രക്തസാക്ഷിയായ ഫാ. യാൻ ഫ്രാൻചീഷെക് മാഹ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്…

വത്തിക്കാൻ സിറ്റി :ഇരുപത്തിയെട്ടാമത്തെ വയസ്സിൽ ക്രിസ്തുവിനായി സ്വജീവൻ ഹോമിച്ച രക്തസാക്ഷിയായ ഫാ. യാൻ ഫ്രാൻചീഷെക് മാഹ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്.

നവംബർ 20 -ന് ശനിയാഴ്ച പോളണ്ടിലെ കത്തോവിത്തെ Katowice) അതിരൂപതയിൽ വച്ചാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദത്തിലേക്ക് ഉയർത്തുന്നത്.

വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അദ്ധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാറൊ, ഫ്രാൻസീസ് പാപ്പായെ പ്രതിനിധാനം ചെയ്തുകൊണ്ട് തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിക്കും. 2020 ഒക്ടോബർ 17 -ന് നടത്താൻ തീരുമാനിച്ചിരുന്ന ഈ ചടങ്ങ് കോവിഡ് 19 മഹാമാരി ഉളവാക്കിയ പ്രതികൂല സാഹചര്യങ്ങൾ മൂലം ഒരു വർഷത്തിലേറെ നീട്ടിവയ്ക്കുകയായിരുന്നു.

1914 ജനുവരി 28-ന്, പോളണ്ടിലെ ഹൊർത്സൊവ് (Chorzów) എന്ന സ്ഥലത്ത് ജനിച്ച ഫാ. യാൻ കത്തോവിത്സെ അതിരൂപതയ്ക്കു വേണ്ടി 1939 ജൂൺ 25-ന് പൗരോഹിത്യം സ്വീകരിച്ചു. ഇടവകയിൽ അജപാലന ശുശ്രൂഷ ആരംഭിച്ച നവവൈദികൻ , പോളണ്ടിൽ ജർമ്മൻ പട ആധിപത്യമുറപ്പിച്ചതോടെ പീഢനങ്ങളെ നേരിടാൻ തുടങ്ങി. താൻ പൗരോഹിത്യം സ്വീകരിച്ച വർഷം തന്നെ ഡിസംബർ മാസത്തിൽ, തിരുപ്പിറവിക്കാലത്ത്, കുടുംബങ്ങളിൽ സന്ദർശനം നടത്തിയ നവവൈദികൻ ജർമ്മൻ സൈനികരുടെ ക്രൂരതയുടെ ഫലങ്ങൾ കുടുംബങ്ങൾ അനുഭവിക്കുന്നത് കണ്ടു. . അങ്ങനെ അദ്ദേഹം കുടുംബങ്ങൾക്ക് ആത്മീയവും ഭൗതികവുമായ സഹായങ്ങൾ എത്തിക്കാനും വിവാഹാശീർവാദ കർമ്മങ്ങളും മതബോധനവും രഹസ്യമായി നടത്താനും തുടങ്ങി.

എന്നാൽ സുരക്ഷാ അധികാരികളുടെ നിരീക്ഷണത്തിലായ വൈദികൻ രണ്ടു തവണ ചോദ്യം ചെയ്യലിനു ഹാജരാകേണ്ടിവരികയും 1941 സെപ്റ്റംബർ 5-ന് അറസ്റ്റിലാകുകയും ചെയ്തു.1942 ഫെബ്രുവരി 14-ന് അദ്ദേഹത്തിനെതിരായ കുറ്റപത്രം സമർപ്പിക്കപ്പെടുകയും അക്കൊല്ലം തന്നെ ജൂലൈ 17-ന് അദ്ദേഹത്തിന് വധശിഷ വിധിക്കുകയും ചെയ്തു.

1942 ഡിസംബർ 3-ന് കത്തോവിത്സയിൽ വച്ച് ശിരച്ഛേദം ചെയ്ത് യാൻ ഫ്രാൻചീഷെക് മാഹയുടെ വധശിക്ഷ അധികാരികൾ നടപ്പിലാക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group