ശിങ്കാരിമേളങ്ങളുടെ കാലമാണിത്! എവിടെയും പെരുമ്പറകൾ മുഴങ്ങുന്നു… ഫ്ലെക്സുകൾ എങ്ങും ഉയരുന്നു… PR വർക്കുകൾ തകൃതിയായി നടക്കുന്നു. സ്വന്തം നന്മകളും നേട്ടങ്ങളും ഏവർക്കും മുന്നിൽ പെരുമ്പറ മുഴക്കാനും സ്വന്തം തിന്മകളും കുറവുകളും കൊട്ടയിട്ടു മൂടാനും വെമ്പുന്ന മനുഷ്യൻ സത്യത്തിൽ പ്രകടമാക്കുന്നത് തന്നിലെ പൊടിയവസ്ഥയാണ്, അല്പത്തമാണ്.
നോമ്പുകാലം മുന്നോട്ടുവയ്ക്കുന്നത് ഒരു വിപരീതശൈലിയാണ്. പരസ്യങ്ങള്‍ കൊതിക്കുന്ന അല്പനായ മനുഷ്യനുമുന്നില്‍ ”രഹസ്യങ്ങള്‍ അറിയുന്ന പിതാവിനെ” അവതരിപ്പിക്കുന്നു ക്ഷാരബുധനാഴ്ച ദിവ്യബലി മധ്യേ വായിക്കപ്പെടുന്ന വി. മത്തായിയുടെ സുവിശേഷത്തിലെ ആറാം അധ്യായം.
ഇവിടെ ഏറ്റവും കൂടുതൽ പ്രാവശ്യം ആവർത്തിച്ചു വരുന്ന പദവും ആശയവും ‘രഹസ്യം’ എന്നതാണ്! പരമരഹസ്യമായി ദാനധര്‍മ്മം ചെയ്യുന്നവന് ”രഹസ്യങ്ങള്‍ അറിയുന്ന പിതാവ്” പ്രതിഫലം നല്കുമത്രേ (6,4). മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി പിതാവിനോട് പ്രാര്‍ത്ഥിക്കുന്നവനും ”രഹസ്യങ്ങള്‍ അറിയുന്ന പിതാവ്” പ്രതിഫലം നല്കും (6,6). മറ്റാരും അറിയാതെ ഉപവസിക്കുന്നവന്, ”രഹസ്യങ്ങള്‍ അറിയുന്ന പിതാവ്” പ്രതിഫലം നല്കും (6,18).
അദൃശ്യനായ” പിതാവിനെ (6,18) പരാമർശിക്കുന്ന സുവിശേഷഭാഗം, സത്യത്തിൽ, പിതാവിൻ്റെ ഇരുത്തത്തിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. എല്ലാം സൃഷ്ടിച്ചു പരിപാലിക്കുന്ന ദൈവം ഒരിക്കൽ പോലും അതിൻ്റെ ക്രെഡിറ്റ് എടുക്കുന്നില്ല. അവിടന്ന് അറിയാതെ നമ്മുടെ ഒരു മുടിയിഴ പോലും താഴെ വീഴുന്നില്ലല്ലോ. പക്ഷേ, അവിടുന്ന് അദൃശ്യനായിരിക്കാൻ ഇഷ്ടപ്പെടുന്നു. അത് ശിങ്കാരിമേളത്തിലും ഫ്ലക്സിലും തല്പരനായ മനുഷ്യൻ പിന്തുടരേണ്ട മാതൃകയാണ്. ദാനധർമ്മവും പ്രാർത്ഥനയും ഉപവാസവും തുടങ്ങി സകല നന്മകളും രഹസ്യമായി പരിശീലിക്കാൻ ഏവരെയും അവിടന്ന് ഇക്കാലഘട്ടത്തിൽ ക്ഷണിക്കുന്നു. ആ പരിശീലനം പൊടിമനസ്സിൽ നിന്ന് പിതൃമനസ്സിലേക്കു വളരാൻ നമ്മെ സഹായിക്കട്ടെ!
കൃപാപൂർണവും ഫലപ്രദവുമായ ഒരു നോമ്പുകാലം ഏവർക്കും ആശംസിക്കുന്നു!
കടപ്പാട് : ഫാ. ജോഷി മയ്യാറ്റിൽ
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group