ആയുർവേദ മരുന്നിന്റെ മറവിൽ തട്ടിപ്പ്; കോടതി നിർദേശപ്രകാരം കേസെടുത്തു

ആയുര്‍വേദ ക്ലിനിക്ക് നടത്തി ലാഭവിഹിതം തരാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയതിനെതിരെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശപ്രകാരം കേസെടുത്തു.

പാലക്കാട് ചന്ദ്രനഗര്‍ സഹ്യാദ്രി കോളനിയില്‍ താമസിക്കുന്ന നീരജ മേനോന്‍ (26), പിതാവ് എം. കെ ജയകൃഷ്ണന്‍ (60) എന്നിവര്‍ക്കെതിരെയാണ് അങ്കമാലി പോലീസ് കേസെടുത്തത്. പ്രതികളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്‌റ്റെറി കെയര്‍ ആയുര്‍വേദ ക്ലിനിക് എന്ന സ്ഥാപനത്തിന്‍റെ ഔട്ട്‌ലെറ്റിന്‍റെ മറവിലായിരുന്നു തട്ടിപ്പ്.

പ്രസ്തുത സ്ഥാപനത്തില്‍ നിന്നുള്ള ലാഭവിഹിതവും പ്രതിഫലവും നല്‍കാമെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ച്‌ അങ്കമാലിയില്‍ രണ്ട് വര്‍ഷത്തോളം നാല് ഡോക്ടര്‍മാര്‍ അടങ്ങിയ ക്ലിനിക് പരാതിക്കാരനെകൊണ്ട് പ്രവര്‍ത്തിപ്പിച്ചിരുന്നു. വിവിധ വൈറസ്, ബാക്ടീരിയ, ഫംഗസ് വഴി ഉണ്ടാകുന്ന രോഗങ്ങള്‍ മാറുമെന്ന് വിശ്വസിപ്പിച്ച്‌ സ്റ്റെറിസ്വാസ, സ്റ്റെറി ചാം എന്നീ ഉത്പന്നങ്ങള്‍ ഈ ഔട്ട്‌ലെറ്റിലൂടെ മരുന്നുകള്‍ വിറ്റഴിച്ചു. എന്നാല്‍ ക്ലിനിക്കിന്‍റെ മറവില്‍ പ്രതികള്‍ വിറ്റഴിച്ച മരുന്നുകളുടെ വില്പന തുക മുഴുവന്‍ പ്രതികള്‍ നേരിട്ട് ശേഖരിക്കുകയും പരാതിക്കാരന് യാതൊരുവിധ ലാഭവിഹിതമോ മുടക്കു മുതലോ നല്‍കാതെ വഞ്ചിക്കുകയുമായിരുന്നു.

ഈ കാലയളവില്‍ മരുന്നു നിര്‍മാണത്തിനോ, വില്പനയ്‌ക്കോ ആവശ്യമാ‌യ യാതൊരുവിധ ലൈസന്‍സുകളും ഇല്ലാതെയാണ് പ്രതികള്‍ മേല്‍പറഞ്ഞ മരുന്നുകളുടെ വില്പന നടത്തിയതെന്നും ആരോപണമുണ്ട്. ഒരുകോടി രൂപയോളം ആണ് പരാതിക്കാരന് ലഭിക്കാനുള്ളത്. പ്രതികളുടെ ബന്ധു കൂടിയായ കാലടിയില്‍ താമസിക്കുന്ന പുന്നക്കാട്ട് വീട്ടില്‍ പ്രവീണ്‍ വിജയന്‍ ആണ് പരാതിക്കാരന്‍.

ഒന്നാം പ്രതിയായ നീരജ മേനോന്‍ കേരള സംസ്‌കൃത കോളജ് താല്‍കാലിക ജീവനക്കാരിയാണ്. കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group