കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാട്ടി ഫാ. സേവ്യർ ഖാൻ വട്ടായിൽ

Fr. Xavier Khan Vattayil is Pointing out the challenges faced by the Christian community in Kerala.

തൃശ്ശൂർ: കേരളത്തിലെ ക്രൈസ്തവരുടെ ഇടയിൽ അപകടകരമായ വിധത്തിൽ വളരുന്ന പ്രവണതകളെ ചൂണ്ടിക്കാട്ടി പ്രശസ്ത വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിൽ. ഭയാനകമായി കുറയുന്ന ജനനനിരക്ക്, അവിവാഹിതരുടെ വർധന, വിദേശത്തുപോകുന്നവർ തിരിച്ചുവരാത്ത അവസ്ഥ, തൊഴിലില്ലായ്മ എന്നിവയാണ് കേരളത്തിലെ ക്രൈസ്തവരുടെ ഇടയിലെ ഗുരുതരമായ പ്രശ്നങ്ങൾ എന്നു അച്ചൻ ചൂണ്ടിക്കാട്ടി. ഷെക്കെയ്ന ടെലിവിഷൻ സംഘടിപ്പിക്കുന്ന രണ്ടാം മിസ്പ കൺവൻഷനിൽ ആദ്യദിവസത്തെ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികൾക്കു പരിഹാരം കണ്ടെത്താൻ ഉത്തരവാദിത്വപ്പെട്ടവരുടെ സംഘടിതശ്രമം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഭയാനകമായി കുറയുന്ന ജനനനിരക്കാണ്. 2001ൽ സിഡിഎസിലെ ജനസംഖ്യാ ശാസ്ത്രജ്ഞനായ കെ.സി. സക്കറിയ നടത്തിയ പഠനമനുസരിച്ച് ഏറ്റവും കുറഞ്ഞ ജനനനിരക്ക് ക്രൈസ്തവ സമൂഹത്തിനാണ്. ക്രൈസ്തവ കുടുംബത്തിൽ ശരാശരി ഒരു കുട്ടി മാത്രമാണ് ഇപ്പോഴുള്ളത്. ഈ സ്ഥിതി തുടർന്നാൽ കേരളത്തിൽ ക്രൈസ്തവ സമുദായം വളരെവേഗം ക്ഷയിച്ച് ദുർബലമാകുമെന്നതിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ വിവാഹപ്രായം കഴിഞ്ഞും വിവാഹംകഴിക്കാതെ നിൽക്കുന്നവരുടെ എണ്ണം വർധിക്കുന്നതും വലിയ ഒരു പ്രതിസന്ധിയാണ്. ഇതിനു പരിഹാരമായി നേരത്തെ യുവതീ യുവാക്കളെ വിവാഹം ചെയ്തു വിടണം എന്നും വിവാഹം കഴിഞ്ഞും പഠിക്കാം എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിക്കണം എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒപ്പം സർക്കാർ ജോലികളിലേക്ക് എത്തിപ്പെടുവാനുള്ള കഠിന ശ്രമവും കാലത്തിന്റെ അനിവാര്യതയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മിസ്പ കൺവൻഷന്റെ രണ്ടാം ദിനമായ ഇന്ന് ‘സഭയും സമുദായ ഭദ്രതയും’ എന്ന വിഷയത്തിൽ ഫാ. റോയി കണ്ണൻചിറ സി.എം.ഐ പ്രഭാഷണം നടത്തും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group