ഫ്രാൻസിലെ നീസ് ബസിലിക്കയിലെ ഭീകരാക്രമണത്തെ അപലപിച്ച് ലോക രാഷ്ട്രങ്ങൾ

പാരീസ്: ഫ്രാൻസിലെ നീസ് -നോട്രാഡാം ബസലിക്കയിൽ കഴിഞ്ഞ ദിവസം നടന്ന ജിഹാദി ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങൾ. ഭീകരാക്രമണത്തിന് ഇരകളായവർക്കും കുടുംബത്തിനും അനുശോചനവും ദുഖവും അറിയിക്കുന്നതിനോടൊപ്പം ഭീകരതയ്‌ക്കെതിരായ നടപടിക്രമങ്ങളിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നവ മാധ്യമങ്ങളിലൂടെ തന്റെ അനുശോചനകുറിപ്പിൽ രേഖപ്പെടുത്തി. ഇന്ത്യയും അമേരിക്കയും അടക്കം നിരവധി രാജ്യങ്ങൾ ഭീകരാക്രമണത്തെ അപലപിച്ച് ഇതിനോടകം പ്രസ്ഥാപനകൾ ഇറക്കിയിട്ടുണ്ട്.

 ഫ്രാൻസിലെ ഭീകരതയെ അപലപിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഈ തീവ്ര ഇസ്‌ലാമിക ഭീകരതയെ ഉടനടി അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഫ്രാൻസിനോ മറ്റൊരു രാജ്യത്തിനോ ഈ ഭീകരതയെ ദീർഘനേരം സഹിക്കാൻ കഴിയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ രേഖപ്പെടുത്തി. മതത്തിന്റെ പേരിലുള്ള തീവ്രവാദത്തെയും അക്രമത്തെയും അവസാനിപ്പിക്കാൻ അമേരിക്ക പഴയ സഖ്യ രാഷ്ട്രമായ ഫ്രാൻസിനൊപ്പമാണെന്നും ഓർമിപ്പിച്ചു.

കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, ഓസ്ട്രിയൻ ചാൻസിലർ സെബാസ്റ്റ്യൻ കൂർസ് എന്നിവർ ഫ്രാൻസിലെ ഭീകരതയിൽ ഖേദം  രേഖപ്പെടുത്തിയിരുന്നു. സംഭവത്തെ വിനാശകരമായ വാർത്തയെന്ന് വിശേഷിപ്പിച്ച കനേഡിയൻ പ്രധാനമന്ത്രി, ഇരകളുടെ പ്രിയപ്പെട്ടവർക്കൊപ്പമാണ് തങ്ങളെന്ന് ഫേസ്ബുക്കിൽ കുറിച്ചു. സമൂഹത്തിൽ സ്ഥാനമില്ലാത്ത ഈ അധാർമ്മിക നടപടിയെ ഒരിക്കലും അനുവദിക്കാൻ സാധ്യമല്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി തന്റെ അനുശോചനകുറിപ്പിൽ അഭിപ്രായപ്പെട്ടു. ഫ്രാൻസിലെ സംഭവ വികാസങ്ങൾ തന്നെ ഞെട്ടിച്ചുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, ഇസ്‌ലാമിക ഭീകരാക്രമണത്തെ ശക്തമായി എതിർക്കുന്നുവെന്ന് ഓസ്ട്രിയൻ ചാൻസിലർ സെബാസ്റ്റ്യൻ കുർസും പ്രതികരിച്ചു. ഫ്രാൻസിലെ നീസ് ബസലിക്ക കേന്ദ്രീകരിച്ച് നടന്ന ഭീകരാക്രമണത്തിൽ കപ്യാരും 45  വയസ്സ് പ്രായമുള്ള  സ്ത്രീയുമടക്കം മൂന്നുപേരാണ് കൊല്ലപ്പെട്ടത്. സാമുവേൽ പാറ്റിയുടെ കൊലപാതകത്തിന് ശേഷം തുടർച്ചയായി അരങ്ങേറിയ കൊലപാതകത്തിന്റെ പിന്നിലെ രഹസ്യങ്ങൾ അധികൃതർ അന്വേഷിച്ച് വരുന്നതായി ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group