ഫാ. കാർലോസ് ഗോൺസാലസ് അന്തരിച്ചു.

ലോകപ്രശസ്ത ഗുജറാത്തി എഴുത്തുകാരനും സ്പാനിഷ് ജെസ്യൂട്ട് വൈദികനുമായ  ഫാ.കാർലോസ് ഗോൺസാലസ്  വാലസ് അന്തരിച്ചു. സ്പെയിൻ സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യവും സ്പെയിനിൽ തന്നെ ആയിരുന്നു. ഗുജറാത്ത് സർവകലാശാലയിൽ അനേകം വര്‍ഷം ഗണിതശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ച അദ്ദേഹം നിരവധി പുസ്തകങ്ങൾ ഗുജറാത്തി ഭാഷയിൽ രചിച്ചിട്ടുണ്ട്. 1925 നവംബര് 4ന് സ്പെയിനിലെ ലോഗ്‌റോനോയിലാണ് അദ്ദേഹം ജനിച്ചത്. പതിനഞ്ചാം വയസിൽ മിഷനറി പ്രവർത്തനത്തിനായി അദ്ദേഹം ഇന്ത്യയിൽ എത്തുകയും തുടർന്ന് മദ്രാസ് സര്‍വകലാശാലയിൽ പഠനം പൂർത്തിയാക്കി. നിരവധിയായ നേട്ടങ്ങൾ വിദ്യാഭ്യാസ മേഖലയ്ക്ക് നേടികൊടുക്കാൻ ചുരുങ്ങിയ കാലംകൊണ്ട് ഫാ.കാർലോസിന് സാധിച്ചു. 1960 കാലഘട്ടത്തിലാണ് അദ്ദേഹം ഗുജറാത്ത് സർവകലാശാലയിൽ അധ്യാപനം ആരംഭിക്കുന്നത്. സർവകലാശാലയുടെ പ്രവർത്തന മേഖലയിൽ ഒരുപാട് ഫലപ്രദമായ മാറ്റങ്ങൾ അദ്ദേഹം കൊണ്ടുവന്നിരുന്നു.  
     
ഫാ. വാലസ് പലർക്കും, പ്രത്യേകിച്ച് ഗുജറാത്തിലെ പ്രമുഖരിൽ പലർക്കും  പ്രിയങ്കരനായിരുന്നു. ഗണിതം, ഗുജറാത്തി സാഹിത്യം തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം തിളക്കമാർന്ന നേട്ടങ്ങൾ കൈവരിച്ചിരുന്നു. സ്പാനിഷ് ജെസ്യൂട്ട് വൈദികനായിരുന്ന അദ്ദേഹത്തിന്റെ ജീവിതം എന്നും മാതൃകയാക്കേണ്ടതാണ്. സമൂഹ സേവനത്തിലും അദ്ദേഹത്തിന് അതിയായ അഭിരുചി ഉണ്ടായിരുന്നു.  ഫാ. വാലസിന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രമുഖ കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലും അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ സങ്കടമുണ്ട്, ആത്മാവു സമാധാനത്തില്‍ വിശ്രമം കൊള്ളട്ടെ” നരേന്ദ്ര മോദി ട്വിറ്ററിൽ രേഖപ്പെടുത്തി.