ഫാ. ഷിൻസിന് കണ്ണീരോടെ വിടയേകി ജന്മനാടും അതിരൂപതയിലെ വിശ്വാസ സമൂഹവും

സ്വാതന്ത്ര്യദിനത്തിൽ ഉയർത്തിയ ദേശീയ പതാക അഴിച്ചെടുക്കുന്നതിനിടെ ഷോക്കേറ്റു മരിച്ച തലശേരി അതിരൂപതയിലെ യുവ വൈദികൻ ഫാ. ഷിൻസ് കുടിലിലിന് ജന്മനാടും അതിരൂപതയിലെ വിശ്വാസ സമൂഹവും വിടയേകി. എടൂരിലെ ഭവനത്തിലും സെന്റ് മേരീസ് ഫൊറോന പള്ളിയിലും മൃതദേഹം പൊതുദർശനത്തിനു വച്ചപ്പോൾ ആയിരങ്ങൾ അന്ത്യപ്രണാമം അർപ്പിച്ചു. ഇന്നലെ രാവിലെ മൃതദേഹം എടൂരിലെ വീട്ടിലെത്തിച്ചപ്പോൾ മുതല്‍ ജനപ്രവാഹമായിരുന്നു.

എടൂർ സെന്‍റ് മേരീസ് പള്ളിയിൽ വിവിധ ഘട്ടങ്ങളിലായി നടന്ന സംസ്‌കാര ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, ആർച്ച് ബിഷപ്പ് എമരിറ്റസുമാരായ മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്‌സ് താരാമംഗലം എന്നിവര്‍ കാര്‍മ്മികരായി. സംസ്‌കാരശുശ്രൂഷയുടെ ഭാഗമായുള്ള അനുശോചന സന്ദേശത്തിൽ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനാകാതെ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾ ഇടറിയിരുന്നു.

ഏലിയായെ സ്വർഗത്തിലേക്ക് എടുത്തതുപോലെ മാതാവിൻ്റെ സ്വർഗാരോപണ തിരുനാൾ ദിവസം ദൈവം അഗ്‌നിരഥം അയച്ച് ഷിൻസ് അച്ചനെ സ്വർഗത്തിലേക്കു കൊണ്ടുപോയെന്ന് താൻ വിശ്വസിക്കുന്നുവെന്നും കർത്താവിനോട് അനുരൂപപ്പെട്ട് മൂന്നുവർഷം കൊണ്ട് തന്റെ ബലി പൂർത്തിയാക്കിയ ഹൃദയത്തിന്റെ സംതൃപ്‌തിയാണ് അച്ചൻ്റെ മുഖത്ത് വിരിഞ്ഞ ചിരിയെന്നും ആർച്ച് ബിഷപ്പ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m