”സീയോന്‍പുത്രീ, കര്‍ത്താവിനോട് ഉറക്കെ നിലവിളിക്കുക.
രാവും പകലും മഹാപ്രവാഹംപോലെകണ്ണുനീര്‍ ഒഴുകട്ടെ.
നീ വിശ്രമിക്കരുത്;
കണ്ണുകള്‍ക്കു വിശ്രമം നല്‍കരുത്.
(വിലാപങ്ങള്‍ 2 : 18) ജർമ്മൻ സഭ നേരിടുന്ന
പൈശാചിക വെല്ലുവിളികൾ…..(ഭാഗം.1) പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെയും വിശ്വാസ തിരു സംഘത്തെയും വെല്ലുവിളിച്ച് സ്വവർഗ്ഗ വിവാഹങ്ങൾ ആശീർവദിക്കാനുള്ള തീരുമാനവുമായി ജർമനിയിലെ ഒരു സംഘം മെത്രാന്മാരും വൈദികരും അൽമായരും മുന്നോട്ടു വരികയും
സ്വവർഗ്ഗ ലൈംഗികതയെക്കുറിച്ചുള്ള സഭയുടെ പ്രബോധനങ്ങൾ പൊളിച്ചെഴുതണമെന്ന ജർമൻ കത്തോലിക്കാ ബിഷപ്പ് പീറ്റർ
കോൽഗ്രാഫിന്റെ പരസ്യമായ നിലപാടുകളെ അനുകൂലിച്ചു കൊണ്ട് മെയ് 10ന് സ്വർഗ്ഗ വിവാഹിതരുടെ വലിയ കൂട്ടത്തെ ജർമനിയിലെ വിവിധ ദേവാലയങ്ങളിലും സമൂഹങ്ങളിലും
വച്ച് ആശീർവദിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ നമുക്ക് ഓരോരുത്തർക്കും പ്രത്യേകമായി
ജർമൻ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം… സ്വവർഗ്ഗാനുരാഗികൾ തമ്മിലുള്ള ബന്ധങ്ങളെ ആശീർവദിക്കാമോ എന്ന ചോദ്യത്തിന് മറുപടിയായി വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും വളരെയേറെ വാദപ്രതിവാദങ്ങൾക്കും ചർച്ചകൾക്കും കാരണമായിരിക്കുകയാണല്ലോ?
ആഗോള സഭയിലും പ്രത്യേകിച്ച് യൂറോപ്പിലും ജർമനിയിലും. സ്വവർഗ്ഗാനുരാഗികളുടെ ദാമ്പത്യത്തെ അനുഗ്രഹിക്കാൻ സഭയ്ക്ക് അധികാരമുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയാണ് കഴിഞ്ഞ മാർച്ച് 15 ന് സഭയുടെ വിശ്വാസ തിരുസംഘം പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പായുടെ അംഗീകാരത്തോടുകൂടി പുറപ്പെടുവിച്ച ”റെസ്പോണ്ട്സും ആദ് ദുബിയും ”എന്ന പ്രമാണരേഖയുടെ അടിസ്ഥാന പ്രമേയം…. ഒരേ ലിംഗത്തിൽപ്പെട്ടവരുടെ ബന്ധങ്ങൾ, അങ്ങനെയുള്ളവരുടെ വിവാഹങ്ങൾ,
സഭയിൽ അംഗീകരിക്കപ്പെടണമെന്നൊരു വാദഗതി യൂറോപ്പിൽ പ്രത്യേകിച്ച് ജർമനിയിൽ പ്രബലമായി കൊണ്ടിരിക്കുന്നതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെയൊരു പ്രമാണരേഖ ഇപ്പോൾ വിശ്വാസ തിരുസംഘം പൊതുവായി നൽകാൻ പോലും ഇടയായത്. ജർമനിയിലെ റോമൻ കത്തോലിക്കാ സഭയിലെ ലൈംഗീക പീഡനങ്ങളെക്കുറിച്ച് പഠിക്കാനും പഠനങ്ങളെ മുൻ നിർത്തി കാരണങ്ങളും പരിഹാരങ്ങളും പ്രതിവിധികളും കണ്ടെത്താനും സഭയ്ക്കുള്ളിലെ ഘടനാപരമായ വിഷയങ്ങളും ചർച്ച ചെയ്ത് സഭയും ആവശ്യമായ നവീകരണ മാർഗ്ഗങ്ങൾ കണ്ടെത്താനും വേണ്ടി സഭാനേതൃത്വവും സന്യസ്തരും വിശ്വാസികളും ദൈവശാസ്ത്രവിദഗ്ധരും ഉൾപ്പെടെ 230അംഗങ്ങളുള്ള ഒരു ചർച്ചാ വേദിയാണ് ജർമൻ സഭയിൽ പ്രവർത്തിക്കുന്ന സിനഡൽ വേ. സഭയുടെ നല്ല ഭാവിയും നവീകരണവുമാണ് സിനഡൽ വേ ലക്ഷ്യമാക്കിയതെങ്കിലും സെക്യുറലിസത്തിന്റെയും ആധുനിക ചിന്താഗതികളുടെയും അതിപ്രസരവും സ്വാധീനവും ധർമ്മികതയുടെ നിഷേധത്വവും എല്ലാത്തിലുമുപരി റോമിനോടും മാർപാപ്പയോടും വിധേയപ്പെടാനുള്ള വൈമനസ്യവും പ്രാദേശിക മനോഭാവവും 1517-ൽ മാർട്ടിൻ ലൂതറിലൂടെയെന്ന പോലെ ജർമ്മൻ സഭയെ ഇന്നും മാതൃസഭയിൽ നിന്ന് ഒരു പിളർപ്പിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. ദൈവത്തെപ്പോലും സംഘടനാ വരുതിയിൽ നിർത്താനുള്ള പരിശ്രമത്തിലാണ് സഭയുടെ കാഴ്ചപ്പാട് പഴഞ്ചനാണെന്നും കാലത്തിനൊത്തു സഭ മാറണമെന്നും അതിനനുസരിച്ച് അവരുടെ നിലപാടുകളിൽ മാറ്റം വരുത്തണമെന്നും അതിനായി സഭയുടെ പഠനങ്ങളും പ്രബോധനങ്ങളും തിരുത്തി എഴുതണമെന്നുമുള്ള മുറവിളി ജർമ്മൻ സഭയിൽ അതിശക്തമാണ്. ജർമ്മനിയിലെ അനേകം മെത്രാന്മാരും വൈദികരും ദൈവശാസ്ത്ര വിദഗ്ധരും വിശ്വാസികളും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്ന അടിസ്ഥാന പഠനങ്ങളുടെ പ്രബോധനങ്ങളും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്
ചേർന്നതല്ലാത്തതുകൊണ്ട്
പൂർണമായി എടുത്തുകളയുകയോ കാലത്തിന് അനുയോജ്യമായ രീതിയിൽ മാറ്റങ്ങൾ വരുത്തി പരിഷ്കരിക്കണമെന്നും ശഠിക്കുന്നവരാണ്.
സിനഡ് നിയമപ്രകാരം
വിവാഹമോചനം നേടി വീണ്ടും വിവാഹിതരായവർക്കും ഇതര ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ട ജീവിത പങ്കാളികൾക്ക് വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള അവകാശം,
ബ്രഹ്മചര്യം നിർത്തലാക്കുക വിവാഹിതർക്ക് പൗരോഹിത്യം നൽകുക,
സ്ത്രീ പൗരോഹിത്യം അനുവദിക്കുക, സഭയിൽ മെത്രാൻ,കർദിനാൾ മാർപാപ്പ തുടങ്ങിയ അധികാരസ്ഥാനങ്ങളിലേക്ക് സ്ത്രീകൾക്ക് പ്രവേശനവും നിയമനവും നൽകുക, ലൈംഗികത, വിവാഹം, സന്താന നിയന്ത്രണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകളും നിലപാടും പൊളിച്ചെഴുതുക സ്വവർഗ്ഗാനുരാഗികളുടെ വിവാഹം ആശീർവദിക്കുക,
അത് കൗദാശികമായി അംഗീകരിക്കുക എന്നിങ്ങനെ നീണ്ടുപോകുന്നു കത്തോലിക്കാസഭയുടെ അടിസ്ഥാന തത്വങ്ങളിൽ മാറ്റംവരുത്താൻ ജർമൻ സഭ നിർദേശിക്കുന്ന ഭേദഗതികളുടെ ലിസ്റ്റ്.
ഇതര സഭകളോടുള്ള മൈത്രീ ഭാവത്തിന്റെ അടയാളമെന്ന രീതിയിൽ ദൈവശാസ്‌ത്രപരമായും വിശ്വാസപരമായും വളരെയധികം വ്യത്യസ്തതകളുള്ള ഇവാഞ്ചലിക്കൽ
സഭയോടൊത്ത് ചേർന്ന് വിശുദ്ധ കുർബാന ആചാരണത്തിനും വിശുദ്ധ കുർബാന സ്വീകരണത്തിനും വേണ്ടി ജർമൻ ബിഷപ്സ് കോൺഫ്രൻസിന്റെ ആഭിമുഖ്യത്തിൽ തുടങ്ങിയ ചില നടപടി ക്രമങ്ങളെ മൂന്നിൽ പരം തവണ ഫ്രാൻസിസ് മാർപാപ്പയും വിശ്വാസതിരുസംഘവും ആവർത്തിച്ച് അപലപിക്കുകയും അത് സഭയുടെ വിശ്വാസ സംഹിതയ്ക്ക് എതിരാണെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടും അവയെ പാടെ അവഗണിച്ചു കൊണ്ട് ജർമൻ മെത്രാൻ സമിതിയും സിനഡ് വേയും റോമിലെ സഭാ നേതൃത്വവും ആധുനിക ചിന്താഗതികളെ നിഷേധിച്ചു തള്ളുന്ന തല നരച്ച പഴമക്കാരുടെ കൂട്ടായ്മ യാണെന്നും സഭ കാലത്തിനൊത്ത് ചിന്തിക്കുകയും പ്രവർത്തിക്കുകയും പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ അത്തരമൊരു പ്രസ്ഥാനത്തോട് ഒത്തു ചേർന്ന് പോകാൻ തങ്ങൾ തയ്യാറല്ലെന്നും വ്യക്തമാക്കിക്കൊണ്ട് സഭാ പ്രബോധനങ്ങൾക്ക് വിരുദ്ധമായി സ്വവർഗ്ഗ വിവാഹങ്ങൾ ആശീർവദിക്കാൻ ഒരുങ്ങുന്നത്….(തുടരും)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group