ബാങ്കിംഗ് മേഖലയിൽ നിന്ന് നസ്രായന്റെ ബലിപീഠത്തിലേക്ക്

കോഴിക്കോട്: ദൈവം തിരഞ്ഞെടുത്താൽ, കഷ്ടപ്പെട്ട് നേടിയ വിദ്യാഭ്യാസ യോഗ്യതകളും അതിലൂടെ നേടിയ ഉന്നത ഉദ്യോഗവും അത് മുന്നോട്ടുവെക്കുന്ന ഭാവിസാധ്യതയുമെല്ലാം ഉപേക്ഷിക്കാൻ ഒരു മടിയുമുണ്ടാവില്ല. സാധാരണമല്ലെങ്കിലും അത്ഭുതപ്പെടുത്തുന്ന അത്തരം ദൈവവിളികൾക്ക് സാക്ഷ്യം വഹിക്കുന്നുണ്ട് ലോകം. വലിയ ശമ്പളമുള്ള ബാങ്കിംഗ് മേഖലയിലെ ജോലി ഉപേക്ഷിച്ച്, ആ നിരയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു ഫാ. ജോ ആന്റണി വളയത്ത് എന്ന കോഴിക്കോട് സ്വദേശി.എം.ബി.എ ബിരുദധാരിയും സിങ്കപ്പൂരിലെ ബഹുരാഷ്ട്ര ബാങ്കിൽ ഉദ്യോഗസ്ഥനുമായിരുന്ന ഇദ്ദേഹം ‘ഓർഡർ ഓഫ് പ്രീച്ചേഴ്‌സ്’ (ഡൊമിനിക്കൻ ഓർഡർ) സന്യാസസഭയ്ക്കുവേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്. പട്ടാളത്തിൽ ഹവീൽദാറായിരുന്ന ചക്കിട്ടപാറ വളയത്ത് പരേതനായ വി.സി ആന്റണിയുടെയും ലീലാമ്മയുടെയും മകനാണ് ഫാ. ജോ ആന്റണി ഒ.പി. താമരശേരി ബിഷപ്പ് മാർ റെമജിയൂസ് ഇഞ്ചനാനിയിലിന്റെ കൈവെപ്പ് ശുശ്രൂഷയിലൂടെ ഇന്ന് (ജൂൺ 21) വൈദിക ശുശ്രൂഷയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ ചക്കിട്ടപാറ സെന്റ് ആന്റണീസ് ഇടവകയിൽനിന്നുള്ള 21മത്തെ വൈദികനുമായി ഇദ്ദേഹം.
ആത്മീയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകിയിരുന്ന കുടുംബപശ്ചാത്തലം കുട്ടിക്കാലം മുതൽ ജോയെ ദൈവവുമായി അടുപ്പിച്ചെങ്കിലും വൈദികൻ ആകണമെന്ന ചിന്ത കുട്ടിക്കാലത്ത് ഒരിക്കൽപ്പോലും ഉണ്ടായിട്ടില്ല. വൊക്കേഷൻ ക്യാപിൽ പങ്കെടുത്തശേഷം, വൈദികനാകാൻ ആഗ്രഹിക്കുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടി പറഞ്ഞ ചരിത്രവുമുണ്ട്. പക്ഷേ, ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു, അത് വെളിപ്പെടാൻ കാത്തിരിക്കേണ്ടി വന്നു എന്ന് സൺഡേ ശാലോമിനോട് പറയുന്നു നവാഭിഷിക്തൻ.
ബംഗളൂരുവിലായിരുന്നു ഹോട്ടൽ മാനേജ്‌മെന്റിൽ ബിരുദ പഠനം. തുടർന്ന് പാരീസിൽനിന്ന് എം.ബി.എ ബിരുദം നേടി. ബാംഗ്ലൂരിലെ രണ്ട് ബാങ്കുകളിലായി ഏതാണ്ട് ആറ് വർഷം ജോലി ചെയ്തശേഷം, 2011 ലാണ് സിങ്കപ്പൂരിൽനിന്ന് വലിയൊരു അവസരം ലഭിക്കുന്നത്. കുട്ടിക്കാലം മുതൽ പ്രാർത്ഥനയും ദിവ്യബലി പങ്കാളിത്തമെല്ലാം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റിയ ജോയ്ക്ക് ആത്മീയ വളർച്ചയ്ക്ക് വലിയ കരുത്തു പകർന്ന നാളുകളായിരുന്നു അത്. പക്ഷേ, വൈദികനാകണമെന്ന ആഗ്രഹമോ ചിന്തയോ അപ്പോഴും ഉണ്ടായിരുന്നില്ല.
‘എന്നെക്കുറിച്ച് ദൈവം എന്ത് ആഗ്രഹിക്കുന്നു എന്ന ചിന്ത ശക്തമായത് ആ ദിനങ്ങളിലാണ്. അതിനുവേണ്ടിയുള്ള അന്വേഷണവും അതോടെ ശക്തമായി. പ്രാർത്ഥനയിലൂടെ അടയാളങ്ങളായും വെളിപ്പെടുത്തലുകളായും ദൈവഹിതം എന്നിൽ വെളിപ്പെട്ടു കിട്ടുകയായിരുന്നു 2012ൽ,’ അദ്ദേഹം പറഞ്ഞു. മകന്റെ വിവാഹത്തിനായി ഒരുക്കം തുടങ്ങിയ മാതാപിതാക്കൾക്ക് വിശിഷ്യാ, പിതാവിന് ഇത് ഉൾക്കൊള്ളാൻ ദിവസങ്ങൾ വേണ്ടിവന്നു. ദൈവഹിതം അതുതന്നെയാണെന്ന് ബോധ്യപ്പെട്ട മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും അനുവാദത്തോടെ 2013ൽ സെമിനാരിയിലേക്ക്.
അപ്പോഴാണ്, അത്രനാൾ രഹസ്യമായിരുന്ന ഒരു പ്രാർത്ഥനാ നിയോഗം അമ്മതന്നെ വെളിപ്പെടുത്തിയത്. തന്റെ രണ്ട് ആൺമക്കളിൽ ഒരാൾ വൈദികനാകാൻ വേണ്ടിയുള്ള പ്രാർത്ഥനയിലായിരുന്നു വർഷങ്ങളായി അമ്മ. ദൈവം തന്റെ പ്രാർത്ഥന കേൾക്കുമെന്ന സ്ഥിരീകരണവും അമ്മയ്ക്ക് ലഭിച്ചിരുന്നുവത്രേ! ജോലി രാജിവെക്കുന്നുവെന്ന വിവരം അറിഞ്ഞ മേലുദ്ദ്യോഗസ്ഥൻ ആദ്യം ഒന്ന് അമ്പരന്നു, ശമ്പള വർദ്ധനവ് പ്രഖ്യാപിച്ച അന്നുതന്നെയായിരുന്നു തന്റെ രാജി വിവരം കമ്പനിയെ ജോ അറിയിച്ചത്.
ശമ്പള വർദ്ധനവിൽ പ്രശ്‌നമുണ്ടെങ്കിൽ മാറ്റം വരുത്താം, രാജി വെക്കരുത് എന്ന അനുരജ്ഞനശ്രമവുമായി കമ്പനി അധികാരികൾ എത്തിയപ്പോഴാണ് തന്റെ ദൈവവിളി ജോ സഹപ്രവർത്തകരോട് പരസ്യമാക്കിയത്. നിരീശ്വരവാദികളും ഇതര മത വിശ്വാസികളും ഉൾപ്പെടെയുള്ള സഹപ്രവർത്തകരെ എങ്ങനെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാകുമെന്ന് സംശയിച്ചിരുന്നെങ്കിലും പക്ഷേ, ജോയെ അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് അവരിൽനിന്നുണ്ടായത്.
ക്രിസ്തീയ വിശ്വാസത്തെ കുറിച്ചും സമർപ്പണ ജീവിതത്തെക്കുറിച്ചുമെല്ലാം അവർക്ക് വിശദീകരിച്ചു കൊടുക്കാനുള്ള അവസരവുമായി അത്. അവരുടെ പ്രാർത്ഥനാശംസകളോടെയാണ് സെമിനാരി പ്രവേശനത്തിനായി ജോ ഇന്ത്യയിലേക്ക് മടങ്ങിയതെന്നതും ശ്രദ്ധേയം. ഡൊമിനിക്കൻ സഭയ്ക്ക് കീഴിലെ ഗോവ ഗ്യാനധാരാ സെമിനാരി, നാഗ്പൂർ സെന്റ് ചാൾസ് സെമിനാരി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി 2020 ജനുവരിയിലാണ് ഡീക്കൻ പട്ടം നേടിയത്.
‘ജോലിയോ അത് നൽകുമായിരുന്ന സാമ്പത്തിക സുരക്ഷിതത്വമോ ഉപേക്ഷിച്ചത് വലിയ കാര്യമായി കാണുന്നല്ല. എന്റെ സമർപ്പണത്തേക്കാൾ ഞാൻ വിലമതിക്കുന്നത് എന്റെ കുടുംബം നടത്തിയ സമർപ്പണമാണ്. എന്റെ ജോലിയിലൂടെയും മറ്റും ലഭിക്കാമായിരുന്ന ഭൗതികനേട്ടങ്ങൾ അവർക്കൂകൂടി അർഹതപ്പെട്ടതായിരുന്നല്ലോ. ഈശോയെപ്രതി അതെല്ലാം ഉപേക്ഷിക്കാൻ അവർ കാണിച്ച ധൈര്യവും മാതൃകയും എന്റെ ദൈവവിളി യാത്രയിൽ നിർണാകമാണ്. എന്നെക്കുറിച്ചുള്ള ദൈവഹിതം പൂർത്തിയാകാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണം.’
കടപ്പാട് ; സൺ‌ഡേ ശാലോം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group