സിസ്റ്റർ മേരി കൊളേത്തയുടെ ദൈവദാസി പ്രഖ്യാപനത്തിനായി മണിയംകുന്ന് എന്ന മലയോരം ഒരുങ്ങുന്നു. കൊളേത്താമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന പൂഞ്ഞാർ മണിയംകുന്ന് തിരുഹൃദയ ഇടവകയിലെ വിശ്വാസീസമൂഹവും കൊളേത്താമ്മ ജീവിച്ചു മരിച്ച മണിയംകുന്ന് ക്ലാരിസ്റ്റ് കോണ്വെന്റിലെ സന്യാസിനികളും വലിയ പ്രാർഥനയോടെയാണ് ദൈവദാസിപ്രഖ്യാപനത്തിനായി ഒരുങ്ങുന്നത്.
11നു രാവിലെ 11ന് മണിയംകുന്ന് പള്ളിയിൽ നടക്കുന്ന എളിയ ചടങ്ങിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ദൈവദാസിപ്രഖ്യാപനം നടത്തും.
സമർപ്പണ ജീവിതവഴികളിൽ തനിക്കു നേരിടേണ്ടിവന്ന കഠിനമായ ഏകാന്തതയും രോഗവുമെല്ലാം ദൈവനിയോഗമെന്നു കരുതി യാതൊരു വിഷമവുമില്ലാതെ സുകൃതങ്ങളാക്കിയ പുണ്യവതിയായിരുന്നു കൊളേത്താമ്മ. 1904 മാർച്ച് മൂന്നിനാണ് സിസ്റ്റർ മേരി കൊളേത്തയുടെ ജനനം. കൊളേത്താമ്മ എന്ന പേരിലാണ് അറിയപ്പെട്ടത്. വാകമല സെന്റ് ജോസഫ് സ്കൂൾ, ആനിക്കാട് ഹോളി ഫാമിലി സ്കൂൾ, മണിയംകുന്ന് സെന്റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു.
അധ്യാപകവൃത്തിക്കു ശേഷം 1932 ഒക്ടോബർ നാലിന് ക്ലാരസഭയിൽ അംഗമായി. 1984 ഡിസംബർ എട്ടിന് അന്തരിച്ചു.
നിരവധി ആളുകൾക്കാണ് കൊളേത്താമ്മയടെ മാധ്യസ്ഥ്യം വഴി അനുഗ്രഹങ്ങൾ ലഭിക്കുന്നത്. രണ്ടാഴ്ച മുൻപ് മാത്രമാണ് സിസ്റ്റർ മേരി കൊളേത്തയുടെ നാമകരണ നടപടികൾക്ക് വത്തിക്കാന്റെ അനുമതി ലഭിച്ചത്.
അന്നുതന്നെ നാമകരണ നടപടികൾക്ക് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു.
കൊളേത്താമ്മയേക്കുറിച്ചുള്ള പഠനത്തിനായി റവ.ഡോ.ഡൊമിനിക് വെച്ചൂർ, റവ.ഡോ.ജോസ് മുത്തനാട്ട്, സിസ്റ്റർ ലിയോബ എഫ്സിസി എന്നിവരെയാണ് കമ്മീഷനായി ചുമതലപ്പെടുത്തിയിരുന്നതെന്നു മണിയംകുന്ന് പള്ളി വികാരി ഫാ. സിറിയക് കൊച്ചുകൈപ്പെട്ടിയിൽ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group