ഡിയൊഗ്നേറ്റസിനുള്ള ലേഖനത്തില്‍ നിന്നും …..

രണ്ടാം നൂറ്റാണ്ടിന്റെ അവസാന ഘട്ടത്തിൽ എഴുതപ്പെട്ട ഒരു ക്രുതിയാണ് ഡിയൊഗ്നേറ്റസിനുള്ള ലേഖനം. ക്രൈസ്തവർക്കെതിരെ അക്കാലത്ത് പ്രചരിച്ചിരുന്ന അബദ്ധ ജടിലമായ അപവാദങ്ങളുടെയും ദുരാരോപണങ്ങളുടെയും വെളിച്ചത്തിലാണു ഇത് എഴുതപ്പെട്ടത്. ഒരു ക്രൈസ്തവൻ ഈ ലോകത്തിൽ ആരാണെന്നും എന്തായിരിക്കണമെന്നും ഈ ക്രുതി വ്യക്തമാക്കുന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഈ ലേഖനം ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നും ക്രൈസ്തവര്‍ അപമാനിക്കപ്പെടുന്നു, വിമര്‍ശിക്കപ്പെടുന്നു, പീഢിപ്പിക്കപ്പെടുന്നു. അപവാദങ്ങളും ദുരാരോപണണങ്ങളും അവര്‍ക്കെതിരെ ധാരാളമായി ഉണ്ടാകുന്നു. അതുകൊണ്ടാണ് അതിന്‍റെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല എന്നു തോന്നുന്നത്. ഒപ്പം ദുഷ്പ്രചരണങ്ങള്‍ക്കും ദുരാരോപണങ്ങള്‍ക്കും ഇരയാകുമ്പോള്‍ ക്രൈസ്തവര്‍ എപ്രകാരം പ്രതികരിക്കണം എന്നും ഈ ലേഖനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.പ്രസ്തുത ലേഖനത്തില്‍ നിന്നുമുള്ള ഒരു ചെറിയ ഭാഗം ഇവിടെ വിവര്‍ത്തനം ചെയ്തു നല്‍കുന്നു.”ക്രൈസ്തവരെ ദേശീയത, ഭാഷ, ആചാരങ്ങള്‍ എന്നിവ വഴി മറ്റുള്ളവരില്‍ നിന്നും വേര്‍തിരിച്ചറിയുക സാദ്ധ്യമല്ല. അവർ അവരുടേതായ പ്രത്യേക നഗരങ്ങളില്ല ജീവിക്കുന്നത്, ആര്‍ക്കും പരിചിതമല്ലാത്ത വിചിത്രമായ പ്രത്യേക ഭാഷ അവര്‍ സംസാരിക്കുന്നില്ല, വിചിത്രമായ ജീവിതരീതികള്‍ പിന്തുടരുന്നുമില്ല. അവര്‍ വിശ്വസിച്ച് പഠിപ്പിക്കുന്നത് കേവലം മാനുഷിക ജിജ്ഞാസയിൽ നിന്നു വരുന്ന മിഥ്യാചിന്തകളല്ല. മറ്റു പലരെയും പോലെ കേവലം മാനുഷികമായ സിദ്ധാന്തങ്ങളല്ല അവര്‍ സ്വീകരിച്ചിരിക്കുന്നത്. വസ്ത്രധാരണം, ഭക്ഷണം, ജീവിതരീതി എന്നിവയെ സംബന്ധിച്ചിടത്തോളം അവർ ജീവിക്കുന്ന ഏത് നഗരത്തിലെയും ആചാരങ്ങൾ, ഗ്രീക്ക് ആയാലും വൈദേശികമായാലും, അവർ അതുപോലെ പിന്തുടരുന്നു.
എന്നിരുന്നാലും അവരുടെ ജീവിതത്തിൽ അസാധാരണമായ ചിലതുണ്ട്. അവർ സ്വന്തം രാജ്യങ്ങളിൽ ജീവിക്കുന്നു, എന്നാല്‍ അതും കടന്നു പോകുമെന്ന് അവര്‍ അറിയുന്നു. സ്വന്ത രാജ്യത്തിലെ പൗരന്മാരുടേതായ മുഴുവന്‍ കടമകളും അവര്‍ നിര്‍വഹിക്കുന്നു. എന്നാല്‍, അന്യരാജ്യക്കാരെ പോലെ അവര്‍ പല തരത്തിലുള്ള വിവേചനങ്ങള്‍ക്ക് ഇരയാകുന്നു. ഏത് വിദേശ രാജ്യവും അവര്‍ക്ക് മാതൃരാജ്യമാകും, പക്ഷേ എല്ലാ മാത്രുരാജ്യവും അവർക്ക് അന്യരാജ്യം പോലെയാകുന്നു.
അവർ ജഡത്തിൽ ജീവിക്കുന്നു എന്നത് സത്യം, പക്ഷേ ജഡത്തിന്റെ മോഹങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്നില്ല. അവർ ഈ ഭൂമിയിൽ ക്രിയോന്മുഖരാണ്, എന്നാല്‍ അവരുടെ യഥാര്‍ത്ഥ പൌരത്വം സ്വര്‍ഗ്ഗത്തിലാണ്. നിര്‍ദ്ദിഷ്ടമായ രാജ്യനിയമങ്ങള്‍ അവര്‍ അനുസരിക്കുന്നു. എന്നാലും നിയമം അനുശാസിക്കുന്നതിലും അധികം നന്മ അവര്‍ ചെയ്യുന്നു. അവര്‍ എല്ലാവരെയും സ്നേഹിക്കുന്നു, എന്നാൽ എല്ലാവരാലും പീഢിപ്പിക്കപ്പെടുന്നു….. അവര്‍ നിന്ദിക്കപ്പെടുന്നു …… കുറ്റാരോപിതരാകുന്നു…….. വിധിക്കപ്പടുന്നു …… എങ്കിലും അവര്‍ എല്ലാവരെയും അനുഗ്രഹിക്കുന്നു.
ചുരുക്കി പറഞ്ഞാൽ, ആത്മാവ് ശരീരത്തില്‍ എങ്ങിനെയോ, അതു പോലെയാണ് ക്രൈസ്തവര്‍ ലോകത്തില്‍. ആത്മാവ് ശരീരം മുഴുവനിലും വ്യാപിച്ചിരിക്കുന്നതുപോലെ ക്രൈസ്തവര്‍ ലോകത്തിലെ എല്ലാ നഗരങ്ങളിലും ജീവിക്കുന്നു. ആത്മാവ് ശരീരത്തില്‍ ജീവിക്കുന്നു, എങ്കിലും അത് ശരീരത്തിന്‍റേതല്ല. അതുപോലെ തന്നെ, ക്രൈസ്തവര്‍ ലോകത്തില്‍ ജീവിക്കുന്നുവെങ്കിലും അവര്‍ ലോകത്തിന്‍റേതല്ല. ശരീരം ആത്മാവിനെ വെറുക്കുന്നു. അത് ആത്മാവ് ശരീരത്തിനെതിരായി എന്തെങ്കിലും തിന്മ പ്രവര്‍ത്തിച്ചതു കൊണ്ടല്ല, മറിച്ച് അതിന്‍റെ സുഖേച്ഛകള്‍ക്ക് തടസ്സം നില്‍ക്കുന്നതുകൊണ്ടാണ്. അതുപോലെ, ലോകം ക്രൈസ്തവരെ വെറുക്കുന്നത് അവര്‍ എന്തെങ്കിലും ദ്രോഹം ചെയ്തതു കൊണ്ടല്ല, മറിച്ച് അതിന്‍റെ ദുര്‍വാസനകള്‍ക്കും ദുഷ്പ്രവര്‍ത്തികള്‍ക്കും കൂട്ടുനില്‍ക്കാത്തതുകൊണ്ടാണ്.ശരീരത്തോട് വെറുപ്പുണ്ടെങ്കിലും ആത്മാവ് ശരീരത്തെയും അതിന്റെ എല്ലാ അവയവങ്ങളെയും സ്നേഹിക്കുന്നതുപോലെ ക്രൈസ്തവര്‍ തങ്ങളെ വെറുക്കുന്നവരെ സ്നേഹിക്കുന്നു. ഭക്ഷണപാനീയങ്ങളുടെ അഭാവത്തിൽ ആത്മാവ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതുപോലെ കൊടിയ പീഡനങ്ങളില്‍ ക്രൈസ്തവര്‍ കൂടുതല്‍ കൂടുതല്‍ അഭിവൃദ്ധി പ്രാപിക്കുന്നു. ക്രൈസ്തവന്‍റെ ദൈവനിശ്ചിതമായ ചുമതലയാണിത്. ഇതില്‍ നിന്നും ഒഴിഞ്ഞു മാറുക അവനു സാദ്ധ്യമല്ല.
ഫാ. ജെയിംസ് കുരികിലാംകാട്ട് എം എസ് റ്റി
തോമസയിന്‍ റിസര്‍ച്ച് സെന്‍റര്‍, തുമ്പൂര്‍.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group