പാദം കഴുകാം പങ്കിടാം

Avatar photo
ആധുനിക യുഗത്തിൽ നവമാധ്യമങ്ങളുടെ താളബോധത്തിൽ നിലകൊണ്ടീടുന്ന യുവത്വങ്ങളെ ക്രിസ്തുവിലേയ്ക്ക് ചേർത്തു നിർത്തുവാൻ ഒരു പുതിയ നവ മാധ്യമ വിപ്ലവം ഇവിടെ പിറവികൊള്ളുന്നു.

ഓർമ്മയുടെ കുടക്കീഴിൽ ഒന്നിച്ചിരുന്നും ഒറ്റക്കിരുന്നും ഗുരുവും കർത്താവുമായ യേശുവിൻ്റെ അന്ത്യ അത്താഴത്തെക്കുറിച്ച് ലോകമെമ്പാടുമുള്ള അവൻ്റെ അനുയായികൾ ആർദ്രതയോടെ ധ്യാനിക്കുന്ന ദിവസമാണ് പെസഹാ വ്യാഴം.കടന്നു പോയ പ്രിയപ്പെട്ടവർ ഒടുവിൽ പറഞ്ഞതും ചെയ്തതും ചിന്ത കൊണ്ട് ചികഞ്ഞെടുക്കുന്നത് സുഖപ്പെടുത്തുന്ന ഒരു നോമ്പനുഭവമാണ്.അവസാനമായി അവൻ ചെയ്തതെന്താണ്?പിരിയും മുമ്പ് അവൻ തന്റെ പ്രിയപ്പെട്ടവരോട് എന്താണ് പറഞ്ഞത്?അങ്ങനെ പറഞ്ഞപ്പോൾ ,
അങ്ങനെയൊക്കെ ചെയ്തപ്പോൾ അവൻ്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകൾ എന്തെല്ലാമായിരുന്നു?ഇക്കുറി ,ഈശോയുടെ മനസ്സിലേക്ക് ചേർന്നുനിന്നുകൊണ്ട് നമുക്ക് പെസഹാ യെക്കുറിച്ച് ധ്യാനിക്കാം.യേശുവിന് ആ പെസഹാ വളരെ വ്യത്യസ്തമായിരുന്നു. കാരണം ,അവൻ എല്ലാമറിഞ്ഞിരുന്നു. സ്നേഹിതനായ യൂദാസ് തന്നെ ഒറ്റിക്കൊടുക്കുമെന്നും ശിഷ്യ പ്രധാനിയായ പത്രോസ് തള്ളിപ്പറയുമെന്നും മറ്റുള്ളവരെല്ലാം ഓടിയൊളിക്കുമെന്നും ഒടുവിൽ താൻ മരണത്തിന് ഏല്പിക്കപ്പെടുമെന്നും – അങ്ങനെയങ്ങനെ അവന് അറിയാത്തതായി ഒന്നും തന്നെ ഇല്ലായിരുന്നു. മുന്നറിവിൻ്റെ പീഢ ഉള്ളിൽ അനുഭവിച്ചുകൊണ്ടാണ് ഈശോ അന്ന് ശിഷ്യരോടൊപ്പം അത്താഴത്തിനിരുന്നത്.പാദങ്ങൾ കഴുകുക പകുത്തു നല്കുക. ഈശോ പ്രഘോഷിച്ച സുവിശേഷത്തിൻ്റെ സംഗ്രഹമാണ് ഈ വാചകങ്ങൾ .മാതൃകയോടു കൂടിയ ഈ കല്പന ഈശോയുടെ ശിഷ്യരാകാൻ ആഗ്രഹിക്കുന്ന എല്ലാവരുടെയും ഹൃദയ കാതുകളിൽ എന്നും മുഴങ്ങേണ്ടതാണ്.ശുശ്രൂഷാപൗരോഹിത്യ വും പരിശുദ്ധ കുർബാനയും സ്ഥാപിക്കപ്പെട്ടത് പെസഹാ രാത്രിയിലാണ്. ജീവിതവഴിയിൽ കണ്ടു മുട്ടുന്നവർക്കൊക്കെ ഈശോയെ കൊടുക്കാൻ വൈദികർക്കും നമുക്കുമാകട്ടെയെന്ന് പ്രാർത്ഥിക്കാം .ദൈവത്തിന്റെ ജീവനുള്ള ഹൃദയം ദിവ്യകാരുണ്യത്തിൽ തുടിക്കുന്നതു കാണാൻ നമുക്ക് ബലിവേദിയിലേക്കു കടന്നു വരാം.

ജോൺസൺ തോമസ് മാരിയിൽ

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group