മുന്‍ മന്ത്രിയും ചങ്ങനാശ്ശേരി നഗരസഭാ മുന്‍ ചെയര്‍മാനും ചങ്ങനാശ്ശേരിയുടെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.ജെ. ചാക്കോ അന്തരിച്ചു. 1979 ല്‍ ചുരുങ്ങിയ കാലം മന്ത്രിയായി സേവനം അനുഷ്ഠിക്കുവാന്‍ അവസരം ലഭിച്ചപ്പോള്‍ ”പെസഹാ വ്യാഴാഴ്ച ”പൊതു അവധി ദിവസമായി പ്രഖ്യാപിച്ചത് ഇദ്ദേഹമാണ്.
അതുകൊണ്ട് തന്നെ ”പെസഹ മന്ത്രി”യെന്ന പേര് വീഴുന്നതിനും ഇതു കാരണമായി.ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നും ബി.എയും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി. 1964 ല്‍ ചങ്ങനാശേരി മുന്‍സിപ്പല്‍ ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ട ചാക്കോ അഭിഭാഷകനെന്ന നിലയിലും അറിയപ്പെട്ടു. ചങ്ങനാശ്ശേരിയുടെ മഹത്തായ മതസൗഹാര്‍ദ്ദ പാരമ്പര്യത്തിന് കോട്ടം വരുത്തിയ പറാല്‍ സംഭവത്തിന് പരിഹാരമുണ്ടാക്കുന്നതിനും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനും ചാക്കോ ചെയ്ത സേവനങ്ങള്‍ സുപ്രധാനമാണ്. 1970 ലും 1977 ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ചാക്കോ വിജയിച്ചു. 1979 ല്‍ സി.എച്ച്. മുഹമ്മദ് കോയ രൂപീകരിച്ച മന്ത്രിസഭയില്‍ ചാക്കോയെ ഉള്‍പ്പെടുത്തി. റവന്യൂ, ട്രാന്‍സ്പോര്‍ട്ട്, എക്സൈസ് വകുപ്പുകളായിരുന്നു അദ്ദേഹം കൈകാര്യം ചെയ്തത്. മില്‍മ ചെയര്മാന്, പബ്ലിക് അക്കൗണ്ട്സ് കമ്മറ്റിയംഗം, ഇന്‍ഷുറന്‍സ് കമ്മറ്റി മെംബര്‍, പെറ്റീഷന് കമ്മറ്റി ചെയര്മാന് എന്നീ നിലകളില്‍ നിയമസഭാകമ്മറ്റികളില്‍ പ്രവര്‍ത്തിച്ചു. 1962 മുതല്‍ തുടര്‍ച്ചയായി വാഴപ്പള്ളി സര്‍വ്വീസ് സഹകരണബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറായും 1984 മുതല്‍ 35 വര്‍ഷക്കാലം ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പുത്തന്‍പുരാണം എന്ന പുസ്തകവും ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group