ഫാ. എബ്രഹാം താഴത്തേടത്തിനെ മോചിപ്പിക്കണം : കത്തോലിക്ക കോണ്‍ഗ്രസ്

മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചിരിക്കുന്ന മലയാളി വൈദികന്‍ ഫാ. എബ്രഹാം താഴത്തേടത്തിനെ ഉടന്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി രംഗത്ത്.

ജബല്‍പ്പൂര്‍ രൂപതയുടെ വിദ്യാഭ്യാസ ഏജന്‍സിയായ ജബല്‍പ്പൂര്‍ ഡയോസിഷന്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ വൈസ് ചെയര്‍മാനും വികാരി ജനറാളുമാണ് പാലാ എലിക്കുളം കാരക്കുളം സ്വദേശിയുമായ ഫാ. എബ്രഹാം താഴത്തേടത്ത്. ഈ സൊസൈറ്റിയുടെ കീഴില്‍ കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന സെന്റ് അലോഷ്യസ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട സിവില്‍ കേസില്‍ കഴിഞ്ഞ മെയ് 27 നാണ് വൈദികനെ മധ്യപ്രദേശ് പോലീസ് അന്യായമായി അറസ്റ്റ് ചെയ്തത്. സ്‌കൂള്‍ നടത്തിപ്പുമായി യാതൊരു ബന്ധവുമില്ലാത്ത ഫാ. എബ്രഹാമിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച നടപടി കടുത്ത പ്രതിഷേധാര്‍ഹവും മനുഷ്യാവകാശ ലംഘനവുമാണ്. കഴിഞ്ഞ 10 വര്‍ഷമായി ജബല്‍പ്പൂര്‍ രൂപതയില്‍ സേവനം ചെയ്തുവരുന്ന ഫാ. ഏബ്രഹാമിനെ മോചിപ്പിക്കാന്‍ കേന്ദ്ര ന്യൂനക്ഷ മന്ത്രി ജോര്‍ജ്ജ് കുര്യന്‍ അടിയന്തിരമായി ഇടപെടണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. അതോടൊപ്പം ഫാ.എബ്രഹാമിനെ എത്രയും വേഗം ജയില്‍ മോചിതനാക്കണമെന്ന്‌ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m