ത് മനോഹരമായ ഒരു ദേവാലയം പണികഴിപ്പിക്കുകയും ചെയ്തു…
ഈ അത്ഭുതമാകട്ടെ അന്നാട്ടിലെ നവീകരണവാദികൾ ഒന്നടങ്കം തങ്ങളുടെ വഴി തെറ്റിയിരിക്കുന്നതായി മനസിലാക്കാനും അന്തോനിയുടെ മുന്നിലെത്തി പശ്ചാത്തപിച്ചു പാപമോചനം നേടാനും സത്യവിശ്വാസികളായി ജീവിക്കാനും പ്രേരകമായി….. നമുക്കും നമ്മുടെ അനുദിന ജീവിതത്തിൽ അറിഞ്ഞും അറിയാതെയും വഴി തെറ്റുന്നുണ്ടല്ലോ? സത്യവിശ്വാസത്തെ സംശയത്തോടെ നോക്കാറുണ്ടല്ലോ? ദൈവസന്നിധിയിൽ ആ നാൽക്കാലികളെക്കാൾ ദൈവം തന്റെ രൂപസാദൃശ്യത്തിൽ തന്നെ മെനഞ്ഞെടുത്ത നമ്മളെ നമുക്ക് ദൈവസന്നിധിയിൽ സമർപ്പിക്കാം…… വി. അന്തോനീസിന്റെ കരങ്ങളിലെ ദിവ്യാത്ഭുതമായ ഈശോനാഥൻ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ…. വി. അന്തോനീസ് പുണ്യവാനേ, ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ…..
അജി ജോസഫ് കാവുങ്കൽ ✍️
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group